അറ്റാഷെ പോയ സ്ഥിതിക്ക് എൻഐഎ സ്വര്ണക്കടത്ത് അന്വേഷണത്തിൻ്റെ വഴി എന്താകും?
രഘു മട്ടുമ്മല്
ട്രിപ്പിൾ ലോക് ഡൗൺ സമയത്ത് സ്വപ്ന തിരുവനന്തപുരം വിട്ടതെങ്ങിനെ? സ്വപ്നയെ കർണ്ണാടകത്തിലേക്ക് കടക്കാൻ സഹായിച്ചതിന് പിന്നിലും ഉന്നത ബന്ധം. പോലീസ് സഹായമില്ലാതെ കടക്കാൻ കഴിയില്ല. ഇവർക്ക് പാസ് കൊടുത്തത് ആര്? മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയണം. എന്തൊരലർച്ചയായിരുന്നു ചാനൽ അവതാരകർക്ക്. ചർച്ചകളിൽ സി പി ഐ എം പ്രതിനിധികളെ തലങ്ങും വിലങ്ങും വിചാരണ ചെയ്തു.
ആ അലർച്ചയുടെ മുഴക്കം പ്രേക്ഷകരുടെ കാതുകളിൽ ഇപ്പോഴും അലോസരം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. അതേ കേസിൽ, രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചർച്ചയാകുന്ന, അതേ സ്വർണ്ണക്കള്ളക്കടത്ത് കേസിൽ പങ്കുണ്ടെന്ന് എൻഐഎ സംശയിക്കുന്ന യുഎഇ അറ്റാഷെ രാജ്യം വിട്ടിരിക്കുന്നു. നേരിയ അലർച്ച പോലും ചാനലുകളിൽ കേട്ടില്ല. ഒരു മുരളൽ? അതുമില്ല. അന്ന് വെണ്ടക്ക നിരത്തിയവർക്ക് ഇന്ന് അയ്യോ പാവം ഭാവം.
അറ്റാഷെ രാജ്യം വിട്ടു എന്ന് പോലും മനോരമക്ക് നേരെ ചൊവ്വെ എഴുതാൻ കൈ വിറയ്ക്കുന്നു.. പകരം തലക്കെട്ട് നോക്കൂ. ഷാർഷ് ദ് അഫയർ യുഎഇയിൽ. എന്തരു നല്ല മധുരം മലയാളം. അതേസമയം, ഈ സംഭവത്തിലെ പ്രതികളുമായി ബന്ധമുള്ള ഐഎഎസ് ഉദ്യോഗസ്ഥനെ സംസ്ഥാന സർക്കാർ സസ്പെൻഡ് ചെയ്തിരിക്കുന്നു. ഏതാണ് പ്രധാന വാർത്ത? ഈ രണ്ട് സംഭവങ്ങളും താരതമ്യം ചെയ്യുമ്പോൾ പ്രതിസ്ഥാനത്ത് നിൽക്കേണ്ടുന്നത് സംസ്ഥാന സർക്കാറാണോ കേന്ദ്ര സർക്കാറാണൊ? മാധ്യമ വിചാരണയ്ക്ക് ഇരയാകേണ്ടത് ആരാണ്??
ഇന്നലെ രാത്രി നടന്ന ചാനൽ അന്തിച്ചർച്ചയിൽ പോലും അവതാരകരും അവർ കൊണ്ടിരുത്തിയ സി പി ഐ എം വിരുദ്ധരും ചേർന്ന് നടത്തിയ ഏകപക്ഷീയമായ കുറ്റവിചാരണ ആരെ സഹായിക്കാനാണ്? സിപിഐ എം പ്രതിനിധികളെ സംസാരിക്കാൻ അനുവദിക്കാതെ തുടർച്ചയായ പത്താം ദിവസവും ഈ അവതാരകർ അസഹിഷ്ണുതയുടെ അവതാരങ്ങളായതെന്തിന്? ആദ്യം അറ്റാഷെയുടെ കാര്യമെടുക്കാം. അറ്റാഷെയെ തടഞ്ഞുവെയ്ക്കാൻ ഒരു രാജ്യത്തിനും അധികാരമില്ല.
അതു കൊണ്ട് അദ്ദേഹം രാജ്യം വിട്ടതിൽ തെറ്റില്ല. ഇതാണ് മാധ്യമ ന്യായീകരണക്കാരുടെ നിലപാട്. വസ്തുതയെന്താണ്?എംബസികളിലെ നയതന്ത്ര ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കും മാത്രമാണ് പൂർണ്ണ നയതന്ത്ര പരിരക്ഷ. കോൺസുലേറ്റുകളിൽ നിയമിക്കപ്പെടുന്ന നയതന്ത്ര ഉദ്യോഗസ്ഥർക്ക് ഈ പരിരക്ഷയില്ല . അവർക്ക് ഉള്ളത് പരിമിതമായ നയതന്ത്ര പരിരക്ഷ മാത്രമാണ്. .1961 ലേയും 1963 ലേയും വിയന്ന കൺവെൻഷൻ ഇത് സാക്ഷ്യപ്പെടുത്തുന്നു..
കോൺസുലേറ്റിൽ നിയമിക്കപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥരെ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് പ്രോസിക്യുട്ട് ചെയ്യാം. തിരുവനന്തപുരത്തേത് UAE കോൺസുലേറ്റ് മാത്രമാണ്. എംബസിയല്ല. ,അതായത് അറ്റാഷേക്ക് പൂർണ്ണ പരിരക്ഷയില്ല എന്ന് വ്യക്തം. ഇങ്ങിനെ പരിരക്ഷയില്ലാത്തതുകൊണ്ടാണ് അറ്റാഷേയിൽ നിന്ന് കസ്റ്റംസ് ആക്ട് 108 പ്രകാരം മൊഴിയെടുക്കുമെന്ന് കസ്റ്റംസ് കമ്മീഷണർ പറഞ്ഞത്.
അറ്റാഷേയെ ചോദ്യം ചെയ്യാൻ എൻഐഎ വിദേശകാര്യ വകുപ്പിൻ്റെ അനുമതി തേടിയതും അതുകൊണ്ടാണ്. ഇങ്ങിനെ നയതന്ത്ര പ്രതിനിധികളെ കുറ്റവിചാരണ ചെയ്ത ഒട്ടേറെ സംഭവങ്ങൾ നമുക്ക് ഉദാഹരണ സഹിതം ചൂണ്ടിക്കാട്ടാനുണ്ട്. എന്നിട്ടും ഇവിടെ രാജ്യദ്രോഹത്തിന് അന്വഷണം നടക്കുന്ന കേസിൽ പരിമിതമായ പരിരക്ഷ മാത്രമുള്ളയാളെ ചോദ്യം ചെയ്യാനോ വിവരശേഖരണത്തിനോ പോലും മുതിരാതെ വിട്ടയച്ചിരിക്കുന്നു. ഒരു കാര്യത്തിന് കൂടി ഇക്കൂട്ടർ മറുപടി നൽകണം.
അങ്ങിനെ നയതന്ത്ര പരിരക്ഷ ഉള്ള ഒരു പ്രതിനിധിയെ ചോദ്യം ചെയ്യാനാകില്ലെങ്കിൽ സാധാരണ ചെയ്യാറുള്ള ഒരു കാര്യമുണ്ട്. അവരെ നാടുകടത്തും. എന്തുകൊണ്ട് ഇവിടെ അത് ചെയ്തില്ല? രാജ്യദ്രോഹം കുറ്റം കണക്കിലെടുത്ത് രാജ്യത്ത് നിന്നും പുറത്താക്കിയില്ല? UAE പൂർണ്ണ സഹകരണം വാഗ്ദാനം ചെയ്ത കേസ് കൂടിയാണിത്.
അതു കൊണ്ടു തന്നെ ഇന്ത്യയും യുഎഇയും തമ്മിലുള്ള സൗഹൃദത്തെ ഒരു തരത്തിലും ബാധിക്കാത്ത ഈ നടപടിക്ക് പോലും തയ്യാറാകാത്തതും ദുരൂഹമല്ലേ?. ഇവിടെയാണ് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ്റെ എടുത്തു ചാടിയുള്ള പ്രതികരണം ശ്രദ്ധിക്കേണ്ടത്. അത് നയതന്ത്ര ബാഗേജല്ലെന്ന് ആദ്യം പറഞ്ഞത് മുരളീധരനാണ്. .
നമ്മുടെ ജനം നമ്പ്യാരും പറഞ്ഞത് അതാണ്. നയതന്ത്ര ബാഗേജ് അയച്ചില്ലെന്ന് അറ്റാഷെ അറിയിച്ചതായി സ്വപ്ന പറഞ്ഞിട്ടുണ്ടെന്ന്. നമ്പ്യാർ പറഞ്ഞത് കേട്ട് കേന്ദ്ര മന്ത്രി തുള്ളിയതാണെന്ന് കരുതാനാകുമോ? അത്രയ്ക്ക് വിഡ്ഢിയാണൊ കേന്ദ്രമന്ത്രി? അപ്പോൾ കേന്ദ്ര ഭരണകക്ഷിക്കാർക്ക് എന്തൊക്കെയോ മൂടിവെക്കാനുണ്ട്. അതല്ലെ ചർച്ച ചെയ്യേണ്ടത്? അറ്റാഷെ പോയ സ്ഥിതിക്ക് എൻഐഎ അന്വേഷണത്തിൻ്റെ വഴി എന്താകും? ഇനിയും കേന്ദ്ര ഭരണ നേതൃത്വം കേസ് അട്ടിമറിക്കാൻ ശ്രമിക്കുമോ? അതല്ലേ ചർച്ച ചെയ്യേണ്ടത്.
പക്ഷെ മാധ്യമങ്ങൾക്കും താൽപര്യം ഇക്കിളിക്കഥകളിലാണ്. സംസ്ഥാന സർക്കാറിനെ പ്രതിക്കൂട്ടിലാക്കാനാണ്. ഇതിൽ സംസ്ഥാന സർക്കാർ ചെയ്ത തെറ്റെന്താണ്? മികച്ച ട്രാക്ക് റിക്കാർഡുള്ള ഒരു ഐ എ എസ് ഉദ്യോസ്ഥന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതല നൽകി. ഒരു ഘട്ടത്തിലും കുറ്റം പറയാനുണ്ടായിരുന്നില്ല.
സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളുമായി ബന്ധം ഉണ്ടെന്ന് അറിഞ്ഞ് 24 മണിക്കൂറിനകം എല്ലാ ചുമതലകളിൽ നിന്നും മാറ്റി. വകുപ്പ് തല അന്വേഷണം നടത്തി. വ്യവസ്ഥാപിത മാർഗത്തിലൂടെ ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നു. ആഭ്യന്തരമായ മറ്റ് അന്വേഷണങ്ങൾ നടക്കുന്നു. എൻഐഎ അന്വേഷണത്തിന് പൂർണ്ണ പിന്തുണ മാത്രമല്ല, എല്ലാ സഹായവും നൽകുന്നു. ഒന്നും ഒളിച്ചുവെക്കാനില്ലാത്ത സുതാര്യ നിലപാട്.
എന്നിട്ടും മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിൻ്റെയും സാമ്പാർ ആർക്ക് വേണ്ടിയാണ് തിളക്കുന്നത്.? ഉത്തരം വ്യക്തം. മുഖ്യമന്ത്രി പറഞ്ഞത് തന്നെ.. എല്ലാ വമ്പൻമാരും കൊമ്പൻമാരും പിടിക്കപ്പെടുമെന്ന േവേവലാതി. . അതാണ് ഈ തിളക്കുന്നത്. നിലവിൽ അന്വേഷണം ആ വഴിക്ക് പോവുകയാണ്.
ചിലർ അകത്തായിട്ടുണ്ട്. ഉപ്പ് തിന്നുന്നവർ വെള്ളം കുടിച്ചേ തീരു. അതിനിടയിലുള്ള ഈ കൂട്ടപ്പൊരിച്ചിലിന് അധിക ആയുസില്ല.സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടിയതുപോലെ കേരളത്തിലേക്ക് വരുന്ന സ്വർണ്ണത്തിൻ്റെ നിറം ചുകപ്പല്ല.കാവിയും പച്ചയുമാണ്.
Comments are closed.