News in its shortest

കട്ടവണ്ടിയിടിച്ച് കേരള കോണ്‍ഗ്രസ് പിറന്നില്ലായിരുന്നുവെങ്കില്‍ കെ എം മാണി എവിടെയാകുമായിരുന്നു ?

എം ആര്‍ അജയന്‍ രഘു

വർഷങ്ങൾക്കു മുമ്പ് കേരളശബ്ദത്തിൽ ഞാൻ കേരള കോൺഗ്രസിനെക്കുറിച്ച് കട്ട വണ്ടി മുട്ടി ഉണ്ടായ പാർട്ടിയുടെ ചരിത്രം എന്ന തലക്കെട്ടിൽ കേരള കോൺഗ്രസിന്റെ പിളർപ്പുകളെക്കുറിച്ച് ഒരു ലേഖനം എഴുതിയിരുന്നു.കട്ട വണ്ടി മുട്ടി ഉണ്ടായ പാർട്ടിയാണെന്ന പരാമർശത്തെ തുടർന്ന് പല കേരള കോൺഗ്രസ് നേതാക്കളും മാനേജിങ് എഡിറ്റർ ബി എ രാജകൃഷ്ണനെ ഫോണിൽ വിളിച്ച് ദേഷ്യപ്പെടുകയുണ്ടായി .

കട്ട വണ്ടി എന്നാൽ ഭാരവണ്ടിയെന്നാണ് .ഭാരവണ്ടിയെ ചില പ്രദേശങ്ങളിൽ കട്ട വണ്ടിയെന്ന് പറയുമായിരുന്നു.സാധന സാമഗ്രികൾ കൊണ്ടുപോയിരുന്ന വണ്ടിയായിരുന്നു ഇത് .ഈ വണ്ടിയിപ്പോൾ നിലവിലില്ലായെന്നാണ് തോന്നുന്നത് .

കേരള കോൺഗ്രസ് നേതാക്കൾ തെറ്റിദ്ധരിച്ചാണ് മാനേജിങ് എഡിറ്ററോട് ദേഷ്യപ്പെട്ടത്.പി ടി ചാക്കോ പീച്ചിയിലേക്ക് കാറിൽ പോവുന്നതിനിടയിൽ തൃശൂർ ലൂർദ് മാതാ പള്ളിയുടെ മുന്നിൽവെച്ച് കട്ടവണ്ടി (ഭാരവണ്ടി )യുമായി കൂട്ടിയിടിക്കുകയുണ്ടായി .അതോടെയാണ് പി ടി ചാക്കോക്ക് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നതും അദ്ദേഹത്തിന്റെ രാഷ്ട്രീയ പതനത്തിലേക്കും വഴിവെച്ചത് .കേരള രാഷ്ട്രീയത്തിൽ ഒരു നേതാവിനെതിരെ ഉയർന്ന ആദ്യത്തെ ലൈംഗിക ആരോപണമായിരുന്നു അത്.

ആ ആരോപണത്തിൽ എത്രമാത്രം യാഥാർഥ്യമുണ്ടെന്ന് ഇപ്പോഴും അറിയില്ല,പി ടി ചാക്കോയുടെ മരണശേഷമാണ് കെ എം ജോർജ് ,ആർ ബാലകൃഷ്‌ണപിള്ള എന്നിവരുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് രൂപീകൃതമായത് .പി ടി ചാക്കോയോട് കോൺഗ്രസ് പാർട്ടി കാട്ടിയ നെറിവുകേടിനെ തുടർന്ന് കോൺഗ്രസിനു ബദലായി രൂപീകരിച്ച പാർട്ടിയായിരുന്നു കേരള കോൺഗ്രസ് .

https://www.facebook.com/photo?fbid=2993715603997994&set=pcb.2993716610664560

ഈ പാർട്ടി രൂപീകരിക്കുന്ന കാലത്ത് കെ എം മാണി കോൺഗ്രസിന്റെ കോട്ടയം ഡിസിസി സെക്രട്ടറിയായിരുന്നു.പാലാ കെ എം മാത്യുവിനു പകരം പാലാ നിയമസഭാ സീറ്റ് കെ എം മണിക്ക് ലഭിച്ചിരുന്നെങ്കിൽ കെ എം മാണി കോൺഗ്രസിൽ തുടരുമായിരുന്നു.അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ കേരള കോൺഗ്രസിന്റെയും കെ എം മാണിയുടെയും രാഷ്ട്രീയ ചരിത്രം മറ്റൊന്നാകുമായിരുന്നു.

Comments are closed.