നെസ്റ്റോ: ഗള്‍ഫിലെ ഇര നാട്ടിലെ വേട്ടക്കാരന്
കഴിഞ്ഞ ഡിസംബറിൽ അബുദാബിയിൽ നിന്ന് ദുബായ്ക്ക് പോകുമ്പോൾ കിലോമീറ്ററോളം നീണ്ട് കിടക്കുന്ന വേർഹൗസ് കാണിച്ച് തന്നുകൊണ്ട് സുഹൃത്താണ് നെസ്റ്റോയെകുറിച്ച് പറയുന്നത്. ജീപ്പാസിന്റെ പ്രമോട്ടർമാരായ മലയാളികളുടേതാണ് കമ്പനിയെന്നും, വളരെവേഗം വളർന്നു കൊണ്ടിരിക്കുന്ന സൂപ്പർമാർക്കറ്റ് ചെയിൻ ആണെന്നും ഒക്കെ.
നെസ്റ്റോ തുടങ്ങാൻ കാരണമായ സാഹചര്യം ആണ് ഇതിൽ പ്രധാനം. ഗൾഫിൽ നിന്നും വരുന്ന മലയാളികൾ വാങ്ങുന്ന പ്രധാനപ്പെട്ട സാധനങ്ങളിൽ ഒന്നായിരുന്നു ജീപ്പാസിന്റെ ടോർച്ച്. എവിടെ ഏത് ലുലുവിൽ പോയാലും ജീപ്പാസിന്റെ പ്രൊഡക്റ്റുകൾ കണ്ണിൽ പെടാതെ പോകില്ലായിരുന്നു. അത്രയ്ക്ക് ആവശ്യക്കാരും, അതിനനുസരുച്ചുള്ള വിസിബിലിറ്റിയും അവരുടെ പ്രൊഡക്റ്റുകൾക്ക് ഉണ്ടായിരുന്നു.
അങ്ങനെ നല്ലരീതിയിൽ വളർച്ച നേടുകയും, അതിനനുസരിച്ച് ഉൽപ്പന്ന വൈവിധ്യവൽക്കരണം ജീപ്പാസ് നടത്തുകയും ചെയ്യുന്ന സമയത്താണ്, ഒരു മനുഷ്യസ്നേഹിയായ മുതലാലിയുടെ ഒരു ഹൈപ്പർ മാർക്കറ്റ് ചെയിനിന് ഒരാഗ്രഹമുദിക്കുന്നത്. നമ്മളെന്തിന് ജീപ്പാസിന് കച്ചവടം ഉണ്ടാക്കിക്കൊടുക്കണം? സ്വന്തം പ്രൊഡക്റ്റ് ഇറക്കിയാൽ ആ ലാഭം കൂടി മനുഷ്യസ്നേഹിയായ ആ മുതലാലിക്ക് കിട്ടുമല്ലോ എന്ന്.
അങ്ങനെ ജീപ്പാസ് ഇരുന്ന ഷെൽഫ്സിൽ നിന്നും, അവ പടിയിറങ്ങുകയും പകരം മുതലാളിയുടെ സ്വന്തം പ്രൊഡക്റ്റുകൾ സ്ഥാനം ഏറ്റെടുക്കുകയും ചെയ്യുന്നു. ബിസിനസ്സിന്റെ സിംഹഭാഗവും വരുന്ന സൂപ്പർ മാർക്കറ്റിൽ നിന്നും പടിയിറങ്ങേണ്ടി വന്നു മുറിവേറ്റ ജീപ്പാസ്, അതേ നാണയത്തിൽ തിരിച്ചൊരുപണി ഹൈപ്പർ മാർക്കറ്റ് മുതലാളിക്ക് കൊടുക്കാൻ തീരുമാനിക്കുന്നു. അതാണ് ഇന്നു കാണുന്ന നെസ്റ്റോ.
അപ്പോ പറഞ്ഞു വന്നത്, സ്വന്തം സ്ഥാനം നഷ്ടമായപ്പോൾ, കയ്യിലെ കാശും, കച്ചവട ബുദ്ധിയും ഉപയോഗിച്ച് ജീപ്പാസ് ചെയ്ത പ്രതികാരമാണ് നെസ്റ്റോ.
ഇത് രണ്ടും ഇല്ലാത്ത പാവം കയറ്റിറക്ക് തൊഴിലാളികൾ ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്നു. മാന്യമായി കച്ചവടം നടത്തി ജീവിക്കാനുള്ള ജീപ്പാസിന്റെ അവകാശം ഹൈപ്പർ മാർക്കറ്റ് മുതലാളി ഇല്ലാതാക്കിയപ്പോൾ, മാന്യമായി ചുമടെടുത്ത് ജീവിക്കാനുള്ള തൊഴിലാളിയുടെ അവകാശം നെസ്റ്റോ ഇല്ലാതാക്കുന്നു.
ഒരിടത്തെ ഇര, മറ്റൊരിടത്ത് വേട്ടക്കാരൻ ആകുന്നു.
നെസ്റ്റോ: ഗള്‍ഫിലെ ഇര നാട്ടിലെ വേട്ടക്കാരന്
- Design