ധനരാജന്റെ കുടുംബത്തെ സഹായിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റനും, ഗോകുലവുമായി കൈകോര്‍ത്ത് ഛേത്രി
സെവന്‍സ് ഫുട്ബോള്‍ കളിക്കിടെ കുഴഞ്ഞ് വീണ് മരിച്ച താരം ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും. ഗോകുലം കേരള എഫ് സിയുടെ സഹായ പദ്ധതിയുമായാണ് ഛേത്രി കൈ കോര്‍ക്കുന്നത്.
കോഴിക്കോട് ജനുവരി 26-ന് ചര്‍ച്ചില്‍ ബ്രദേഴ്സിനെതിരെ നടക്കുന്ന ഐലീഗ് മത്സരത്തിന്റെ ടിക്കറ്റ് വരുമാനം ധനരാജന്റെ കുടുംബത്തിന് കൈമാറുമെന്ന് ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ പങ്കാളിയാകുന്നതിന് 220 ജനറല്‍ ടിക്കറ്റുകള്‍ ഛേത്രി വാങ്ങിക്കുന്നു. ഈ ടിക്കറ്റുകള്‍ കോഴിക്കോട്ടെ എന്‍ജിഒകള്‍ക്കോ ഫുട്ബോള്‍ അക്കാദമികള്‍ക്കോ നല്‍കാനാണ് അദ്ദേഹം ഗോകുലം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ജനറല്‍ ടിക്കറ്റിന് 50 രൂപയും വിഐപി ടിക്കറ്റിന് 100 രൂപയുമാണ് നിരക്ക്. മോഹന്‍ ബഗാന്, ഈസ്റ്റ് ബംഗാള്‍, മൊഹമ്മദിയന്സ് തുടങ്ങി പ്രമുഖ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള ധനരാജന് കഴിഞ്ഞ മാസം മലപ്പുറത്താണ് സെവന്‍സ് മത്സരത്തിനിടെ മരിച്ചത്.
Comments are closed.