കനത്തമഴ: കളക്ടര്‍ അവധി പ്രഖ്യാപിച്ചില്ല, മകന് അവധി നല്കി അച്ഛന്
കോഴിക്കോട്: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിക്കുന്നത് എല്ലാ മഴക്കാലത്തും പതിവാണ്. വിദ്യാര്‍ത്ഥികള്‍ രാവിലെ എഴുന്നേറ്റാല്‍ സോഷ്യല്‍ മീഡിയയില്‍ ആദ്യം തിരയുന്നത് കളക്ടറുടെ പേജില്‍ അവധി പ്രഖ്യാപനം വന്നിട്ടുണ്ടോയെന്നാണ്.
കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയില്‍ അധികമായി മഴ തുടര്‍ച്ചയായി പെയ്തു കൊണ്ടിരിക്കുകയാണ്. തിങ്കളാഴ്ചയും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ പ്രവചനം. കളക്ടര്‍ അവധി പ്രഖ്യാപിക്കുമെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതീക്ഷിക്കുക സ്വാഭാവികം.
എന്നാല്‍, കളക്ടറുടെ അവധി പ്രഖ്യാപനം കാണാത്തതിനാല്‍ ഒരു രക്ഷിതാവ് തന്റെ മകന് അവധി പ്രഖ്യാപിക്കുകയും അക്കാര്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
മിതോഷ് ജോസഫാണ് മകന് അദ്വൈതിന് അവധി നല്‍കിയത്.
“കോഴിക്കോട് കനത്തമഴയും വെള്ളപ്പൊക്ക ഭീഷണിയും ഉള്ളതിനാല്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായ എന്റെ മകന് അദ്വൈതിന് ഒരു രക്ഷിതാവ് എന്ന നിലയില്‍ ഞാന്‍ ഇന്ന് അവധി പ്രഖ്യാപിക്കുന്നു. ഓര്‍ക്കുക ഈ അവധി മറ്റ് കുട്ടികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ബാധകമല്ല . NB :- ഇനി എന്തിന് ടെന്‍ഷന്‍ . കളക്ടര്‍ വീട്ടില്‍ തന്നെ,” മിതോഷ് കുറിച്ചു.