യുഡിഎഫ് കേന്ദ്രങ്ങള്‍ ഇടതുമണ്ഡലങ്ങളാകുന്നു; തൃക്കാക്കര പോലെയുള്ളത് മാത്രം കോണ്‍ഗ്രസില്‍ അവശേഷിക്കും
വസ്തുതകൾ ചർച്ച ചെയ്യാതെ കേട്ടുകേൾവികളെയും കേവല വൈകാരികതയേയും സെൻസേഷണലൈസ് ചെയ്യുക എന്നതാണ് മൂലധനനിക്ഷേപത്തിലൂടെ വലിയ ലാഭം പ്രതീക്ഷിക്കുന്ന മാദ്ധ്യമസ്ഥാപനങ്ങളുടെ പ്രവർത്തനരീതി. അതിനായി അവർ നായകന്റെയും പ്രതിനായകന്റെയും വസ്ത്രധാരണ രീതി മുതൽ പഴയ കാമുകിമാരുടെ വർത്തമാന കാല ദിവാസ്വപ്നനങ്ങൾ വരെ നിരത്തും.
മലയാളത്തിലാണെങ്കിൽ ഭാഷയിലെ വ്യാകരണം, വാക്കുകളുടെ പ്രയോഗം എന്നിവയുടെ പ്രാഥമികധാരണ പോലും പല മാദ്ധ്യമപ്രവർത്തകർക്കും ഇല്ല. വാർത്തകളുടെ ശീർഷകങ്ങൾ മുതൽ ചിത്രങ്ങളുടെ അടിക്കുറിപ്പുകൾ വരെ ആ വഴുവഴുപ്പൻ ഭാഷ ഒലിച്ചിറങ്ങുന്നു.
അത്തരത്തിൽ ഒന്നാണ് തൃക്കാക്കരയിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഉമയുടെ കാര്യത്തിൽ കണ്ടത്. ഉമയെ സ്ഥാനാർത്ഥിയാക്കിയത് തന്നെ രണ്ടേ രണ്ട് കാര്യങ്ങൾ കണ്ടാണ്. ഭർത്താവ് മരിച്ചതിന്റെ സഹതാപം ഉറപ്പായും സംഭവിക്കും. മറ്റൊന്ന്, നിലവിലുള്ള എം എൽ എ ചത്തിട്ടായാലും തനിക്ക് മത്സരിക്കാൻ അവസരം കിട്ടണം എന്ന് ആഗ്രഹിച്ച് നടക്കുന്ന നേതാക്കന്മാരുടെ ശല്യം ഉമ എന്ന സ്ഥാനാർത്ഥിയിലൂടെ ഒഴിവാക്കാം. ഇത് രണ്ടും നടന്നു. ഒരു കാര്യം ഉറപ്പിച്ചു പറയാം, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഇത്രയും ഭൂരിപക്ഷം ലഭിക്കില്ല.
സഹതാപം വിറ്റ് വോട്ടാക്കിയ ഒരു പാർട്ടി കോൺഗ്രസ് പോലെ വേറെയൊന്നില്ല. അതിനുവേണ്ട വൈകാരികമൂലധനശേഷിയുള്ള നേതാക്കന്മാർ ആ പാർട്ടിക്ക് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യയിൽ, വിശേഷിച്ച് കോൺഗ്രസിന് അത്തരം നേതാക്കൾ ഇല്ലാതായി. കേരളത്തിലാണെങ്കിൽ അത് ദുർബലവുമായി. തൃക്കാക്കര ആ പരമ്പരയുടെ അവസാനത്തെ കണ്ണിയാകണം.
അതുകൊണ്ടുതന്നെ ഉമ ഒരു രാഷ്ട്രീയ സ്ഥാനാർത്ഥിയായിരുന്നില്ല, വൈകാരികസ്ഥാനാർത്ഥിയായിരുന്നു. അയ്യോ, പാവം എന്ന തോന്നൽ പെട്ടെന്ന് വോട്ടാക്കാൻ പറ്റുന്ന സ്ഥാനാർത്ഥി. അവരത് സമർത്ഥമായി നിർവഹിച്ചു.ഇടതുപക്ഷ സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ രാഷ്ട്രീയ പശ്ചാത്തലം എനിക്ക് അറിയില്ല. അദ്ദേഹം ലിസി ആശുപത്രിയിലെ മികച്ച ഹൃദ്രോഗചികിത്സാ വിദഗ്ദ്ധനാണ് എന്ന് മനസ്സിലായിട്ടുണ്ട്. ജോ പാർട്ടി അംഗമാണ് എന്ന് കേൾക്കുന്നു.
ഒപ്പം അദ്ദേഹം ക്രൈസ്തവ സ്വത്വരാഷ്ട്രീയത്തെ പിന്തുണക്കുന്നു എന്ന രീതിയിൽ ചില കുറിപ്പുകൾ കണ്ടു. ഫാദർ കാപ്പൻ മുതൽ ഡോ. പൗലോസ് മാർ പൗലോസ് വരെയുള്ളവർ ഉയർത്തിപ്പിടിച്ച ലിബറൽ തിയോളജി എന്ന ആത്മീയാഖ്യാനമാണെങ്കിൽ അതിൽ തെറ്റൊന്നുമില്ല. അത് ശ്ലാഘനീയവുമാണ്. പക്ഷേ, പ്രത്യക്ഷത്തിൽ കണ്ടത് കെന്നെഡി കരിമ്പിൻകാലയിൽ എന്ന ഫ്രാങ്കോ-രൂപത-യാഥാസ്ഥിതിക വക്താവ് ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതാണ്. ഉള്ള സ്ഥാനാർത്ഥികളിൽ അവരുടെ രാഷ്ട്രീയ-സാമൂഹ്യനിലപാടുകൾക്ക് അനുഗുണമാകുന്ന സ്ഥാനാർത്ഥിക്കായിരിക്കുമല്ലൊ അവർ പിന്തുണ പ്രഖ്യാപിക്കുക. ഇത് ചില സംശയങ്ങൾ ഉയർത്തുന്നു.
ഇടതുപക്ഷ സ്ഥാനാർത്ഥി ഇടതുപക്ഷബോധം ജനിപ്പിക്കാൻ സഹായിച്ചുവോ എന്നെങ്കിലും മുന്നണി നേതൃത്വം പരിശോധിക്കേണ്ടതുണ്ട്. മറ്റു സ്ഥാനാർത്ഥികൾ കെട്ടിവെച്ച കാശുപോലും പോയവരാണ് എന്നതിനാൽ പരാമർശയോഗ്യരല്ല. ഇങ്ങനെ ഒരു അവസ്ഥയിൽ എനിക്ക് തൃക്കാക്കരയിൽ വോട്ട് ചെയ്യാൻ അവസരം ഉണ്ടെങ്കിൽ ആർക്കാകും വോട്ട് ചെയ്യുക എന്ന ഒരു സാങ്കൽപ്പിക ചോദ്യം നിങ്ങൾ ചോദിക്കുന്നു എന്നുവെക്കുക. എന്തായിരിക്കും എന്റെ ഉത്തരം എന്നതിന് ഒരുനിമിഷം എനിക്ക് ആലോചിക്കേണ്ടതില്ല. ജോ ജോസഫ്. അതല്ലാതെ മറ്റൊരു ഓപ്ഷൻ എനിക്ക് ഇല്ല.
ഇടതുപക്ഷത്തിന് തൃക്കാക്കരയിൽ കൂടുതൽ മികച്ച സ്ഥാനാർത്ഥിയെ ലഭിക്കുമായിരുന്നു, അതും പാർട്ടി അംഗങ്ങളിൽ നിന്നുതന്നെ. എന്നാൽ ജോയുടെ സ്ഥാനാർത്ഥിത്വം കൊണ്ടാണ് തോറ്റത് എന്ന അഭിപ്രായം എനിക്കില്ല. തോൽവി സ്വാഭാവികമാണ്. എന്നാൽ ഇടതുപക്ഷത്തിന്റെ തോൽവിയുടെ ആഴം മാന്തി വലുതാക്കുകയും കോൺഗ്രസിന്റെ വിജയത്തെ ഊതിയൂതി ആകാശത്തോളമെത്തിക്കുകയും ചെയ്യുന്ന മാദ്ധ്യമവേല ജുഗുപ്ത്സാവഹമാണ്. തൃക്കാക്കര എപ്പോഴും ഇടതുപക്ഷം വിജയിക്കുന്ന മണ്ഡലമല്ല. ഇടതുപക്ഷം വല്ലപ്പോഴും ജയിക്കുന്ന മണ്ഡലവും അല്ല.
അവിടെ ഇടതുപക്ഷവും കോൺഗ്രസും ഒപ്പം എത്തുന്ന അവസ്ഥയുണ്ടായിട്ടില്ല. ഇടതുതരംഗം ആഞ്ഞുവീശിയപ്പോഴും അത് കോൺഗ്രസിന്റെ കൂടെയാണ് നിന്നത്. വലിയ മാർജിനിൽ എപ്പോഴും കോൺഗ്രസ് ജയിക്കുന്ന മണ്ഡലം. അവിടത്തെ എം എൽ എ അന്തരിച്ച സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പ് വരുന്നു. അന്തരിച്ച നേതാവിന്റെ ഭാര്യ സ്ഥാനാർത്ഥിയായി വരുന്നു. സ്ഥാനാർത്ഥി മോഹം പരസ്യമാക്കിയ ഡൊമിനിക് പ്രസന്റേഷനെയൊക്കെ ഒരുവിധം ഒതുക്കുന്നു.(ആ ഒതുക്കൽ ഒതുങ്ങിയിരുന്നില്ലെന്ന് ഇപ്പോൾ വാർത്ത വരുന്നു.)
വൈകാരികസ്ഥാനാർത്ഥി എന്ന നിലയിൽ മറ്റെല്ലാവരും നിശബ്ദരാകുന്നു. ഉറപ്പായും ഉമ ജയിക്കും. ജയിക്കും എന്ന് ഉറപ്പുള്ള യുദ്ധത്തിന് പിന്നണികളാകാൻ യുവനേതാക്കളും എത്തുന്നു. സഹതാപം പരത്താൻ മാദ്ധ്യമങ്ങളും സഹായിക്കുന്നു. സാമൂഹ്യമാദ്ധ്യമങ്ങളിൽ ഇടതുപക്ഷ സ്ഥാനാർത്ഥിക്കെതിരായി വ്യക്തിവേധ വീഡിയോ പ്രചരിപ്പിക്കുന്നു.
ഇതിനിടയിൽ തിരഞ്ഞെടുപ്പ് നടക്കുന്നു. വെറും ഒരു ദില്ലിമോഹിയായ കെ വി തോമസ് കോൺഗ്രസ് വിട്ട് ഇടതുപക്ഷ വേദികളിൽ പ്രത്യക്ഷപ്പെട്ടെങ്കിലും അദ്ദേഹം ഏതെങ്കിലും വോട്ടർക്ക് പ്രചോദനമായോ എന്ന് അറിയാൻ ഒരു വഴിയും ഇല്ല. വിഷം കലക്കിയൊഴിച്ച് ആറാടിയ പി സി ജോർജ്ജ് ബി ജെ പിയുടെ വോട്ട് ഗണ്യമായ തോതിൽ കുറച്ച് കെട്ടിവെച്ച പൈസ സർക്കാരിന് സംഭാവനയാക്കാൻ സഹായിച്ചു. ചുരുക്കത്തിൽ തൃക്കാക്കരയിൽ നിർണായകമായ ക്രൈസ്തവ വോട്ട് കൃത്യമായി കോൺഗ്രസിന് ലഭിച്ചു.
കുറച്ച് ഇടതുപക്ഷത്തിനും. പി സി ജോർജ്ജ് നടത്തിയ വർഗീയത്തുള്ളൽ ക്രിസ്ത്യൻ സമൂഹം തള്ളിക്കളഞ്ഞു എന്നത് അഖിലേന്ത്യാ തലത്തിൽ ബി ജെ പിയെ നിരാശരാക്കും. കേരളബിജെപി നിരാശരാകില്ല. എന്തുകൊണ്ടെന്നാൽ വലിയ മുന്നേറ്റം ഉണ്ടാകും എന്ന ക്യാരറ്റ് കെട്ടിത്തൂക്കിയാണ് കഴുത എന്ന ദേശീയ സമിതിയെ സുരേന്ദ്രനും പരിവാരവും മുന്നോട്ട് നയിക്കുന്നത്. ക്യാരറ്റ് ഇപ്പോ കിട്ടുമെന്ന് ഷാമോഡിയും ഒരിക്കലും കിട്ടില്ലെന്ന് സുരേന്ദ്രനും.
ചുരുക്കത്തിൽ കോൺഗ്രസിന് അതിഭീമ സ്വാധീനമുള്ള ഒരു മണ്ഡലത്തിൽ സഹതാപത്തിന്റെ തള്ളലോടെ മത്സരിച്ച ഒരു സ്ഥാനാർത്ഥി വിജയിക്കുകയേ ഉള്ളൂ, ഇടതുപക്ഷ സ്ഥാനാർത്ഥി ഇതിനേക്കാൾ മികച്ചയാൾ ആയിരുന്നെങ്കിൽ പോലും. കോൺഗ്രസിന്റെ വോട്ട് വലിയ തോതിൽ വർദ്ധിച്ചു. ഒപ്പം സി പി എമ്മിന്റെ വോട്ടും കുറഞ്ഞ തോതിലാണെങ്കിലും വർദ്ധിച്ചിട്ടുണ്ട്. കുറഞ്ഞുപോയത് ബിജെപി അടക്കമുള്ളവരുടേതാണ്. ഈ സാഹചര്യത്തിൽ കോൺഗ്രസ് വിജയം അസ്വാഭാവികമല്ല. അപ്രതീക്ഷിതല്ല. വിസ്മയകരവും അല്ല. തികച്ചും സ്വാഭാവികം.
അത് ഇടതുപക്ഷ ഭരണത്തിന്റെ വിലയിരുത്തലേ ആകുന്നില്ല. (കോടിയേരി ബാലകൃഷ്ണൻ എന്ത് പറഞ്ഞാലും) കെ റെയിൽ അടക്കമുള്ള പദ്ധതികളുടെ മേലുള്ള വിധിയെഴുത്തും അല്ല. (കെ റെയിൽ വേണോ, വേണ്ടേ എന്നുള്ളത് ഭരണനേതൃത്വത്തോടൊപ്പം ഇരുന്ന് പരിസ്ഥിതി, സാമൂഹ്യ, സാമ്പത്തിക, സാങ്കേതിക വിദഗ്ദ്ധർ തീരുമാനിക്കട്ടെ.)എന്റെ പാരമ്പര്യ നിയമസഭാ മണ്ഡലം ഗുരുവായൂർ ആണ്. ഒരു കാലത്ത് വൻഭൂരിപക്ഷത്തിന് ലീഗ് സ്ഥാനാർത്ഥി മാത്രം ജയിക്കുന്ന സ്ഥലം. രാഷ്ട്രീയമായ മാറ്റം നടന്ന മണ്ഡലങ്ങളിൽ ഒന്നാണത്.
ഇത്തവണ ഇടതുപക്ഷ സ്ഥാനാർത്ഥി എൻ കെ അക്ബർ ജയിച്ചത് എതാണ്ട് കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്, കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം നോക്കൂ. ഒരുകാലത്ത് യു ഡി എഫ് കേന്ദ്രങ്ങളായിരുന്നവ ക്രമാനുഗതമായി ഇടതുപക്ഷ മണ്ഡലങ്ങളായി മാറുന്നതോ, ഇടതുപക്ഷ സ്വാധീനത്തിൽ വരുന്നതോ നമുക്ക് കാണാൻ സാധിക്കും. അതേപോലെ ഇടതുപക്ഷ മണ്ഡലങ്ങൾ കോൺഗ്രസ് ചേരിയിലേക്ക് പൊതുവെ മാറുന്നില്ല.
തൃക്കാക്കര എന്ന യൂണിറ്റ് എടുത്തുകൊണ്ട് കേരളത്തെ മുഴുവൻ അളക്കുന്നതും അടുത്ത തിരഞ്ഞെടുപ്പിൽ യു ഡി എഫ് തൂത്തുവാരും എന്നൊക്കെ വിളിച്ചുപറയുന്നതും വിഡ്ഢിത്തമാണ്. ഒന്നുമില്ലെങ്കിൽ കോൺഗ്രസുകാർ തന്നെ അവർക്കെതിരായി ഉയർന്നുവരും. യു ഡി എഫിന് നേരിയ സാദ്ധ്യതയുള്ള മണ്ഡലങ്ങളെ വ്യക്തമായി ഇടതുപക്ഷ അക്കൗണ്ടിലേക്ക് ചേർക്കാൻ പര്യാപ്തമായ അധികാര തർക്കങ്ങൾ കോൺഗ്രസിൽ കൂടുതൽ ശക്തിപ്പെടും.
ഒപ്പം ഇടതുപക്ഷ സർക്കാർ അതിന്റെ പാളിച്ചകൾ കൂടി മനസ്സിലാക്കി തിരുത്തിയാൽ തൃക്കാക്കര പോലെ ചിലതുമാത്രം കുറച്ചുകാലത്തേക്ക് കോൺഗ്രസിൽ അവശേഷിക്കും.
ഫേസ്ബുക്കില്‍ കുറിച്ചത്
യുഡിഎഫ് കേന്ദ്രങ്ങള്‍ ഇടതുമണ്ഡലങ്ങളാകുന്നു; തൃക്കാക്കര പോലെയുള്ളത് മാത്രം കോണ്‍ഗ്രസില്‍ അവശേഷിക്കും
- Design