News in its shortest

മലബാറിന്റെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ഹരിത പവര്‍ ഹൈവേ പദ്ധതി: 436 കോടി രൂപ ചെലവ്‌

കേരളത്തിലെ വടക്കന്‍ ജില്ലകളിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനും, വര്‍ദ്ധിച്ചുവരുന്ന ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റുന്നതിനുമാണ് അന്തര്‍സംസ്ഥാന വൈദ്യുത പ്രസരണ ശൃംഖലയുമായി ബന്ധിപ്പിച്ചുകൊണ്ട് 400 കെ വി കാസര്‍കോട് വയനാട് ഹരിത പവര്‍ ഹൈവേ  പദ്ധതി നടപ്പിലാക്കുന്നത്.

ഒപ്പം കാസര്‍കോട് ജില്ലയിലെ പുനുരുത്പാദന ഊര്‍ജ നിലയങ്ങളില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പ്രസരണ നഷ്ടം പരമാവധി കുറച്ച് യഥാസമയം ലോഡ് സെന്ററില്‍ എത്തിക്കുന്നതിനുമാണ് നോര്‍ത്ത് ഗ്രീന്‍ കോറിഡോര്‍ 400 കെവി കരിന്തളം-പയ്യമ്പള്ളി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ എന്ന പേരില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്.

കരിന്തളം  400 കെവി സബ്സ്റ്റേഷനില്‍ നിന്നാണ് മാനന്തവാടി പയ്യമ്പള്ളിയിലേക്ക് ലൈന്‍ വലിക്കുന്നത്. 125 കിലോമീറ്റര്‍ വൈദ്യുതി ലൈനാണ് കരിന്തളത്തുനിന്ന് വയനാട്ടിലേക്കുള്ളത്. 400 കെവി പ്രസരണ ശേഷിയുള്ള 380 ടവറുകളാണ് പദ്ധതിക്ക് ആവശ്യമായി വരിക. വയനാട്ടില്‍ 200 എം വി എ ശേഷിയുള്ള ട്രാന്‍സ്‌ഫോര്‍മറാണ് സ്ഥാപിക്കുന്നത്. 180 മെഗാവാട്ട് പവറാണ് അവിടെ ഉപയോഗിക്കാന്‍ കഴിയുക.

കരിന്തളത്തുനിന്ന് ആരംഭിച്ച് ആലക്കോട്- ശ്രീകണ്ഠാപുരം-ഇരിട്ടി- നെടുംപൊയില്‍ വഴിയാണ് വയനാട്ടിലെ പയ്യമ്പള്ളിയിലേക്ക് വൈദ്യുതി ലൈന്‍ പോകുന്നത്. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ എട്ടു നിയോജക മണ്ഡലങ്ങളിലൂടെയും മൂന്നു പാര്‍ലമെന്റ് മണ്ഡലങ്ങളിലൂടെയും ലൈന്‍ കടന്നുപോകുന്നു.

436 കോടി രൂപയാണ് പദ്ധതിയുടെ ചിലവ്. കെഎസ്ഇബിയുടെ തനതു ഫണ്ടില്‍ നിന്നാണ് വൈദ്യുതി ലൈനിനായുള്ള തുക അനുവദിച്ചിരിക്കുന്നത്. 36 മാസത്തിനകം വൈദ്യുതി ലൈനിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് കെഎസ്ഇബി ഉദ്ദേശിക്കുന്നത്. എല്‍ ആന്‍ഡ് ടി കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിനാണ് പദ്ധതിയുടെ നിര്‍മാണ ചുമതല.

മലബാറിന്റെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ ഹരിത പവര്‍ ഹൈവേ പദ്ധതി: 436 കോടി രൂപ ചെലവ്‌
kerala psc coaching kozhikode
80%
Awesome
  • Design