റീമേക്കിനും ബയോപിക്കിനും ബോംബിനുമിടയില്‍ ബോളിവുഡ് ഭ്രൂണഹത്യയെക്കുറിച്ച് സംസാരിക്കുമ്പോള്‍
2022 ൽ ബോളിവുഡിൽ ഇറങ്ങിയതിൽ ഞാൻ കണ്ടതിൽ വെച്ചേറ്റവും മികച്ച സിനിമകളിലൊന്നാണ് ജയേഷ് ഭായ് ജോർദാർ…ഒരു വശത്തു റീമേക്കും ബയോപ്പിക്കും മറ്റു ബോംബുകളുമിട്ട് ബോളിവുഡ് മുന്നേറുമ്പോൾ ഇങ്ങനെ ക്വാളിറ്റിയുള്ള ചില സിനിമകൾ വരുന്നത് ആശ്വാസകരമാണെങ്കിലും ബോക്സ്ഓഫീസിൽ കാര്യമായ നേട്ടം ഉണ്ടാക്കാൻ ജയേഷ് ഭായ് ജോർദാറിനും സാധിച്ചില്ല എന്നത് സങ്കടകരമാണ്.
തന്റെ നാട്ടിലെ ഗ്രാമത്തലവന്റെ മകനാണ് ജോർദാർ, അവന്റെ കുഞ്ഞിൽ കൂടി തന്റെ വംശാവലി നിലനിർത്തണമെന്ന് ആഗ്രഹിക്കുകയും അതിലുപരി അതൊരു അഭിമാനപ്രശ്നമായി കൊണ്ട് നടക്കുകയും ചെയ്യുകയാണ് ജയേഷിന്റെ അച്ഛനും ഗ്രാമത്തലവനുമായ മിഥിലേഷ് പരേഗ്. ജോർദാന്റെ ആദ്യ കുട്ടി പെണ്ണായത് കൊണ്ട് അടുത്തത് ആണ്‍കുട്ടി തന്നെയാകണമെന്നു മിഥിലേഷിനു നിർബന്ധമുണ്ട്. പക്ഷെ ജോർദാന്റെ ഭാര്യ തുടർച്ചയായി ആറു തവണ ഗർഭം ധരിക്കുകയും ആറു തവണയും പെൺകുട്ടിയാണെന്ന് മനസ്സിലാക്കുകയും ആറു തവണയും ഗർഭം അലസിപ്പിക്കുകയും അതേ തുടർന്ന് ജയേഷിന്റെ ഭാര്യയുടെ ആരോഗ്യസ്ഥിതി മോശമാകുകയും ചെയ്യുന്നു, വീണ്ടും ഗർഭം ധരിക്കുകയും അതുമൊരു ആണ്‍കുട്ടി അല്ലെങ്കിൽ അവളെ ഒഴിവാക്കണമെന്ന് നിർബന്ധം മകന് താക്കീത് നൽകുകയും ചെയ്യുകയാണ് മിഥിലേഷ്.. അവിടെ നിന്ന് കഥ തുടങ്ങുകയാണ്.
വളരെ പ്രധാന്യമർഹിക്കുന്ന ഒരു വിഷയം നർമ്മത്തിൽ പൊതിഞ്ഞു അതിന്റെ അതേ ഗൗരവം ചോരാതെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുന്നതിൽ സംവിധായകൻ ദിവ്യങ് തക്കർ വിജയിച്ചു.
ആണുങ്ങൾ സ്ത്രീകളുടെ പിന്നാലെ വരുന്നത് അവരുടെ സുഗന്ധം കാരണമാണ്, സ്ത്രീകളുടെ സംശുദ്ധി സൂക്ഷിക്കേണ്ട ബാധ്യസ്തർ ആണുങ്ങൾ ആയത് കൊണ്ടും ഗ്രാമമുഖ്യനെടുത്ത തീരുമാനം ആണ് ഗ്രാമത്തിൽ ഇനി മുതൽ പ്രായപൂർത്തിയായ സ്ത്രീകൾ സോപ്പ് ഉപയോഗിക്കരുതെന്നു. കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നുമെങ്കിലും സോപ്പിൽ തുടങ്ങുന്ന ആ തീരുമാനം വളരെ വലിയൊരു രാഷ്ട്രീയം തന്നെയാണ് അവിടെ പറയുന്നത്. അതും വെറുമൊരു സോപ്പിൽ.
കല്യാണ ആൽബത്തിൽ പോലും മുഖം കാണിക്കാൻ കഴിയാത്ത വധു എന്നത് മറ്റൊരു സത്യം, മാറ്റകല്യാണം വഴി രണ്ടു കുടുംബങ്ങളിൽ ഉള്ളവർ അനുഭവിക്കുന്ന വേദന, ഭ്രൂണഹത്യ അവയെല്ലാം കാര്യമായി പറയുന്നുണ്ട്.
ഇവിടെ നിന്ന് രക്ഷപെട്ടു ഹരിയാനയിലെ ലാഡോപൂരിലേക്ക് യാത്ര തിരിക്കുന്ന ജയേഷിന്റെയും കുടുംബത്തിന്റെയും കഥയാണ് ജയേഷ് ഭായ് ജോർദാർ.
എടുത്തു പറയേണ്ടത് രൺവീർ സിങ്ങിനെ തന്നെയാണ് പതിവ് പോലെ മികച്ച അഭിനയം, കൂടാതെ മറ്റു കഥാപാത്രങ്ങളും എങ്കിലും നന്നായി ഇഷ്ടമായത് രൺവീർ സിങ്ങിന്റെ മകളായി അഭിനയിച്ച കുട്ടിയെയാണ്, ക്ലൈമാക്സ് ആണ് സിനിമയുടെ മറ്റൊരു നട്ടെല്ല്. ഒരിടത്തും ലാഗ് അനുഭവപ്പെടുന്നില്ല… ഇനിയും ഇങ്ങനെയുള്ള സിനിമകൾ ബോളിവുഡിൽ നിന്ന് വരട്ടെ.