News in its shortest

ഇലഞ്ഞിത്തറയ്ക്ക് കീഴെ ആസ്വാദകനായി മുഖ്യമന്ത്രി പിണറായി വിജയന്‍


തൃശൂര്‍ പൂരത്തിന്റെ മുഖമുദ്രകളിലൊന്നായി വിശേഷിപ്പിക്കുന്ന ഇലഞ്ഞിത്തറ മേളം ആസ്വാദിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയതോടെ ആസ്വാദന പെരുമയ്ക്ക് മുറുക്കമേറി. ക്ഷേത്രമതില്‍ കെട്ടിനകത്ത് പാണ്ടിമേളം കൊട്ടുന്നവെന്നതും മേളത്തിന്റെ പ്രമാണം സാക്ഷാല്‍ പെരുവനം കുട്ടന്‍ മാരാര്‍ വഹിക്കുന്നുവെന്നതുമാണ്് ഇലഞ്ഞിത്തറ മേളത്തെ വ്യത്യസ്തമാകുന്നത്.

വടക്കുംന്നാഥ ക്ഷേത്രം പടിഞ്ഞാറെ നടയിലെ ഇലഞ്ഞിചോട്ടില്‍ പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ തീര്‍ത്ത പാണ്ടിമേളം മുഖ്യമന്ത്രി പിണറായി വിജയന് മികച്ച വാദ്യവിരുന്നായി. ഇരുനൂറ്റി അമ്പതില്‍പരം വാദ്യകലാകാരന്‍മാരാണ് ഇക്കുറി ഇലഞ്ഞിചുവട്ടില്‍ പാണ്ടികൊട്ടി കയറിയത്. ഉച്ചയ്ക്ക് 12.30 ന് പാറമേക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നിന്നുളള ഭഗവതിപ്പൂരം രണ്ടരയോടെയാണ് ഇലഞ്ഞിചുവടില്‍ എത്തിയത്. ആചാരപ്പെരുമയോടെ ചുവന്ന പട്ടുകുടകള്‍ ചൂടിയ പതിനാലു ഗജവരീന്മാരുടെ അകമ്പടിയോടെ ദേവിയെ കയറ്റിയെഴുന്നള്ളിച്ച പാറമേക്കാവ് ഭഗവതി ശ്രീപത്മനാഭന്‍ വടക്കുംനാഥന്റെ മതില്‍ക്കകത്ത് പ്രവേശിച്ചപ്പോള്‍ കാണികളുടെ ആവേശം അണപൊട്ടി.

തുടര്‍ന്ന് ഇലഞ്ഞിയുടെ പരിസരത്ത് വടക്കോട്ട് അഭിമുഖമായി നിരന്ന കരിവീരന്മാരുടെ മുന്നില്‍ പാണ്ടിപെരുമയ്ക്ക് തുടക്കമായി. മേളക്കാരോടു കുശലം ചോദിച്ചും മേളം ആസ്വദിച്ചുമെത്തിയ പിണറായി വിജയന്‍ ഇലഞ്ഞിച്ചോട്ടില്‍ നിരന്ന കലാകാരന്മാരുടെ ഇടയിലേക്കു കടന്ന് മേളപ്രമാണി പെരുവനം കുട്ടന്‍മാരാരെ പൊന്നാട ചാര്‍ത്തി ആദരിച്ചു. മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണനും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. കൃഷിവകുപ്പു മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാറും പൂരത്തില്‍ സജീവ സാന്നിധ്യമായി മാറി.

Comments are closed.