ഭക്ഷണം വായിൽ വെക്കും മുൻപ് ഓർക്കാം നാലു ‘വ ‘കൾ
വല്ലതും വായിൽ വെച്ചു വിഴുങ്ങുന്നതിനു മുൻപ് നാല് ‘ വ ‘കൾ ശ്രദ്ധിച്ചാൽ,ഭക്ഷ്യവിഷബാധ വന്നു വടിയാകാതിരിക്കാം.4 C എന്നാണ് സായിപ്പ് ഇതിനെ വിളിക്കുന്നത്.പുറത്ത് നിന്നു കഴിക്കുക ആണെങ്കിൽ അതിനൊക്കെ ശ്രദ്ധ കൊടുക്കുവാൻ ഇടയുള്ള സ്ഥലത്ത് നിന്ന് കഴിച്ചാൽ അപകടം കുറവായിരിക്കും
*വൃത്തിയാക്കൽ (Clean )
വൃത്തിയുള്ള കൈകൾ, വൃത്തിയുള്ള പ്രതലങ്ങൾ, വൃത്തിയുള്ള ഭക്ഷണം.ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പും തയ്യാറാക്കുന്ന സമയത്തും അതിനു ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈ നന്നായി കഴുകുക.20 സെക്കൻഡ് കൈ കഴകുന്നതാണ് ബുദ്ധി.ഭക്ഷണം തയ്യാറാക്കുന്ന അടുക്കളയുടെ പ്രതലം വൃത്തിയായിരിക്കണം. പാത്രങ്ങൾ, കട്ടിംഗ് ബോർഡുകൾ, കൗണ്ടർടോപ്പുകൾ എന്നിവയെല്ലാം കഴുകണമെന്നു എടുത്ത് പറയേണ്ടല്ലോ.
പാകം ചെയ്യാത്ത മാംസം, കോഴി, മത്സ്യം, മറ്റ് അസംസ്കൃത ഭക്ഷണങ്ങൾ എന്നിവ കൈകാര്യം ചെയ്തതിന് ശേഷം, മറ്റ് ഭക്ഷണങ്ങളുമായി സമ്പർക്കം പുലർത്തുന്നതിന് മുമ്പായി കൈകളും പാത്രങ്ങളും പ്രതലങ്ങളും നന്നായി കഴുകുന്നത് പ്രധാനം ആണ്.പാകം ചെയ്യുന്നതിനിടെ ശരീര ഭാഗങ്ങളിൽ സ്പർശിക്കുകയൊ,ശൗചാലയം ഉപയോഗിക്കേണ്ടി വരുകയോ ചുമക്കുകയോ തുമ്മുകയോ ചെയ്താൽ കൈ കഴുകുക എന്നത് ഒക്കെ നല്ല ശീലങ്ങൾ ആണ് വൃത്തിയാക്കാൻ ശരിയായ മെറ്റീരിയലുകൾ ഉപയോഗിക്കുക.
ഡിറ്റർജന്റു ദ്രാവകങ്ങൾ ഗ്രീസ്, എണ്ണ, അഴുക്ക് എന്നിവ അലിയിക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.ബ്ലീച്ച് പോലുള്ള അണുനാശിനികൾ രോഗാണുക്കളെ കൊല്ലാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇവ കൃത്യം നിർദേശങ്ങൾ പാലിച്ചു ഉപയോഗിക്കുക.
വേവിക്കൽ ( Cook)
ശരിയായ താപനിലയെത്തുന്നത് വരെ വേവിക്കുക.അസുഖമുണ്ടാക്കുന്ന രോഗാണുക്കളെ കൊല്ലാൻ കഴിയുന്നത്ര ഉയർന്ന ആന്തരിക താപനില ലഭിക്കുമ്പോൾ ആണ് ഭക്ഷണം സുരക്ഷിതമായി പാകം ചെയ്യപ്പെടുന്നത് . ഇറച്ചി പ്രത്യേകിച്ച് അരച്ച ഇറച്ചി,സോസേജുകൾ, ബർഗറുകൾ, എന്നിവ കൃത്യമായി പാകം ചെയ്തിട്ടുണ്ടോയെന്ന് രണ്ടുതവണയെങ്കിലും ഉറപ്പു വരുത്തുക.
പൊതുവെ പറഞ്ഞാൽ അവയുടെ മധ്യഭാഗത്ത് വേവാത്ത നിറം ആയിരിക്കരുത്. കത്തികൊണ്ട് തുളച്ചാൽ മാംസത്തിൽ നിന്ന് ഒഴുകുന്ന നീര് രക്തം കലരാതെ തെളിഞ്ഞതാകണം. മത്സ്യം ഒരു ഫോർക് ഉപയോഗിച്ച് നോക്കിയാൽ മാംസം എളുപ്പത്തിൽ അടരുന്നതുവരെ വേവിക്കുന്നത് ബുദ്ധിയാണ്. മാംസത്തിന്റെ സുതാര്യത പൂർണമായും നഷ്ടപെട്ടിട്ടുണ്ടാവണം.ഭക്ഷണത്തിന്റെ നിറവും കാഴ്ചക്കുള്ള പാകവും പരിശോധിച്ച് സുരക്ഷിതമായി പാകം ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പിച്ചു പറയാനാവില്ല എന്നതാണ് സത്യം .
പ്രായോഗികമായി ബുദ്ധിമുട്ടാണെങ്കിലും സുരക്ഷിതമായ ആന്തരിക ഊഷ്മാവിൽ ഭക്ഷണം പാകം ചെയ്യപ്പെട്ടുവെന്ന് ഉറപ്പാക്കാനുള്ള ഏക മാർഗം ഫുഡ് തെർമോമീറ്റർ ഉപയോഗിക്കുക എന്നതാണ്. ഉദാഹരണത്തിന് ബീഫ്, ആട് എന്നിവയുടെ മുഴുവൻ കട്ടുകൾ, മത്സ്യം : 145°Fകോഴിയിറച്ചി: 165°F. എന്നീ ഊഷ്മാവ് സുരക്ഷിതം ആണ്.
വിളമ്പുന്നതിന് മുമ്പ് ഭക്ഷണം ചൂടുള്ളതാണെന്ന് പരിശോധിക്കുക. ഭക്ഷണം വളരെ നേരത്തെ പാചകം ചെയ്യുന്നത് ഒഴിവാക്കുക . പാകം ചെയ്‌തുകഴിഞ്ഞാൽ, ഭക്ഷണം കഴിക്കാൻ സമയമാകുന്നതുവരെ മൂടിവെച്ച് ചൂടോടെ സൂക്ഷിക്കുക
വേറിട്ടുസൂക്ഷിക്കൽ ( Cross contamination prevention )
ഒരു ഭക്ഷണത്തിലെ രോഗാണുക്കൾ കൈകളിലൂടെയോ അടുക്കള പാത്രങ്ങളിലൂടെയോ വ്യാപിക്കുന്നത് ഭക്ഷ്യവിഷബാധക്ക് ഇട വരുത്തും . അസംസ്കൃത ഭക്ഷണങ്ങൾ എല്ലായ്പ്പോഴും പാകം ചെയ്തതും കഴിക്കാൻ തയ്യാറായതുമായ ഭക്ഷണത്തിൽ നിന്ന് വേറിട്ട് സൂക്ഷിക്കുക.
പ്രത്യേകിച്ച് അസംസ്‌കൃത മാംസം, മത്സ്യം, കോഴി, മറ്റ് അസംസ്കൃത ഭക്ഷണങ്ങൾ എന്നിവ സലാഡുകൾ, ബ്രെഡ്, സാൻഡ്‌വിച്ചുകൾ തുടങ്ങിയ റെഡി-ടു ഈറ്റ് ഭക്ഷണങ്ങളിൽ നിന്ന് അകറ്റി നിർത്തുക.
പാകം ചെയ്ത ഭക്ഷണം മുമ്പ് അസംസ്‌കൃത ഭക്ഷണങ്ങൾ സൂക്ഷിച്ചിരിക്കുന്ന പ്ലേറ്റിൽ നന്നായി കഴുകാതെ വെയ്ക്കരുത്.അസംസ്കൃതവും പാകം ചെയ്ത ഭക്ഷണങ്ങൾക്കുമായി പ്രത്യേക ചോപ്പിംഗ് ബോർഡുകൾ ഉപയോഗിക്കുമെന്ന് ഉറപ്പാക്കുക.മുൻപ് പറഞ്ഞത് പോലെ അസംസ്കൃത ഭക്ഷണങ്ങൾ കൈകാര്യം ചെയ്തതിനു ശേഷവും മറ്റ് ഭക്ഷണങ്ങളും പാത്രങ്ങളും സ്പർശിക്കുന്നതിന് മുമ്പും കൈകൾ കഴുകുക.
റഫ്രിജറേറ്ററിൽ മറ്റെല്ലാ ഭക്ഷണങ്ങളിൽ നിന്നും വേറിട്ട് കഴിയുമെങ്കിൽ അടച്ച കവറിൽ അസംസ്കൃത മാംസം, കോഴി, മത്സ്യം മുതലായവ സൂക്ഷിക്കുക. അസംസ്കൃത ഭക്ഷണങ്ങൾ ഫ്രിഡ്ജിന്റെ അടിയിൽ സൂക്ഷിച്ചാൽ അതിൽ നിന്നും ചോർന്നൊലിക്കുന്ന നീര് പാകം ചെയ്ത ഭക്ഷണത്തിലേക്ക് വീഴുന്നത് ഒഴിവാക്കാം.
വിറങ്ങലിപ്പിക്കൽ.( Chill )
തണുപ്പിക്കുക,ഉടൻ ഫ്രിഡ്ജിൽ വയ്ക്കുക.മുറിയിലെ ഊഷ്മാവിൽ ഭക്ഷണം സൂക്ഷിക്കുന്നത് പരിമിതപ്പെടുത്തുക. ഏറിയാൽ 2 മണിക്കൂർ..അതിനപ്പുറം പോയാൽ പാകം ചെയ്ത ഭക്ഷണം ഫ്രിഡ്ജിൽ വെക്കുന്നതാണ് ഉചിതം.ഭക്ഷണം 90°F-ന് മുകളിലുള്ള താപനിലയുമായി (ഉദാഹരണം ചൂടുള്ളപ്പോൾ കാറിൽ വെച്ചത് ) സമ്പർക്കം പുലർത്തുകയാണെങ്കിൽ, 1 മണിക്കൂറിനുള്ളിൽ ഫ്രിഡ്ജിൽ വയ്ക്കുക.
മുറിയിലെ ഊഷ്മാവിൽ അല്ലെങ്കിൽ 40°F നും 140°F നും ഇടയിലുള്ള “അപകടമേഖല”യിൽ(danger zone) അവശേഷിച്ചാൽ ബാക്ടീരിയകൾ ഭക്ഷണത്തിൽ അതിവേഗം വർധിക്കും .ഭക്ഷണത്തിനൊപ്പം, ഊഷ്മാവ്, ഈർപ്പം എന്നിവ കൂടെ ഉണ്ടെങ്കിൽ രോഗാണുക്കൾ സമയം കടന്ന് പോകുന്തോറും പെരുകും.
റഫ്രിജറേറ്ററിലെ തണുപ്പ് 40°F ൽ താഴെയും താഴെയും ഫ്രീസർ 0˚F അല്ലെങ്കിൽ താഴെയും ആയിരിക്കണം. ശീതീകരിച്ചു ഉറച്ചു പോയ ഭക്ഷണം ഉപയോഗിക്കുവാൻ നേരത്ത് ഉരുകുവാൻ അനുവദിക്കുന്നത് (thawing )കൌണ്ടറിനു മുകളിൽ വെച്ച് ആവരുത്. മുറിയിലെ ഊഷ്മാവിൽ എത്തുന്ന ഭക്ഷണത്തിന്റെ ഭാഗങ്ങളിൽ ബാക്ടീരിയകൾ പെട്ടെന്ന് പെരുകുന്നു.
ഇതിനു ശീതീകരിച്ച ഭക്ഷണം ഒരു പ്ലാസ്റ്റിക് ബാഗിൽ വെച്ച് , തണുത്ത വെള്ളത്തിൽ മുക്കുക. ഭക്ഷണം ഉരുകുന്നത് വരെ ഓരോ 30 മിനിറ്റിലും വെള്ളം മാറ്റുക. അല്ലെങ്കിൽ മൈക്രോവേവു ഉപയോഗിച്ച് ഇതു ചെയ്യാം.
ഇപ്രകാരം thaw ചെയ്ത ഭക്ഷണം ഉടൻ പാകം ചെയ്യുക പ്രധാനമാണ്. ഭാഗികമായി ചൂടാക്കിയ മാംസം മുറിയിലെ ഊഷ്മാവിൽ വെക്കുന്നത് രോഗാണുക്കൾക്ക് പരവതാനി വിരിക്കുന്നത് പോലെ ആണ്.ബാക്കി വന്ന ഭക്ഷണം നിങ്ങൾ വീണ്ടും വിളമ്പാൻ ഉദ്ദേശിക്കുമ്പോൾ. സുരക്ഷ ഉറപ്പാക്കാൻ, 74°C (165°F) വരെ നന്നായി ചൂടാക്കുക. 2-3 ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കാതെ കളയുവാൻ മടി കാണിക്കരുത്.
ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കാൻ താഴെപ്പറയുന്ന കാര്യങ്ങൾ ഓർക്കുക.
*ബാക്റ്റീരിയയുടെ അ, ആ, ഇ, ഈ, പിന്നെ ഊ…!!*
അ – അമ്ലനില പൊതുവെ ന്യൂട്രൽ ph മുതൽ ചെറുതായി അസിഡിറ്റി ഉള്ള ഭക്ഷണങ്ങൾ ബാക്ടീരിയക്ക് പ്രിയങ്കരം ആണ് . നാരങ്ങ, വിനാഗിരി തുടങ്ങിയ ഉയർന്ന അസിഡിറ്റി ഉള്ള ഭക്ഷണങ്ങളിൽ അവ പെട്ടെന്ന് വളരുകയില്ല, പക്ഷേ പച്ചക്കറികളിലും മാംസത്തിലും ചില പഴങ്ങളിലും നന്നായി വളരും.
ആ -ആഹാരംനമ്മളെപ്പോലെ തന്നെ ബാക്ടീരിയകൾക്കും ഭക്ഷണം ആവശ്യമാണ്. അതിനാൽ ഭക്ഷണമുണ്ടെങ്കിൽ, അതിൽ ബാക്ടീരിയ വളർച്ചയും ഉണ്ടാകാൻ ഇടയുണ്ട്. അതിനു വഴി തെളിക്കുന്ന സാഹചര്യങ്ങൾ ചുരുക്കാൻ ശ്രമിക്കുക എന്നതെ വഴിയുള്ളൂ
ഇ -ഇടവേള.ബാക്ടീരിയക്ക് വളരാൻ സമയം ആവശ്യമാണ്. നേരത്തെ സൂചിപ്പിച്ച അപകടമേഖലയിൽ കൂടുതൽ സമയം ചെലവഴിക്കുമ്പോൾ, കൂടുതൽ ബാക്ടീരിയകൾ വളരുകയും ഭക്ഷണം കഴിക്കുന്നത് സുരക്ഷിതമല്ലാതാക്കുകയും ചെയ്യും.
രണ്ട് മണിക്കൂർ നിയമം ഓർക്കുക, ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂറിനുള്ളിൽ ഭക്ഷണങ്ങൾ അകത്താക്കണം! ( നമ്മുടെ അകത്തോ ഫ്രിഡ്ജിനു അകത്തോ!). പുറത്തെ താപനില കൂടുതൽ എങ്കിൽ , ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനുള്ളിൽ ഇപ്രകാരം ചെയ്യുക.
ഈ. ഈർപ്പം.ബാക്ടീരിയകൾക്ക് വളരാൻ ഈർപ്പം ആവശ്യമാണ് . ഉദാഹരണത്തിനു ഉണങ്ങിയ അരിയിൽ ഒരിക്കൽ വെള്ളം ചേർത്താൽ അത് ബാക്ടീരിയയുടെ വളർച്ചയ്ക്ക് പറ്റിയ സാഹചര്യം ആയി കഴിഞ്ഞു.തണുത്തതും ഈർപ്പമുള്ളതുമായ ഭക്ഷണങ്ങൾ 40 F അല്ലെങ്കിൽ താഴ്ന്ന താപനിലയിലും ചൂടുള്ള ഭക്ഷണങ്ങൾ 140 F അല്ലെങ്കിൽ ഉയർന്ന താപനിലയിലും സൂക്ഷിക്കണം.
ഊ…ഊഷ്മാവ്ബാക്ടീരിയയുടെ വളർച്ചയ്ക്ക് യോജ്യമായ താപനില 40 മുതൽ 140 ഡിഗ്രി ഫാരൻഹീറ്റ് വരെ യാണ്. ഇത് ടെമ്പറേച്ചർ ഡേഞ്ചർ സോൺ (TDZ) എന്നറിയപ്പെടുന്നു. 70 നും 125 F നും ഇടയിലെ താപനിലകളിൽ അവ കൂടുതൽ വേഗത്തിൽ വളരുന്നു, അതിനാൽ ഈ താപനിലയിൽ ഭക്ഷണങ്ങൾ തങ്ങിനിൽക്കുന്ന സമയം പരിമിതപ്പെടുത്തണം.
മറ്റുള്ളവയെ അപേക്ഷിച്ച് ചിലതരം ഭക്ഷണങ്ങളിൽ ബാക്ടീരിയകൾ വളരുകയും പെരുകുകയും ചെയ്യുന്നതു.ഉയർന്ന അപകടസാധ്യതയുള്ള ഭക്ഷണങ്ങളിൽ ഇവ ഉൾപ്പെടുന്നു:മാംസഉത്പന്നങ്ങൾ പാലുൽപ്പന്നങ്ങൾമുട്ടകൾചെറിയ സാധനങ്ങൾ( ഉദാ. ഹാം, സലാമി)മത്സ്യം ചോറ്പാകം ചെയ്ത പാസ്തകോൾസ്‌ലോ, പാസ്ത സലാഡുകൾ, ഫ്രൂട്ട് സലാഡുകൾ എന്നിവയുൾപ്പെടെ തയ്യാറാക്കിയ സലാഡുകൾസാൻഡ്വിച്ച്, റോൾ, പിസ പോലുള്ള റെഡി ടു eat ഭക്ഷണങ്ങൾ ഇവയെല്ലാം പാകം ചെയ്യുമ്പോഴും, വിളമ്പുമ്പോളും സൂക്ഷിക്കുമ്പോളും, മുകളിൽ പറഞ്ഞ രീതികൾ കൃത്യമായി അനുവർത്തിക്കണം.
ഭക്ഷണം വാങ്ങുമ്പോഴും പഴക്കം ചെല്ലാത്ത മാംസവും പച്ചക്കറികളും ലഭിക്കുന്ന ശുചിത്വമുള്ളതും വിശ്വസനീയവും ആയ സ്ഥലങ്ങളിൽ നിന്നും വാങ്ങുന്നു എന്ന് ഉറപ്പാക്കുക.പായ്ക്ക് ചെയ്ത ഭക്ഷണത്തിന്റെ ലേബലുകളിൽ expiry date അല്ലെങ്കിൽ “ഇത്ര ദിവസങ്ങൾക്കുള്ളിൽ lഉപയോഗിക്കുക” പോലുള്ള നിർദേശങ്ങളും സ്റ്റോറേജ് നിർദ്ദേശങ്ങളും കൃത്യമായി പിന്തുടരുക.കാഴ്ചയിൽ അസാധാരണമായ ഒരു ഭക്ഷണവും വാങ്ങരുത്, ഉദാഹരണത്തിന്:ടിന്നിലടച്ച ഭക്ഷണം തുരുമ്പിച്ചതോ വീർത്തതോ ആയ ക്യാനുകളിൽ കാണുക.
ഇതെല്ലാം വീട്ടിൽ നിന്നും പാചകം ചെയ്യുമ്പോൾ നോക്കാൻ പറ്റും. ഹോട്ടലിൽ നിന്നാകുമ്പോഴോ എന്നതാണ് വിഷയം..എല്ലാ ഭക്ഷ്യ വ്യാപാര സ്ഥാപനങ്ങളെയും പാലിക്കേണ്ട അവശ്യ ഭക്ഷ്യ സുരക്ഷാനടപടികൾ ആണ് ഇവ . അവയിലെ ജീവനക്കാരെ ബോധവൽക്കരിക്കുകയും ഇതിൽ പരിശീലനം നൽകുന്നതും സേവനങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുകയും ഉറപ്പ് വരുത്തുന്നതും ഭക്ഷണശാലകളും അധികൃതരും ചേർന്നു നിർവഹിക്കാതെ ഇത് സാധ്യം ആവില്ല.
ഫേസ്ബുക്കില്‍ കുറിച്ചത്
ഭക്ഷണം വായിൽ വെക്കും മുൻപ് ഓർക്കാം നാലു ‘വ ‘കൾ
- Design
Comments are closed.