News in its shortest

ഹേമ കമ്മറ്റി: ആരെയാണ് സർക്കാരിന് സംരക്ഷിക്കാനുള്ളത്?

പ്രമോദ് പുഴങ്കര

ചലച്ചിത്ര വ്യവസായത്തിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച ഹേമ കമ്മറ്റിയുടെ റിപ്പോർട് പ്രസിദ്ധപ്പെടുത്തില്ല എന്ന സർക്കാർ നിലപാട് അപലപനീയമാണ്. എന്നാൽ അതിലേറെ തരംതാണ പ്രവർത്തിയാണ് മന്ത്രി പി. രാജീവ് ആ വിഷയത്തിൽ നടത്തിയ പ്രസ്താവന. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ സംഘടനയായ WCC ഹേമ കമ്മറ്റി റിപ്പോർട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ടു എന്നാണ് മന്ത്രി പറയുന്നത്.

റിപ്പോർട് പുറത്തുവിടാത്തത് WCC ആവശ്യപ്പെട്ടതുകൊണ്ടാണോ എന്ന് മന്ത്രി വ്യക്തമാക്കണം. അല്ല മറ്റെന്തെങ്കിലും കാരണം കൊണ്ടാണെങ്കിൽ അതും പറയണം. പൊതുഖജനാവിൽ നിന്നും പണം മുടക്കി നിയോഗിച്ച ഒരു കമ്മറ്റിയുടെ റിപ്പോർട് എന്തുകൊണ്ട് പൊതുജനങ്ങൾക്ക് മുമ്പാകെ ലഭ്യമാകുന്നില്ല എന്നതിന് ജനങ്ങളോട് കൃത്യമായ ഉത്തരം പറയാൻ സർക്കാരിന് ബാധ്യതയുണ്ട്.

ഹേമ കമ്മറ്റിക്ക് മുമ്പാകെ ചലച്ചിത്ര വ്യവസായത്തിലെ പലവിധ ചൂഷണങ്ങളെക്കുറിച്ചു നൽകിയ മൊഴികളും ഇതൊക്കെ പരിഗണിച്ചുകൊണ്ടുള്ള കമ്മറ്റിയുടെ നിർദ്ദേശങ്ങളും പ്രസിദ്ധപ്പെടുത്തണം. ചൂഷണത്തിനിരയായവരുടെ പേരുകൾ നിയമപരമായ അവരുടെ അവകാശമെന്ന നിലയിൽത്തന്നെ വെളിപ്പെടുത്താതിരിക്കുകയും വേണം.

silver leaf psc academy, silver leaf psc academy kozhikode, kerala psc silver leaf academy, kerala psc coaching kozhikode

കമ്മറ്റി റിപ്പോർട് പ്രസിദ്ധപ്പെടുത്തരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ ആവശ്യപ്പെട്ടു എന്നാണ് സർക്കാർ പറയുന്നത്. റിപ്പോർട് തരാനാണ് കമ്മറ്റിയോട് ആവശ്യപ്പെട്ടിരിക്കുന്നത്, പ്രസിദ്ധപ്പെടുത്തരുത് എന്ന് പറയാൻ ആരുടെയെങ്കിലും അച്ചാരം അവർ വാങ്ങിയിട്ടുണ്ടെങ്കിൽ അതനുസരിക്കാൻ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന് ബാധ്യതയില്ല, അതിനുള്ള അവകാശവുമില്ല. എന്തിനാണ് കമ്മറ്റി റിപ്പോർട് പ്രസിദ്ധപ്പെടുത്തണമെന്ന് ഇത്ര വാശി എന്നാണ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ ചോദിക്കുന്നത്.

സജി ചെറിയാന്റെ സാംസ്കാരിക രാഷ്ട്രീയ ബോധത്തിന് അത്രയല്ലേ പറഞ്ഞുള്ളു എന്നാശ്വസിക്കുകയെ നിവൃത്തിയുള്ളു. എന്തെങ്കിലുമൊക്കെ കൊടുത്തും വാങ്ങിയും കാര്യങ്ങളൊക്കെ ഒത്തുതീർത്ത് പരിപാടി മുന്നോട്ടുപോകണം എന്ന നിലയിലെ പുത്തൻ രാഷ്ട്രീയനേതൃത്വമാണ് സ ചെ പ്രതിനിധാനം ചെയ്യുന്നത്. നീതി, തുല്യത എന്നതൊക്കെ അവിടെ അപരിചിതമായ വാക്കുകളാണ്.

മന്ത്രി രാജീവ് ഇന്നിപ്പോൾ ചെയ്തത് ഹേമ കമ്മറ്റി റിപ്പോർട്ട് സംബന്ധിച്ച ഒരു പരമാർശം മാത്രമല്ല. അത് ചലച്ചിത്രമേഖലയിലെ തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന ചൂഷണത്തിനെതിരെ ചെറിയ തോതിലെങ്കിലും ചെറുത്തുനിൽക്കുന്ന ഒരു വനിതാ സംഘടന തങ്ങളുടെ വരുതിക്ക് നിൽക്കാത്തതുകൊണ്ട് അതിനെ ഒതുക്കിത്തീർക്കാനുള്ള കൃത്യമായ അമ്പ് കൂടിയാണ് മന്ത്രി തൊടുത്തത്. അതായത് WCC-യുടെ വിശ്വാസ്യത നശിപ്പിക്കുക എന്നതാണ് ഉദ്ദേശം.

ചൂഷണം നേരിട്ട സ്ത്രീകളുടെ പേരുവിവരങ്ങൾ മറച്ചുവെച്ചുകൊണ്ട് റിപ്പോർട് പ്രസിദ്ധീകരിക്കണം എന്ന നിലപാടാണ് WCC എടുത്തിട്ടുള്ളത്. നിയമപരമായി അത്തരമൊരു നിലപാടാണ് ആർക്കും എടുക്കാൻ സാധിക്കുകയുള്ളു. അപ്പോൾ എന്തുകൊണ്ടാണ് കൂടുതൽ ചൂഷണാരോപണങ്ങൾ മലയാള ചലച്ചിത്ര വ്യവസായത്തിനെ നിയന്ത്രിക്കുന്ന പുരുഷ നേതൃത്വത്തിനെതിരെ ഉന്നയിക്കപ്പെടുന്ന ഒരു സമയത്ത് സ്ത്രീകളുടെ ഒരു സംഘടനയെ തീർത്തും അകാരണമായി അതിന്റെ വിശ്വാസ്യത നശിപ്പിക്കുന്ന ഒരു പ്രസ്താവന നടത്തി പ്രതിരോധത്തിലാക്കാം എന്ന് മന്ത്രി രാജീവ് തീരുമാനിച്ചത്?

സി പി ഐ (എം) കേന്ദ്ര സമിതി അംഗം കൂടിയായ രാജീവ് ഒരു വസ്തുതാ പരാമർശം നടത്തിയതാണെന്ന് കരുതാൻ ബുദ്ധിമുട്ടുണ്ട്. മലയാള ചലച്ചിത്രവ്യവസായത്തിലെ ഏക വനിതാ സംഘടനയെയും അതിന്റെ ചെറുത്തുനിൽപ്പുകളേയും ദുർബ്ബലമാക്കുക എന്ന കൃത്യമായ ലക്ഷ്യമാണ് രാജീവിന്റെ പ്രസ്താവനയുടെ പിന്നിലുള്ളത്. താര സംഘടനകളുടെയും അവർക്ക് വേണ്ടപ്പെട്ട സാങ്കേതിക, നിർമ്മാണ സംഘടനകളുടെയും ഭാരവാഹികളുമായി അടുത്ത ബന്ധം പുലർത്തുന്ന രാഷ്ട്രീയനേതൃത്വമാണ് കേരളത്തിലെ ഭരണകക്ഷിക്കുള്ളത്.

രഞ്ജി പണിക്കരും, ബി ഉണ്ണികൃഷ്ണനും, രഞ്ജിത്തും പോലുള്ളവരാണ് സി പി എമ്മിന്റെ തെരഞ്ഞെടുപ്പുകാല ബിംബനിർമ്മിതികൾക്കുവേണ്ടി പ്രയത്നിച്ചവർ. ഇവരാരും തന്നെ WCC ഉയർത്തിയ ഏതെങ്കിലും വിഷയത്തിൽ തങ്ങളുടെ സംഘടനകളിലോ പുറത്തോ അതിനുവേണ്ടി സംസാരിച്ചവരോ അഭിപ്രായം പറഞ്ഞവരോ അല്ല. ഇത്രയൊക്കെയായിട്ടും രഞ്ജിത്തിനെയും ബി ഉണ്ണികൃഷ്ണനെയും പോലുള്ളവരൊക്കെ വിവിധ സർക്കാർ സമിതികളിൽ പദവികളിലെത്തുകയും ചെയ്തു.ആക്രമിക്കപ്പെട്ട തങ്ങളുടെ സഹപ്രവർത്തകയ്ക്ക് വേണ്ടിയും സമാനമായ മറ്റു ചൂഷണങ്ങൾക്കെതിരെയും ശബ്ദമുയർത്തി, അതിന്റെ ഭാഗമായി തൊഴിലവസരങ്ങൾപ്പോലും നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായ ചലച്ചിത്രപ്രവർത്തകരായ ഒരു കൂട്ടം സ്ത്രീകളെ തന്റെ പദവി നൽകുന്ന ബലത്തിൽ നാണംകെടുത്താനുള്ള മന്ത്രി രാജീവിന്റെ ശ്രമം തങ്ങൾക്ക് വഴങ്ങാത്ത ഒരു സംഘടനയും പ്രതിരോധവും വേണ്ടെന്നും തങ്ങളുൾപ്പെടുന്ന ‘പുത്തൻ വർഗ്ഗത്തിലെ’ പുരുഷമേധാവികളെ തുറന്നുകാട്ടുന്ന ഒന്നുംതന്നെ അനുവദിക്കില്ലെന്നുമുള്ള അധികാരഹുങ്കിന്റെ കുടിലതയാണ്.

ഹേമ കമ്മറ്റി റിപ്പോർട് പരസ്യപ്പെടുത്തണമെന്ന് എന്താണിത്ര വാശി എന്ന് മന്ത്രി സജി ചെറിയാൻ ചോദിക്കുമ്പോൾ അത് പരസ്യപ്പെടുത്താതിരിക്കാൻ സർക്കാരിന് എന്താണിത്ര വെപ്രാളം എന്നാണ് പൊതുസമൂഹം ചോദിക്കുന്നത്. ആരെ സംരക്ഷിക്കാനാണ് സർക്കാർ ഇത് പൂഴ്ത്തിവെക്കുന്നത്? റിപ്പോർട് പരസ്യപ്പെടുത്താതിരിക്കാൻ കമ്മറ്റി അധ്യക്ഷ ഹേമ എന്ത് കാരണങ്ങളാണ് പറഞ്ഞത്? ഒരു കമ്മറ്റിയുടെ നിർദ്ദേശങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനും തുടർനടപടികൾക്കുമായി സർക്കാർ യോഗം വിളിക്കുമ്പോൾ കമ്മറ്റി എന്തടിസ്ഥാനത്തിലാണ് തങ്ങളുടെ നിഗമനങ്ങളിലും നിർദ്ദേശങ്ങളിലും എത്തിയതെന്നറിയാതെ ഹേമയുടെ വചനങ്ങൾ എന്ന മട്ടിൽ സ്വീകരിക്കാൻ കഴിയില്ലല്ലോ.

കമ്മറ്റി റിപ്പോർട്ടിലെ മൊഴികൾ പുറത്തുവന്നാൽ അത് കേരളത്തിൽ ഭരണനേതൃത്തിലും പൊതുസമൂഹത്തിലും സ്വാധീനമുള്ള പലരേയും അതിഗുരുതരമായ പ്രതിസന്ധികളിലേക്ക് തള്ളിവിടും എന്നുള്ളതുകൊണ്ടാണ് ഹേമ കമ്മറ്റി റിപ്പോർട് സർക്കാർ പൂഴ്ത്തിവെക്കുന്നത് എന്നാണ് സാമാന്യമായി കരുതാവുന്നത്. മലയാള ചലച്ചിത്ര മേഖലയിലെ ആരെയാണ് സർക്കാരിന് സംരക്ഷിക്കാനുള്ളത്? പണമിറക്കി ലാഭമുണ്ടാക്കുന്ന ഒരു വ്യവസായത്തിൽ അതിലെ പീഡകരുമായി ഭരണകക്ഷി നേതൃത്വത്തിന് എന്തുതരം ചുറ്റിക്കളികളാണുള്ളത്?

kerala psc coaching kozhikode

പലതുമുണ്ട് എന്നതുകൊണ്ടാണ് അതിജീവിതകൾക്കൊപ്പം പോരാടുന്ന ഒരു വനിതാ സംഘടനയെ ഇരട്ടത്താപ്പെന്ന് അവഹേളിക്കാൻ മന്ത്രിയും സർക്കാരും തയ്യാറായത്. തങ്ങളുടെ ഔദാര്യമാണ് ജനങ്ങളുടെ പൗരാവകാശങ്ങളെന്ന് വിശ്വസിക്കുന്ന കടുത്ത ജനാധിപത്യവിരുദ്ധതയിൽ നിന്നാണ് രാജീവും സജി ചെറിയാനുമൊക്കെ സംസാരിക്കുന്നത്. തങ്ങളുടെ നിയന്ത്രണങ്ങൾക്കനുസരിച്ച് സംസാരിക്കുന്ന സ്ത്രീവിമോചനമാണ് അവരുദ്ദേശിക്കുന്നത്.

അഖിലേന്ത്യാ മഹിളാ അസോസിയേഷൻ (AIDWA) സഖാക്കൾക്ക് ചെയ്യാവുന്ന ഒരു രാഷ്ട്രീയ പ്രവർത്തനം തിരുവാതിര കളിക്കലാണെന്നും അതിൽ കാരണഭൂതനെ വാഴ്ത്തലാണെന്നും കണ്ടെത്തിയ പാർട്ടി നേതൃത്വത്തിന് ഈ വാശിയെന്തിനാണ് എന്ന് രോഷം തോന്നുന്നതിൽ അത്ഭുതമില്ല. ആധുനിക ജനാധിപത്യസമൂഹത്തിന്റെ സാമൂഹ്യവിമോചനബോധത്തിനെ ഉൾക്കൊള്ളാനോ അംഗീകരിക്കാനോ കഴിയാത്തവിധത്തിൽ ഏതോ പഴയകാലത്തിൽ തമ്പടിച്ചുനിൽക്കുന്ന രാഷ്ട്രീയനേതൃത്വം കേരളത്തിനെ മുന്നോട്ടുപോകാൻ അനുവദിക്കാനാകാത്ത വിധത്തിൽ ഭാവനാശൂന്യരാണ്.

പ്രമോദ് പുഴങ്കര ഫേസ്ബുക്കില്‍ കുറിച്ചത്‌

ഹേമ കമ്മറ്റി: ആരെയാണ് സർക്കാരിന് സംരക്ഷിക്കാനുള്ളത്?
80%
Awesome
  • Design