മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിച്ചവര്‍ക്ക് വിമാനയാത്രാ വിലക്ക് വരുമോ? നാളെ അറിയാം
കാര്യമായി ന്യൂസ്ബ്രേക്കൊന്നുമില്ലാത്ത ഞായറാഴ്ച, പത്രക്കാർക്കും ചാനലുകൾക്കും, വേണമെങ്കിൽ പിന്നാലെ പോകാവുന്ന ഒരു വാർത്ത-
ഇൻഡിഗോ വിമാനത്തിൽ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിയുടെ സീറ്റിനു നേരെ നടന്ന യൂത്ത് കോൺഗ്രസുകാർക്കും, അവരെ തള്ളി മാറ്റുകയും അവർ വീഴാൻ ഇടയാക്കുകയും ചെയ്ത ഇടതു മുന്നണി കൺവീനർ ഇപി ജയരാജനും എതിരേ, എയർലൈനിന്റെ ആഭ്യന്തര അന്വേഷണ സമിതിയുടെ വിധിപ്രസ്താവം വരേണ്ടിയ അവസാന തീയതിയാണ്, ഈ ജൂൺ 26 ഞായർ.
യാത്രക്കാർ വിമാനത്തിലുണ്ടാക്കിയ കുഴപ്പം അന്വേഷിച്ച്, കുറ്റക്കാരാണെങ്കിൽ അവരെ എത്രനാളത്തേക്കാണ് ബാൻ ചെയ്യേണ്ടിയതെന്ന് തീരുമാനിക്കുന്ന ഈ കമ്മിറ്റിയുടെ മുമ്പാകെ കണ്ണൂർ-തിരുവനന്തപുരം ഫ്ലൈറ്റിലെ സംഭവം ഇക്കഴിഞ്ഞ 16 ന് എത്തിച്ചിട്ടുണ്ട് എന്നാണ് ഇൻഡിഗോ തന്നെ അറിയിച്ചിട്ടുള്ളത്.
പ്രശ്നം കമ്മിറ്റി മുമ്പാകെ എത്തി പത്തു ദിവസത്തിനകം തീരുമാനം എടുത്തിരിക്കണമെന്നാണ്, സിവിൽ ഏവിയേഷൻ റിക്വയർമെന്റ്സ് സെക്ഷൻ 3- എയർ ട്രാൻസ്പോർട്ട് സീരീസ് എം പാർട്ട് 6, ഇഷ്യു2 (മെയ് 2017), ചട്ടം 6.2 നിഷ്കർഷിക്കുന്നത്.
ഇപ്രകാരം തീരുമാനം എടുത്തില്ലെങ്കിൽ, ശല്യക്കാരെ എന്തു ചെയ്യണമെന്ന് എയർലൈനിന് സ്വമേധയാ തീരുമാനിക്കാം-
അതായത്, മൂന്നുമാസം, ആറുമാസം അല്ലെങ്കിൽ രണ്ടു വർഷം യാത്രാവിലക്ക്- ഇതിലേത് കൊടുക്കണം യൂത്ത് കോൺഗ്രസുകാർക്കും ജയരാജനും എന്ന് ഇൻഡിഗോ തീരുമാനം എടുക്കേണ്ടിവരും എന്നർഥം.
കമ്മിറ്റിയായാലും, എയർലൈനായാലും, ശിക്ഷാ പ്രഖ്യാപനം വേഗം വരുന്നതാണ് ശിക്ഷിക്കപ്പെടുന്നവർക്കും നല്ലത്. കാരണം, എന്നിട്ടുവേണം അപ്പീലിനു പോകാൻ. മേൽപ്പറഞ്ഞ സിഎആർ ന്റെ 8.4 പ്രകാരം, ശിക്ഷിക്കപ്പെട്ടവർ അപ്പീൽ നൽകേണ്ടിയത് വ്യോമയാന മന്ത്രാലയം ഈ ആവശ്യത്തിനായി രൂപീരിക്കുന്ന അപ്പെല്ലേറ്റ് കമ്മിറ്റിയുടെ മുമ്പാകെയാണ്.
അതുകൊണ്ട്, ഞായറാഴ്ച എന്തായാലും ഒരു വാർത്ത കിട്ടുമെന്നുറുപ്പാണ്.
Comments are closed.