തപാൽ വകുപ്പിന്റെ പഞ്ചനക്ഷത്ര ഗ്രാമമാകാൻ എടുത്തിരുത്തി
തപാൽ വകുപ്പിന്റെ പഞ്ചനക്ഷത്ര ഗ്രാമങ്ങളുടെ പട്ടികയിൽ ഇനി എടത്തിരുത്തിയും. എടുത്തിരുത്തി കണ്ണംപള്ളിപ്പുറം ബ്രാഞ്ച് പോസ്റ്റ് ഓഫീസ് പരിധിയിൽ വരുന്ന പ്രദേശങ്ങളാണ് ഫൈവ്സ്റ്റാർ ആയി മാറുക. തപാൽവകുപ്പിന്റെ അഞ്ച് പദ്ധതികളിൽ എല്ലാ വീടുകളും പങ്കാളികളാകുമ്പോഴാണ് ഒരു പ്രദേശത്തെ ഫൈവ്സ്റ്റാർ ഗ്രാമമായി പ്രഖ്യാപിക്കുന്നത്.
പോസ്റ്റൽ സേവിംഗ്സ് ബാങ്ക്, സുകന്യ സമൃദ്ധി, ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക്, റൂറൽ പോസ്റ്റ് ലൈഫ് ഇൻഷുറൻസ്, പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന എന്നിവയാണ് പദ്ധതികൾ. ഫൈവ്സ്റ്റാർ ഗ്രാമം പദ്ധതി തപാൽവകുപ്പ് ഇന്ത്യയിൽ ആദ്യമായി കേരളത്തിലാണ് നടപ്പാക്കിയത്. ജില്ലയിൽ ഇരിങ്ങാലക്കുട ഡിവിഷനാണ് ആദ്യമായി പഞ്ചനക്ഷത്ര പദവി നേടുന്നത്.
കൊടുങ്ങല്ലൂർ സബ് ഡിവിഷന് കീഴിലാണ് എടത്തിരുത്തിയിലെ പോസ്റ്റ് ഓഫീസുകൾ വരുന്നത്. ഇതിൽ കണ്ണംപള്ളിപ്പുറം ബ്രാഞ്ച് പോസ്റ്റ് ഓഫീസ് പരിധിയിൽ വരുന്ന പതിനഞ്ചാം വാർഡ് പൂർണമായും പതിമൂന്നാം വാർഡ് ഭാഗികമായുമാണ് ഫൈവ്സ്റ്റാർ ആക്കി പ്രഖ്യാപിക്കുന്നത്. ഇന്ന്(13 വ്യാഴം) ഉച്ചയ്ക്ക് 2ന് എടത്തിരുത്തി ശ്രീനാരായണ ഗുരുസ്മാരക സമാജത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബൈന പ്രദീപ് ഫൈവ്സ്റ്റാർ ഗ്രാമ പ്രഖ്യാപനം നിർവ്വഹിക്കും.
ഇരിങ്ങാലക്കുട പോസ്റ്റൽ ഡിവിഷൻ സൂപ്രണ്ട് ജിസി ജോർജ്ജ് അധ്യക്ഷത വഹിക്കും. ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് സീനിയർ മാനേജർ നിമ്മി മോൾ വി എം ‘ഡിജിറ്റൽ ബാങ്കിങ്ങ് സംവിധാനം’ എന്ന വിഷയത്തിലും ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസ് അസി.സൂപ്രണ്ട് ജയശ്രീ ഇ കെ ‘പോസ്റ്റ് ഓഫീസ് സർവീസ്’ എന്ന വിഷയത്തിലും ബോധവത്കരണ ക്ലാസുകൾ നയിക്കും. വാർഡംഗങ്ങളായ ഹേന രമേശ്, മനോഹരൻ, ചെന്ത്രാപ്പിന്നി പോസ്റ്റ് മാസ്റ്റർ എന്നിവർ പങ്കെടുക്കും.
Comments are closed.