ഇന്ത്യ ബുള്‍സ് കടപ്പത്രം വഴി 1000 കോടി രൂപ സമാഹരിക്കും
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിനു കീഴിലുള്ള ഭവനവായ്പാ സ്ഥാപനമായ ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രം വഴി 1000 കോടി രൂപ സമാഹരിക്കും.
കടപ്പത്രത്തിന്റെ മുഖവില 1000 രൂപയാണ്. ഇഷ്യുവിന്റെ ആദ്യ ഘട്ടം 2021 സെപ്റ്റംബര്‍ 06 ന് ആരംഭിച്ച് സെപ്റ്റംബര്‍ 20 ന് അവസാനിക്കും. അടിസ്ഥാന ഇഷ്യു വലിപ്പം 200 കോടി രൂപയാണെങ്കിലും 800 കോടി രൂപ വരെ അധികം സമാഹരിക്കാനുള്ള അനുമതി കമ്പനിക്കുണ്ട്(മൊത്തം 1000 കോടി രൂപ). വാര്‍ഷികാടിസ്ഥാനത്തില്‍ 8.05 ശതമാനം മുതല്‍ 9.75 ശതമാനം വരെയാണ് കടപ്പത്രങ്ങളുടെ പലിശ.
പ്രതിമാസമോ വാര്‍ഷികാടിസ്ഥാനത്തിലോ പലിശ വാങ്ങാമെന്നതുള്‍പ്പെടെ കടപ്പത്രത്തിന് പത്ത് വ്യത്യസ്ത നിക്ഷേപ ഓപ്ഷനുകള്‍ ഉണ്ട്. അല്ലെങ്കില്‍ പലിശയുള്‍പ്പെടെ കടപ്പത്രം കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ തിരികെ വാങ്ങാം. 24 മാസം, 36 മാസം, 60 മാസം, 87 മാസം എന്നിങ്ങനെയാണ് കടപ്പത്രങ്ങളുടെ കാലാവധി.
ബിഎസ്ഇയിലും എന്‍എസ്ഇയിലും കടപ്പത്രം ലിസ്റ്റ് ചെയ്യും. ബിഎസ്ഇ ആയിരിക്കും ഇഷ്യുവിന്റെ ഡെസിഗ്നേറ്റഡ് സ്റ്റോക്ക് എക്സ്ചേഞ്ച്. കമ്പനിയുടെ കടപ്പത്രത്തിന് റേറ്റിംഗ് ഏജന്‍സികളായ ക്രിസില്‍ റേറ്റിംഗ്സ് ലിമിറ്റഡ് ഡബിള്‍ എ സ്റ്റേബ്ള്‍ റേറ്റിംഗും ബ്രിക്ക് വര്‍ക്ക് റേറ്റിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡബ്ള്‍ എ പോസിറ്റീവ്/ നെഗറ്റീവ് റേറ്റിംഗും നല്‍കിയിട്ടുണ്ട്.
കമ്പനിയുടെ എന്‍സിഡികളിലോ ബോണ്ടുകളിലോ ഓഹരികളിലോ നേരത്തെ നിക്ഷേപം നടത്തിയിട്ടുള്ള എച്ച്എന്‍ഐ വിഭാഗത്തിനും റീറ്റെയ്ല്‍ നിക്ഷേപകര്‍ക്കും 0.25 ശതമാനം അധിക ഇന്‍സെന്റീവും ഇഷ്യു പ്രഖ്യാപിച്ചിട്ടുണ്ട്. എഡില്‍വീസ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, ട്രസ്റ്റ് ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ് എന്നിവരാണ് ഇഷ്യുവിന്റെ ലീഡ് മാനേജര്‍മാര്‍.
ഇഷ്യുവഴി സമാഹരിക്കുന്ന തുക പ്രധാനമായും വായ്പ നല്‍കാനും കമ്പനിയുടെ വായ്പകളുടെ പലിശയും മുതലും തിരിച്ചടയ്ക്കാനുമായാണ് ഉപയോഗിക്കുക. ബാക്കിയുള്ളത് കമ്പനിയുടെ പൊതുവായ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും. ഇഷ്യുവഴി സമാഹരിക്കുന്ന തുകയുടെ 25 ശതമാനത്തില്‍ താഴെയായിരിക്കും ഇതിനായി ചിലവഴിക്കുക.
Comments are closed.