സ്വർണ്ണക്കടത്ത്; അന്വേഷണം തടയാൻ സർക്കാർ നീക്കം: കെ.സുരേന്ദ്രൻ
കൊയിലാണ്ടി: സ്വപ്ന സുരേഷ് കോടതിയിൽ രഹസ്യമൊഴി രേഖപ്പെടുത്തിയതോടെ സ്വർണ്ണക്കടത്ത് കേസിൻ്റെ അന്വേഷണം തടയാനാണ് സർക്കാർ നീക്കമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേസിലെ പ്രധാന പ്രതി സരിത്തിനെ പാലക്കാട്ടെ ഫ്ലാറ്റിൽ നിന്നും തട്ടിക്കൊണ്ട് പോയത് ഇതിൻ്റെ തുടർച്ചയാണെന്നും കൊയിലാണ്ടിയിൽ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സ്വപ്നയ്ക്ക് സുരക്ഷ നൽകാൻ തയ്യാറാവണം. ഈ മുഖ്യമന്ത്രി അധികാരത്തിലിരിക്കുന്ന കാലത്തോളം കേസ് തെളിയില്ല. രക്ഷാകവചം ഉപേക്ഷിച്ച് അദ്ദേഹം അന്വേഷണത്തോട് സഹകരിക്കണം.
കേസ് അട്ടിമറിക്കാൻ മുമ്പും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടന്നിരുന്നു. സ്വപ്നയുടെ വെളിപ്പെടുത്തലിൻ്റെ പിറ്റേ ദിവസം പ്രതിയെ വിജിലൻസ് തട്ടിക്കൊണ്ട് പോയത് കേസ് അട്ടിമറിക്കാനാണോയെന്ന സംശയമുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.
അസാധാരണമായ സംഭവമാണ് കേരളത്തിൽ നടക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ രാജ്യദ്രോഹകേസിലാണ് ആരോപണം ഉയർന്നിരിക്കുന്നത്. അതീവ ഗൗരവതരമായ മൊഴിയാണ് പുറത്തുവന്നത്. ഇതിലും വലുത് പുറത്ത് വരാനുണ്ടെന്നാണ് മൊഴികൊടുത്ത ആൾ പറയുന്നത്. മുഖ്യമന്ത്രി അന്വേഷണം നേരിടുമെന്ന് പറയാൻ ഭയക്കുന്നതെന്താണ്? മടിയിൽ കനമില്ലാത്തതിനാൽ വഴിയിൽ ഭയമില്ലെന്ന് പറയുന്ന മുഖ്യമന്ത്രി വസ്തുതകൾ തുറന്നു പറയണം.
അദ്ദേഹത്തിൻ്റെ വിദേശ സന്ദർശനത്തിൽ ബാഗിൽ കറൻസി ഉണ്ടായിരുന്നെന്നാണ് സ്വപ്ന പറയുന്നത്. രണ്ട് വർഷം മുമ്പ് ബിജെപി ഇത് തുറന്ന് പറഞ്ഞതാണ്. അന്ന് എല്ലാവരും ഇത് രാഷ്ട്രീയ ആരോപണമാണെന്ന് പറഞ്ഞു. ബിജെപി പറഞ്ഞതെല്ലാം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്ര ഏജൻസികൾ അന്വേഷിച്ചപ്പോൾ ജയിലിൽ പോയി സ്വപ്നയെ കണ്ട് കേസ് അന്വേഷണം അട്ടിമറിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിച്ചത്. പൊലീസും ജയിൽ അധികൃതരുമാണ് അട്ടിമറിക്ക് നേതൃത്വം നൽകിയത്.
അധികാരപരിധിക്ക് പുറത്തുള്ള കേസുകൾ പോലും അന്വേഷിക്കുന്ന സംസ്ഥാന ഏജൻസികൾ സ്വപ്നയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാത്തത് അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വർണ്ണക്കടത്ത്; അന്വേഷണം തടയാൻ സർക്കാർ നീക്കം: കെ.സുരേന്ദ്രൻ
- Design