വേലയും കൂലിയുമില്ലാത്ത സമൂഹത്തിന് ഇത് വലിയ ഹരമാകുന്നതിൽ അത്ഭുതമില്ല
മലയാള ടെലിവിഷൻ മാദ്ധ്യമ പ്രവർത്തനം ഇത്രയും അധ:പതിച്ച ഒരു കാലമുണ്ടായിട്ടില്ല.
ഇന്ന് ,സ്വപ്ന സുരേഷിന്റെ ഓഫീസിനു മുന്നിൽ ക്യാമറയുമായി , ഉച്ച മുതൽ തൽസമയ പ്രക്ഷേപണത്തിനെത്തിയ റിപ്പോർട്ടർമാരേയും അതിന് അയച്ചവരേയും ഓർത്ത് സഹതപിക്കുന്നു.
– യുദ്ധം,ദുരന്തം, മന്ത്രിസഭാ രൂപീകരണം / രാജി തുടങ്ങിയവ റിപ്പോർട്ടു ചെയ്യുന്നതിനെക്കാൾ ഉദ്വേഗഭരിതമാണ് അവർ സൃഷ്ടിച്ച അന്തരീക്ഷം.
വാർത്തയിലല്ല, കുറ്റാന്വേഷണ, മസാലക്കഥകളെപ്പോലെ ജിജ്ഞാസ ഉണ്ടാക്കി, പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ മാത്രമാണ് അവർക്ക് താല്പര്യം.
– എന്താണ് വാർത്ത ?
എന്തല്ല, വാർത്ത ?
എത്ര പ്രധാനപ്പെട്ടതാണങ്കിലും ഒരു developing storyയിൽ, അതിലുൾപ്പെട്ടവർ മുടി ചീകുന്നതു മുതൽ തന്നെ ലൈവ് കൊടുക്കുന്നതിലാണ് ചാനലുകൾ തമ്മിൽ മത്സരിക്കുന്നത്. മൂന്ന് മണിക്കൂർ ലൈവിൽ പരമാവധി വാർത്തയായുണ്ടാകുക മുന്നോ നാലോ വാക്യങ്ങളോ ഒന്നോ രണ്ടോ മിനിറ്റ് ദൃശ്യങ്ങളോ ആയിരിക്കും. ബാക്കിയെല്ലാം , പുക ; കട്ടപ്പുക!
ഒട്ടും വിശ്വാസ്യതയില്ലാത്ത ഒരാൾ മുഖ്യമന്ത്രി, സി.പി.എം. സംസ്ഥാന സെക്രട്ടറി എന്നിവർക്കും, ബിലീവേഴ്സ് ചർച്ചിനുമെതിരെ ഗുരുതരമായ വ്യക്തിഹത്യ നടത്തുന്നു; ആരോപണങ്ങൾ ഉന്നയിക്കുന്നു. അതും , വളരെ കാഷ്വലായി. ഇവർ ഈ ചാനലുകൾക്കെതിരെ , മാനനഷ്ടത്തിന് ക്രിമിനൽ കേസ് നൽകട്ടെ. വളരെ അപകടകരമായ പ്രവണതയാണിത്.
ഉള്ളടക്കം എന്താണന്നറിയാത്ത ഒരു ലൈവിൽ, ഇങ്ങനെ ആർക്കും എന്തും വിളിച്ചു പറയാമെങ്കിൽ, ചാനലുകൾ
അത് ആവർത്തിച്ച് പ്രക്ഷേപണം ചെയ്യുമെങ്കിൽ,എത്രമാത്രം ഭീകരമാണ് അവസ്ഥ !
നിരവധി കേസുകളിൽ കുറ്റാരോപിതയായ ഒരാളാണ് സ്വപ്ന. ആരോപണമുന്നയിക്കുന്നയാൾ മാദ്ധ്യമ പ്രവർത്തകനായിരുന്ന ഒരു അധികാര ദല്ലാളും .
ഇവർക്കൊക്കെ വായിൽ തോന്നുന്നതത്രയും വിളിച്ചു പറയാൻ ചാനലുകൾ തുറന്നു വയ്ക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഇത് മാധ്യമ പ്രവർത്തനമല്ല.
– പക്ഷേ,അവയെല്ലാം മലയാളിക്ക് വലിയ entertainment ആകുമെന്നതാണ് ചാനലുകൾ മാധ്യമ ധർമ്മവും എത്തിക്സുമൊക്കെ വഴിയിലുപേക്ഷിക്കുന്നതിന്റെ ട്രേഡ് സീക്രട്ട്. വാർത്തകൾ അറിയിക്കുന്നതിലല്ല, അനുബന്ധ കഥകളാലും ദൃശ്യങ്ങളാലും രസിപ്പിക്കുന്നതിലാണ് കാര്യം. വേലയും കൂലിയുമില്ലാത്തതിനാൽ മിച്ച സമയം ധാരാളമുള്ള ഒരു സമൂഹത്തിന് ഇത് വലിയ ഹരമാകുന്നതിൽ അത്ഭുതപ്പെടാനില്ല.