വ്യാജ വാര്‍ത്തയെ വിമര്‍ശിച്ചു, ഇന്ത്യാടുഡേ മാധ്യമ പ്രവര്‍ത്തകയെ പുറത്താക്കി
ടിവി അവതാരകരും എഡിറ്റര്‍മാരും വെറുപ്പ് വിതയ്ക്കുന്നതായ വ്യാജ വാര്‍ത്തകള്‍ക്ക് നേരെ മാധ്യമ മുതലാളിമാര്‍ കണ്ണടയ്ക്കുന്നുവെന്ന് വിമര്‍ശനം ട്വീറ്റ് ചെയ്തതിന് ദി ഇന്ത്യാ ടുഡേ ഗ്രൂപ്പ് മാധ്യമ പ്രവര്‍ത്തകയെ പുറത്താക്കി. ഗ്രൂപ്പിന്റെ കീഴിലുള്ള വിശകലനങ്ങളും അഭിപ്രായങ്ങളും പ്രസിദ്ധീകരിക്കുന്ന ഡെയ്ലിഒ എന്ന വെബ്സൈറ്റിന്റെ രാഷ്ട്രീയ എഡിറ്ററായ അങ്കുഷ്കാന്ത ചക്രവര്‍ത്തിയാണ് പുറത്തായത്. ട്വീറ്റ് ഡിലീറ്റ് ചെയ്യണമെന്ന് കമ്പനി അവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ വഴങ്ങിയില്ല.
പ്രത്യേകിച്ച് ഏതെങ്കിലും ഒരു മാധ്യമ സ്ഥാപനത്തെ ലക്ഷ്യമിട്ടായിരുന്നില്ല തന്റെ ട്വീറ്റെന്ന് അങ്കുഷ്കാന്ത പറയുന്നു. മാധ്യമങ്ങളില്‍ സംഭവിക്കുന്ന കാര്യമാണ് എഴുതിയതെന്നും അവര്‍ വിശദീകരിച്ചു. ഏതെങ്കിലും സ്ഥാപനത്തെയോ വ്യക്തിയെയോ ലക്ഷ്യമിട്ടിരുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി. പൊതുവായുള്ള കാര്യമാണ് പറഞ്ഞതെന്നും അതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ആ ട്വീറ്റ് അധികമാരും റീട്വീറ്റ് ചെയ്തിരുന്നില്ല. എന്നിട്ടും മാനേജ്മെന്റിന് അതൃപ്തിയുണ്ടെന്ന് ഫോണ്‍ വഴി അറിയിക്കുകയും ട്വീറ്റ് ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നും അവര്‍ വെളിപ്പെടുത്തുന്നു. എന്തെങ്കിലും തെറ്റു ചെയ്തതായി തോന്നുന്നില്ലെന്നും അതിനാല്‍ ട്വീറ്റ് ഡിലീറ്റ് ചെയ്തില്ലെന്നും അവര്‍ പറഞ്ഞു.
തിങ്കളാഴ്ച എച്ച് ആര് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും മാധ്യമ പ്രവര്‍ത്തകയെ വിളിച്ച് മൂന്ന് വഴികള്‍ പറഞ്ഞു. ട്വീറ്റ് ഡിലീറ്റ് ചെയ്യുക, രാജി വയ്ക്കുക, അല്ലെങ്കില്‍ പുറത്താക്കലിനെ നേരിടുക. എന്നാല്‍ അവര്‍ അത് ഡിലീറ്റ് ചെയ്യുകയോ രാജി വയ്ക്കുകയോ ചെയ്തില്ല. തുടര്‍ന്ന് കമ്പനി അവരെ പുറത്താക്കുകയായിരുന്നു.
വിശദമായി വായിക്കാന്‍ സന്ദര്‍ശിക്കുക: സ്ക്രോള്‍.ഇന്‍
Comments are closed.