സാങ്കേതിക മികവില്‍ കേരള പോലീസ് മുന്നില്‍: മുഖ്യമന്ത്രി
സാങ്കേതിക മികവിലും ആശയവിനിമയ രംഗത്തും കേരള പോലീസ് ഏറെ മുന്നിലെത്തിക്കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തൃശൂര്‍ രാമവര്‍മ്മപുരം കേരള പോലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ ആംഡ് പോലീസ് ഒന്ന്, രണ്ട് ബറ്റാലിയനുകളില്‍ നിന്നും കേരള പോലീസ് അക്കാദമിയില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 766 റിക്രൂട്ട് പോലീസ്, സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരള പോലീസ് ആശയവിനിമയത്തിനായി രൂപപ്പെടുത്തിയ ഫെയ്സ് ബുക്ക് പേജില്‍ ഇതിനകം 840000 ലൈക്കുകള്‍ ലഭിച്ചു കഴിഞ്ഞു. തൊട്ടു പിന്നില്‍ ന്യൂയോര്‍ക്ക് പോലീസാണ്. 57000 ലൈക്കുകള്‍ കൂടുതലാണ് കേരള പോലീസിന് ലഭിച്ചിട്ടുളളത്. ആ നിലയില്‍ കേരള പോലീസ് മുന്നിലെത്തിക്കഴിഞ്ഞു. ജനങ്ങള്‍ക്ക് കേരള പോലീസില്‍ നിന്ന് നല്ല പരിഗണന ലഭിയ്ക്കുന്നുവെന്നതിന് തെളിവാണിത്. അതു പോലെ തന്നെ സാധാരണ ജനങ്ങള്‍ക്ക് പോലീസിന്റെ സേവനം കൂടുതലായി ഉപകരിക്കാന്‍ വേണ്ടി ‘രക്ഷ’ എന്ന പേരില്‍ മൊബൈല്‍ ആപ്പും സജ്ജമാക്കിയിട്ടുണ്ട്. ഇതിലൂടെ ജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കാനും അവരുടെ പ്രശ്നങ്ങള്‍ ഉള്‍ക്കൊണ്ട് നടപടി എടുക്കാനും കഴിയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മൊബൈലിലൂടെയും ഇ-മെയിലൂടെയും സേനയ്ക്ക് ബന്ധപ്പെട്ടവരെ കാര്യകാരണങ്ങള്‍ ധരിപ്പിക്കാനാവുന്നുണ്ട്. സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും ഇതിന്റെ സൗകര്യം ലഭിക്കുന്നുണ്ട്. രണ്ടു വര്‍ഷമായി വിവരസാങ്കേതികവിദ്യ കൂടുതല്‍ നവീകരിച്ചതിന്റെ ഫലമായി കണ്ട്രോള് റൂമുകളുടെ പ്രവര്‍ത്തനവും നവീകരിച്ചിട്ടുണ്ട്. കുറ്റകൃത്യങ്ങളില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിയിട്ടുണ്ട്. ഇത് കണ്ടെത്താന്‍ വിദഗ്ധരായവര്‍ സേനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോള്‍ പോലീസുകാരെ പഠിപ്പിക്കുന്ന സിലബസ് മെച്ചപ്പെട്ടതാണെങ്കിലും കൂടുതല്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കും. പോലീസ് സേനയില്‍ അടിസ്ഥാന യോഗ്യതയുളളവര്‍ മാത്രമല്ല ചേരുന്നത്. മികച്ച വിദ്യാഭ്യാസ യോഗ്യതയുളളവരും ചേരുന്നുണ്ട്. കൂടാതെ യുവതിയുവാക്കള്‍ ധാരാളമായി പോലീസ് സേനയില്‍ സേവനത്തിനായി എത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജനാധ്യപത്യ സംവിധാനത്തിന് അനുഗുണമായി പോലീസിന് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നത് വിദ്യാഭ്യാസത്തിനു പ്രധാന്യമുളളതും കൊണ്ടാണ്. പോലീസിന് സംസ്ക്കാര സമ്പന്നമായി അതുകൊണ്ട് പെരുമാറാന്‍ കഴിയുന്നുണ്ട്. ഈ രീതി കാലാനുസൃതമായി മാറ്റം പോലീസ് സേനയിലുണ്ടായിട്ടുണ്ട്. കൃത്യമായി സമൂഹത്തിലെ പ്രശ്നം നേരിടാനുളള പരിശീലനവും ഇവര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
പോലീസ് സേനയില്‍ വാഹനപരിശീലനം നേടിയവര്‍ക്ക് ഏതു ദുര്ഘാടനവസ്ഥയിലും ജോലി ചെയ്യാനുളള അര്‍പ്പണ മനോഭാവം വേണം. ട്രാഫിക് നിയമം ഇവര്‍ക്കും ബാധകമാണ്. അതു കൊണ്ട് നിയമം തെറ്റിക്കാതെ മറ്റുളള ഡ്രൈവര്‍മാര്‍ക്ക് മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ അജിത ജയരാജന്, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, കെ ഇ പി എ ഡയറക്ടര്‍ ഡോ. ബി സന്ധ്യ, തൃശൂര്‍ റേഞ്ച് ഐ.ജി എം ആര് അജിത്കുമാര്‍, ആംഡ് പോലീസ് ബറ്റാലിയന് ഐജിപി ഇ ജെ ജയരാജ്, ആംഡ് പോലീസ് ബറ്റാലിയന് ഡിഐജി ഷെഫീന്‍ അഹമ്മദ്, കെ എ പി വണ്‍ കമ്മാണ്ടന്റ് പി വി വില്‍സണ്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
കെ എ പി ഒന്നാം ബറ്റാലിയനിലെ 320 പേര് തൃശൂര്‍ രാമവര്‍മ്മപുരം ആസ്ഥാനത്തും കെ എ പി രണ്ടാം ബറ്റാലിയനിലെ 338 പേര് പാലക്കാട് മുട്ടിക്കുളങ്ങരയിലുളള ബറ്റാലിയന് ആസ്ഥാനത്തും ആണ് 9 മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയത്. 108 പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍മാര്‍ കേരള പോലീസ് അക്കാദമിയിലാണ് 6 മാസത്തെ പരിശീലനം പൂര്‍ത്തിയാക്കിയത്. റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ 9 മാസത്തെ പരിശീലനകാലയളവില്‍ പരേഡ്, ആയുധങ്ങള്‍ ഉപയോഗിച്ചുളള ഡ്രില്‍, വിവിധ ആയുധങ്ങളിലുളള ഫയറിങ്, ഫീല്‍ഡ് ക്രാഫ്റ്റ് ആന്‍ഡ് ടാക്റ്റിക്സ് എന്നിവയ്ക്ക് പുറമേ ഡ്രൈവിങ്, നീന്തല്‍, മാര്‍ഷ്യല്‍ ആര്‍ട്ട്സ്, യോഗ, കമ്പ്യൂട്ടര്‍, ഫയര്‍ ഫൈറ്റിങ്, ഡിസാസ്റ്റര്‍ മാനേജ്മെന്ര്, പ്രഥമ ശുശ്രൂഷ, ട്രാഫിക്ക് റൂല്‍സ് ആന്‍ഡ് സിഗ്നല്‍, സി ആര് പി സി, ഐ പി സി, എവിഡന്‍സ് ആക്ട്, കോണ്‍സിറ്റിയൂഷന്‍ മൈനര്‍ ആക്ടസ് എന്നീ വിഷയങ്ങളില്‍ വിദഗ്ധ പരിശീലനം നല്‍കിയിട്ടുണ്ട്.
പാസ്സിങ് ഔട്ട് പരേഡില്‍ പങ്കെടുത്ത 766 റിക്രൂട്ട് പോലീസ് കോണ്‍സ്റ്റബിള്‍മാരില്‍ 49 പേര് ബിരുദാനന്തരബിരുദധാരികളും ഒരാള്‍ എം എസ് ഡബ്യൂ ബിരുദധാരിയും രണ്ടു പേര് എം ടെക്ക്കാരും ഒരാള്‍ ബി പി എഡും 32 പേര് ബി ടെക്കും ഒരാള്‍ എല്‍ എല്‍ ബി ബിരുദധാരിയും 11 പേര് എം ബി എ ക്കാരും 273 പേര് ബിരുദധാരികളും 23 പേര് ഡിപ്ലോമക്കാരും 20 പേര് ഐ ടി ഐ ക്കാരും ഒരാള്‍ ഐ ടി സി ക്കാരനും 285 പേര് പ്ലസ് ടുവും 67 പേര് എസ് എസ് എല്‍ സി യും വിദ്യഭ്യാസയോഗ്യതയും ഉളളവരുമാണ്.
പരിശീലനകാലഘട്ടത്തില്‍ നടത്തിയ ഔട്ട്ഡോര്‍, ഇന്‍ഡോര്‍, ഷൂട്ടിങ്, സ്കില്‍ഡ് ഡ്രൈവിങ് എന്നീ വിഷയങ്ങളില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവര്‍ക്കും ബെസ്റ്റ് ഓള് റൗണ്ടര്ക്കും പരേഡില്‍ മുഖ്യമന്ത്രി പുരസ്ക്കാരങ്ങള്‍ നല്കി.
Comments are closed.