ഇന്ത്യന്‍ ക്രിക്കറ്റിലെ ഐതിഹാസിക നിമിഷങ്ങള്‍
ജിതിന് രാജ്മോഹന്‍
1. അനിൽ കുംബ്ലെ ഒരു ഇന്നിംഗ്സിലെ 10 വിക്കറ്റ് നേട്ടം
ഫിറോസ് ഷാ കോട്ലയിലെ ടെസ്റ്റിൽ ഒരു ഇന്നിംഗ്സിലെ മുഴുവൻ വിക്കറ്റുകളും കുംബ്ലെ നേടി. ക്രിക്കറ്റിന്റെ ശൈശവ കാലഘട്ടത്തിൽ എപ്പോഴോ ജിം ലേക്കർ നേടിയ നേട്ടം പിന്നീട് ലോകം ദര്‍ശിച്ചത് അനിൽ കുംബ്ലെയിലൂടെ മാത്രം. ലോക റിക്കാർഡ്..!
2. കപിൽ ദേവിന്റെ ഹിസ്റ്റോറിക്ക് 175
1983 ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ 17/5 എന്ന നിലയിൽ ഇന്ത്യ തകർച്ചയെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കപിലിന്റെ ഐതിഹാസികമായ ഇന്നിംഗ്സ് പിറക്കുന്നത്. 138 പന്തിൽ കപിൽ ആറു സിക്സും 16 ഫോറുമടക്കം175 റൺസ് അടിച്ചെടുക്കുമ്പോ അത് അന്നത്തെ ലോക റിക്കാർഡ് സ്കോർ ആയിരുന്നു. ഒരു വശത്ത് വിക്കറ്റുകൾ വീണപ്പോൾ ഒൻപതാം വിക്കറ്റിൽ കിർമണിയെ കൂട്ടു പിടിച്ചു കൊണ്ടു 126 റൺസ് സ്കോർബോർഡിൽ ചേർത്തു എന്നറിയുമ്പോഴാണ് ഈ ഇന്നിംഗ്സ് ന്റെ മഹത്വം വെളിവാവുന്നത്. ദൗർഭാഗ്യവശാൽ ഈ ഇന്നിംഗ്സ് റെക്കോർഡ് ചെയ്യപ്പെട്ടില്ല, ബിബിസി ക്യാമറാമാന്മാർ സമരത്തിൽ ആയതായിരുന്നു കാരണം. ഇന്ത്യൻ ക്രിക്കറ്റ് ഫാന്‍സിന്റെ തീരാത്ത നഷ്ടം..
3. കുംബ്ലെ ബ്രോക്കൻ ജോ, ആന്റിഗ്വ ടെസ്റ്റ്
അനിൽ കുംബ്ലെ താടിയെല്ലിന് പൊട്ടൽ ഏറ്റു അടിയന്തര സർജറി ആവശ്യപ്പെട്ടു നിൽക്കുന്ന സമയത്ത് എല്ലാവരെയും അമ്പരിപ്പിച്ചു കൊണ്ടു കുംബ്ലെ ബോള്‍ ചെയ്യാൻ തയ്യാറായി. 14 ഓവറുകൾ എറിഞ്ഞ ആ സ്പെല്ലിൽ ബ്രയാൻ ലാറയുടെ വിക്കറ്റ് എടുത്താണ് കുംബ്ലെ പോരാട്ടം അവസാനിപ്പിച്ചത്. അന്നത്തെ ടീം ഫിസിയോ ഓരോ ഓവറുകൾക്ക് ഇടയിലും കുംബ്ലെ യുടെ ബാൻഡേജ് ടൈറ്റ് ചെയ്തു കൊടുത്തു കൊണ്ടിരുന്നു. Kumble was playing with a ‘moving jaw’ അത് കൊണ്ട് തന്നെ അപ്പീൽ ചെയ്യരുതെന്ന കർശന നിർദേശവും ഉണ്ടായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഫിയര്‍ലെസ് ബാറ്റ്സ്മാൻ എന്നു വിശേഷിപ്പിച്ച സർ വിവയൻ റിച്ചാർഡ്സ് കുംബ്ലെയുടെ ഈ പ്രകടനത്തിനെ വാനോളം പുകഴ്ത്തിയിരുന്നു അന്ന്.
4. യുവരാജിന്റെ ഒരോവറിലെ 6 സിക്സസ്
മാസങ്ങൾക്ക് മുൻപ് ഇംഗ്ലീഷ് പരമ്പരയിൽ യുവരാജിന്റെ ഒരോവറിൽ മസ്ചാരൻസ് 5 സിക്സറുകൾ നേടിയിരുന്നു. 2007 ലെ പ്രഥമ t20 ലോകകപ്പിലെ നിര്‍ണായക മത്സരം. തൊട്ട് മുൻപത്തെ ഓവറിൽ ഫ്ളിന്റോഫിന്റെ ചില ഇടപെടലുകൾ യുവി ഒരല്പം ചാർജ്ജ് ചെയ്തു എന്നത് സത്യമാണ്. പക്ഷെ മുന്നിൽ കിട്ടിയത് സ്റ്റുവർട്ട് ബ്രോഡ് നെയാണ്. തലങ്ങും വിലങ്ങും ബാറ്റ് വീശി യുവി കലി തീർത്തപ്പോൾ സ്കോഡ്ബോർഡിൽ വിരിഞ്ഞത് 6,6,6,6,6,6 എന്ന മാജിക്ക് ഫിഗർ ആണ്. രവി ശാസ്ത്രി യുടെ കമന്ററി ആ മൊമെന്റിനെ ഐതിഹാസികമാക്കി മാറ്റി..
5. 1983 ലെ ലോകകപ്പ് വിജയം
ലതാ മങ്കേഷ്ക്കറുടെ ഗാനമേള നടത്തി പണം കണ്ടെത്തിയാണ് ഇന്ത്യ ഈ ലോകകപ്പിന് ഇംഗ്ലണ്ടിലേക്ക് വിമാനം കയറുന്നത്. ആദ്യ വിജയങ്ങൾ ഫ്ലൂക്ക് ആയി കണ്ട എതിരാളികളെ ഓരോ മത്സരങ്ങൾ കഴിയും തോറും ഇന്ത്യ ഞെട്ടിച്ചുകൊണ്ടിരുന്നു. ഫൈനലിൽ ഇന്ത്യയെ നേരിടുമ്പോൾ ഹാട്രിക്ക് കിരീടം നേടാൻ കാത്തിരുന്ന വിൻഡീസ് ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡിന് തോൽവി എന്ന ഭയം മനസ്സില്‍ വീണത് വിവയൻ റിച്ചാര്‍ഡ്സിനെ കപിൽ പുറത്താക്കിയ ശേഷമാണ്. റിച്ചാർഡ്സ് ഉയർത്തിയടിച്ച പന്ത് 20 വാര പിന്നോട്ട് ഓടി കപിൽ കൈക്കലാക്കി. അതിൽ നിന്ന് വിൻഡീസ് കര കയറിയില്ല. അന്നത്തെ ക്ലാസിക്ക് പത്ര തലകെട്ടുകളുടെ ശൈലിയിൽ പറഞ്ഞാൽ “കപിലിന്റെ ചെകുത്താന്മാർ ലോകത്തിന്റെ പറുദീസയിൽ” !
6. രോഹിത്ത് ശർമ്മ 264 !
വിശദീകരണങ്ങൾ അവശ്യമില്ലാത്ത നേട്ടം. പത്ത് വർഷം മുൻപ് 264 എന്ന ടീം ടോട്ടൽ ഒരു ബിഗ് സ്കോർ ആയിരുന്നു എന്നത് മാത്രം നോക്കിയാൽ മതി രോഹിത് ന്റെ നേട്ടത്തിന്റെ വലിപ്പം അറിയാൻ. നിലവിൽ ഏകദിന ക്രിക്കറ്റ് ലെ ഏറ്റവും വലിയ ഇനിങ്ങ്സുകൾ ഇയാളുടെ പേരിൽ തന്നെ. ഇന്ത്യൻ ക്രിക്കറ്റ് ലെ അഭിമാന സ്തംഭം..
7. 2003 ലോകകപ്പ് ഫൈനൽ
ആദ്യ രണ്ടു മാച്ചുകളിലെ മോശം പ്രകടനത്തെ തുടർന്ന് ഇന്ത്യൻ ആരാധകർ പ്രതീകാത്മകമായി ഇന്ത്യൻ ടീമിന്റെ ശവദാഹം നടത്തി, കൈഫിന്റെ വീടിന് നേരെ കല്ലേറുണ്ടായി..അവിടെ നിന്നങ്ങോട്ട് ലോകം കണ്ടത് പുതിയ ഒരു ഇന്ത്യൻ ടീമിനെയാണ്. ന്യൂസിലണ്ടിനെയും പാകിസ്താനെയും ഇംഗ്ലണ്ട് നേയും ശ്രീലങ്കയും സിംബാബ്വെയെയും കെനിയയെയും മറികടന്നു ഇന്ത്യയെ സച്ചിനും ഗാംഗുലിയും പേസ് ബോളിങ് ത്രയങ്ങളും ചേർന്ന് ഫൈനൽ വരെ എത്തിച്ചു. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ആളുകളുടെ കണ്ണീർ വീണ മത്സരം എന്ന നിലയിലാണ് 2003 ലെ ഫൈനൽ ചരിത്രത്തിൽ കയറുന്നത്, സ്വപ്ന ലോകത്തായിരുന്നു നമ്മൾ നമുക്ക് എത്തി പിടിക്കാവുന്നതിലും എത്രയോ മുകളിലായിരുന്നു അന്നത്തെ ഓസ്ട്രേലിയ എന്നത് നമ്മൾ തന്നെ മറന്നു പോയിരുന്നു. ആദ്യ ഓവറിലെ സച്ചിന്റെ മടക്കം ക്രിക്കറ്റിലെ ഇന്നും തീരാത്ത വേദനയാണ്.
8. 2001 കല്‍ക്കട്ട ടെസ്റ്റ്
തുടർച്ചയായ പതിനാറാം ടെസ്റ്റ് വിജയം ലക്ഷ്യമാക്കിയാണ് സ്റ്റീവ് വോ കൊൽക്കത്തയിൽ എത്തിയത്. ഇന്ത്യ കോഴ വിവാദം ഏൽപിച്ച ആഘാതത്തിൽ നിന്ന് പതുക്കെ കര കയറുന്നതേ ഉള്ളൂ. ആദ്യ ഇന്നിങ്സിലെ മോശം പ്രകടനത്തിന് ശേഷം ഇന്ത്യയെ വേഗം ചുരുട്ടി കൂട്ടുക എന്ന ഉദേശത്തിൽ വോ ഇന്ത്യയോട് ഫോളോ ഓണ്‍ ചെയ്യാൻ ആവശ്യപ്പെട്ടു. ഇന്ത്യ ബാറ്റിംഗ് തുടങ്ങി, VVS ലക്ഷ്മണും ദ്രാവിഡും ഒപ്പം ചേർന്നു, പിന്നെ നടന്നത് ചരിത്രമാണ്. 281 റൺസ് നേടിയ വെരി വെരി സ്പെഷ്യൽ ലക്ഷ്മണും 180 റണ്‍സ് നേടിയ ദ്രാവിഡും ചേർന്നു ഇന്ത്യക്ക് സമ്മാനിച്ചത് 657 എന്ന കൂറ്റൻ ടോട്ടലാണ്. ഓസ്ട്രേലിയക്ക് മുന്നിൽ ടാർജറ്റ് 384, ഹർഭജൻ സിങ്ങ് എന്ന സ്പിൻ മാന്ത്രികൻ 75 ഓവറുകൾക്ക് ഇടയിൽ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള വിജയം..
9. 2002 നാറ്റ് വെസ്റ്റ് ഫൈനൽ
അല്പം പരിഹാസത്തോടെ തന്നെ പറയാം, ക്രിക്കറ്റ് “മാന്യന്മാരുടെ” കളിയാണ്, ഫുട്ബോളിലേത് പോലെ ഷർട്ട് ഊരി കറക്കലും തല കുത്തി മറിഞ്ഞുള്ള സെലിബറേഷനും അടക്കമുള്ള ആഘോഷങ്ങൾക്ക് മിതത്വം പാലിക്കുന്ന രീതിയാണ് ക്രിക്കറ്റിനുള്ളത്. എന്നാൽ ഇന്ത്യൻ പര്യടനത്തിന് വന്ന ആൻഡ്രൂ ഫ്ലിന്റോഫാണ് ഈ നിയമം തെറ്റിച്ചു കൊണ്ടു തന്റെ ഷർട്ടൂരി കറക്കി കൊണ്ടു wankhade സ്റ്റേഡിയത്തിലെ അര ലക്ഷം ഇന്ത്യക്കാർക്ക് മുന്നിൽ അഴിഞ്ഞാടിയത്. മാസങ്ങൾ കഴിഞ്ഞു. ഇന്ത്യൻ ആരാധകരും ഇംഗ്ലീഷ് ക്രിക്കറ്റേഴ്സും അതൊക്കെ മറന്നു കഴിഞ്ഞിരുന്നു, ഒരാളൊഴികെ. സൗരവ് ഗാംഗുലി, വ്യക്തിപരമായി ഏറ്റ മുറിവുകളെക്കാളും അയാളെ വേദനിപ്പിച്ചിരുന്നത് ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റ മുറിവുകളായിരുന്നു. മുഹമ്മദ് കൈഫും സഹീർ ഖാനും ചേർന്നു അവസാന ഓവറിലെ വിജയ റൺസ് ഓടിയെടുക്കുമ്പോൾ ലോഡ്സിന്റെ ബാൽക്കണിയിൽ ക്രിക്കറ്റിന്റെ സകല ഡിസിപ്ലിനും കാറ്റിൽ പറത്തി കൊണ്ടു ഇന്ത്യൻ ക്രിക്കറ്റിന്റെ ദാദ തന്റെ ഷർട്ട് ഊരി കറക്കി. “ലോഡ്സ് ഇംഗ്ലീഷ് ക്രിക്കറ്റിന്റെ മക്കയാണ്, നിങ്ങൾ ചെയ്തത് തെറ്റാണ്..” എന്ന വിമർശനത്തിന് ഗാംഗുലിക്ക് മറുപടി ഉണ്ടായിരുന്നു..’Lords is yours, Wanghede is ours”
10. 2011 ലോകകപ്പ് വിജയം
28 വർഷങ്ങൾക്ക് ശേഷം ഇന്ത്യ നേടിയ ലോകകപ്പ് വിജയം. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പ്ലേയർ നമ്മുടെ സ്വന്തം സച്ചിന്റെ കരിയർ ഒരു ലോകകപ്പ് ഇല്ലാതെ പോവുമോ എന്ന സങ്കടം കഴുകി കളഞ്ഞ ഐതിഹാസിക വിജയം. സച്ചിനും സഹീറും യുവിയും ഗംഭീറും ചേർന്നു ലോകകപ്പ് നേടി തരുമ്പോൾ , സുനിൽ ഗാവസ്കർ പറഞ്ഞത് പോലെ ഇന്ത്യൻ ക്രിക്കറ്റിന് എം എസ് ധോണി നൽകിയ ഏറ്റവും മൂല്യമുള്ള സംഭാവന കുലശേഖര യുടെ ബോള്‍ സിക്സറിടിച്ചു കൊണ്ടു ഫിനിഷ് ചെയ്ത മോമന്റാണ്. ആ ഷോട്ടാണ് ചരിത്രത്തിന്റെ ഭാഗമാവുന്നത്.
11. ഇൻഡീപെൻഡൻസ് കപ്പിലെ റെക്കോർഡ് ചെയ്സ്
ഇന്ത്യ പാകിസ്ഥാൻ പോരാട്ടങ്ങൾ മദർ ഓഫ് ഓൾ റൈവൽറീസ് എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഇന്ത്യക്ക് മുന്നിൽ ഒരുക്കിയത് 315 എന്ന റണ്‍മലയാണ് അതും 48 ഓവറിൽ. അന്നോളം ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരു ടീമും മറികടക്കാത്ത ടോട്ടൽ..സൗരവ് ഗാംഗുലിയും റോബിൻ സിംഗും നിർണ്ണായക ഇനിങ്ങ്സുകൾ കളിച്ചു മുന്നിൽ നിന്നു നയിച്ചപ്പോൾ ഇന്ത്യക്കാരുടെ മനസ്സിൽ തങ്ങി നിന്ന ഓർമ്മ ഋഷികേശ് കനിത്കർ ആയിരിക്കും. കനിത്കർ ഫോറടിച്ചു ജയിപ്പിച്ച കളി എന്നാണ് ഇന്നും നമ്മുടെ മനസ്സിൽ ഈ മത്സരം ഓർക്കുന്നത്.
12. സച്ചിന്റെ ഇരട്ട സെഞ്ചുറി: 2010 ഫെബ്രുവരി 24
സയീദ് അന്‍വര്‍ 194 റണ്‍സ് നേടി കളി അവസാനിപ്പിച്ചപ്പോൾ ക്രിക്കറ്റ് ഭ്രാന്തന്മാർക്ക് ഒരു കാര്യം മനസ്സിലായി, ഏകദിനത്തിൽ 200 നേടുന്നത് എളുപ്പമല്ല. അതൊരു മോഹിപ്പിക്കുന്ന ഫിഗർ ആയി എല്ലാ കാലവും നിലനിൽക്കും. പിന്നീട് സച്ചിൻ ന്യൂസിലാന്റിൽ വച്ചു 200 നേടുമോ എന്ന തോന്നാലുണ്ടാക്കി, പക്ഷെ പേശി വലിവ് മൂലം സച്ചിന് പിൻവാങ്ങേണ്ടി വന്നു. വീണ്ടും നിരാശ. സച്ചിൻ വിരമിക്കണം, ഇനിയും എന്തിനു ഇയാൾ കളിക്കണം എന്നൊക്കെ അക്കാലത്ത് വിമർശിച്ച അനേകം ക്രിട്ടിക്സിന്റെ കരണം പൊത്തി നൽകിയ മറുപടിയാണ് അന്ന് ഗ്വാളിയർ കണ്ടത്. കരിയറിന്റെ സായാഹ്നത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കർ തന്നെ വേണ്ടി വന്നു, ആ മാജിക്ക് ഫിഗർ ആദ്യമായി unlock ചെയ്യാൻ. സച്ചിൻ എല്ലാ കാലത്തും വിമർശനങ്ങളെ നേരിട്ടത് ബാറ്റ് കൊണ്ടാണ്, അതിന്റെ ചൂടറിഞ്ഞവരാണ് അക്തരും, ഒലോങ്ക യും കാഡിക്കും അടക്കമുള്ളവർ..
13. സെവാഗിന്റെ ട്രിപ്പിൾ സെഞ്ചുറി
“ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള സ്കിലും ഫുട്ട് വർക്കും ഇയാൾക്കില്ല. ഇയാളുടെ ടെസ്റ്റ് കരിയർ അധിക കാലം നീളില്ല..”തനിക്ക് നേരെ വന്ന ഇത്തരം വിമർശനങ്ങളെ ചവിട്ട് പടിയാക്കി മാറ്റിയ കരിയറാണ് വീരേന്ദർ സെവാഗ് ന്റേത്, നമ്മുടെ സ്വന്തം വീരു. രണ്ടു ട്രിപ്പിൾ സെഞ്ചുറികൾ നേടിയ വീരുവിന്റെ കരിയറിലെ ഏറ്റവും തിളക്കമുള്ള നേട്ടമാണ് ഈ പ്രഥമ ട്രിപ്പിൾ സെഞ്ചുറി..സെവാഗ് ന് ശേഷവും മുൻപും എന്നു കൃത്യമായി ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് നെ വിഭജിക്കാം. വീരു നൽകിയ മികച്ച തുടക്കങ്ങൾക്ക് മുകളിലായിരുന്നു ഇൻഡ്യയുടെ പല വലിയ വിജയങ്ങളും പടുത്തുയർത്തിയത്.
14. ഇർഫാൻ പത്തന്റെ ആദ്യ ഓവറിലെ ഹാട്രിക്
കറാച്ചിയിലെ മഞ്ഞു മൂടിയ അന്തരീക്ഷത്തിൽ ടോസ് നേടിയ ദ്രാവിഡ് ആദ്യം ബോളിങ് തിരഞ്ഞെടുത്തു. ന്യൂ ബോളിൽ ആദ്യ ഓവർ എറിയുന്നത് ഇർഫാൻ പത്താൻ. ഇര്‍ഫാന്റെ മികച്ച ഒരു ഔട്ട് സ്വിങ്ങര്‍ സൽമാൻ ഭട്ടിന്റെ ബാറ്റിനെ ചുംബിച്ചു കൊണ്ടു സ്ലിപ്പ് ഫീല്ഡരുടെ കയ്യിലേക്ക്. പിന്നെ വന്നത് യൂനിസ് ഖാൻ, സൽമാൻ ഭട്ടിന് നേരെ എറിഞ്ഞ അതേ ഔട്ട് സ്വിങർ തന്നെ യൂനിസ് ഖാന് മുന്നിൽ ഇൻസിങ്ങാറായി അവതരിച്ചു. പന്ത് ബാറ്റിൽ കിട്ടിയില്ല പകരം പാഡിലാണ് കൊണ്ടത്. Lbw അപ്പീൽ ചെയ്തു. ഫലം യൂനിസ് ഖാൻ പുറത്ത്. ഇർഫാൻ ഓണ്‍ എ ഹാട്രിക്ക്.. ബോള്‍ നേരിടുന്നത് പാകിസ്താന്റെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ മുഹമ്മദ് യൂസഫ്, യൂസഫിനും ഒന്നും ചെയ്യാൻ ഉണ്ടായില്ല. മറ്റൊരു ഇൻസ്വിങ്ങര്‍ യൂസഫിന്റെ ബാറ്റിനെയും പാഡിനെയും മറികടന്നു പോയപ്പോൾ ലോക ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഒരു ഹാട്രിക്ക് ആണ് അന്ന് ഇന്ത്യൻ ആരാധകർ കണ്ടത്. ആദ്യ ഓവറിൽ തന്നെ ഇര്ഫാന് ഹാട്രിക്ക്..!
15. 2007 ആദ്യ t20 ലോകകപ്പ് വിജയം
പ്രഥമ t20 ലോകകപ്പ് എന്ന ആശയം വന്നപ്പോൾ പേര് കേട്ട ബിഗ് ഹിറ്റർമാരൊന്നും ഇല്ലാത്ത ഇന്ത്യക്ക് ആരും സാധ്യത കല്പിച്ചില്ല. സഹീർ ഖാനും, സച്ചിനും ദ്രാവിഡും ഗാംഗുലിയും അടക്കമുള്ള പ്രമുഖർ മാറി നിന്നപ്പോൾ മുൾക്കിരീടവുമായി സൗത്ത് ആഫ്രിക്കയിൽ ഇന്ത്യൻ ടീമിനെ നയിച്ചത് മഹേന്ദ്ര സിംഗ് ധോണി. എല്ലാവരും എഴുതി തള്ളിയ ടീം ആയത് തന്നെയായിരുന്നു ധോണിയുടെ ധൈര്യം.. യുവരാജിന്റെ, ഗംഭീറിന്റെ, ആര് പി സിങ്ങിന്റെ, നമ്മുടെ ശ്രീശാന്തിന്റെയൊക്കെ വ്യക്തിഗത നേട്ടങ്ങൾക്കുമപ്പുറം ആ ടീമിനെ ലോക ക്രിക്കറ്റിന്റെ ഉന്നതിയിൽ എത്തിച്ചതിന്റെ മുഴുവൻ ക്രെഡിറ്റും മഹേന്ദ്ര സിംഗ് ധോണിക്ക് തന്നെ ഉള്ളതാണ്. ഓരോ നിർണ്ണായക നിമിഷങ്ങളിലും തീരുമാനങ്ങളിലും ആചഞ്ചലനായി, ധോണി ഉണ്ടായിരുന്നു.. ഇന്ത്യക്ക് ഒരു ലോകകപ്പ് നപ്പുറം MS ധോണി എന്ന ക്യാപ്റ്റനെ കൂടി ലഭിച്ച ടൂർണമെന്റ് ആയിരുന്നു അത്.
16. ഷാർജ കപ്പിലെ സച്ചിന്റെ ഹിസ്റ്റോറിക്ക് ഇന്നിംഗ്സ്
ഷാർജയിലെ 41 ഡിഗ്രി ചൂടിലും, മണൽ കാറ്റിലും സച്ചിൻ ടെണ്ടുൽക്കർ ഓസ്ട്രേലിയക്കെതിരെ മൂന്ന് ദിവസത്തിനിടയിൽ രണ്ടു സെഞ്ചുറികൾ നേടിയാണ് ഷാർജയിലെ കൊക്കക്കോള കപ്പ് ഇന്ത്യക്ക് സമ്മാനിച്ചത്. അന്നത്തെ ഓസ്ട്രേലിയയെ നേർക്കുനേർ പരാജയപ്പെടുത്തുന്ന ഏതൊരു മാച്ചും ഐതിഹാസികമാണ്. സച്ചിന്റെ ഈ sand storm ഇന്നിംഗ്സ് അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതായി വിലയിരുത്തുന്നു.
(ഫേസ് ബുക്കിലെ സ്പോര്‍ട്സ് പാരഡൈസോ ക്ലബില്‍ പ്രസിദ്ധീകരിച്ചത്)
Comments are closed.