ഫുട്ബോളിലെ ആദ്യ ബെറ്റിങ് വഞ്ചനയുടെ കഥ
നീരജ് യുവ്
” Play up, you rotters! ” ഓൾഡ് ട്രാഫോഡ്ഡിൽ തിങ്ങി നിറഞ്ഞ 18,000പേരിലൊട്ടേറേയും അലറി !!ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഫുട്ബോൾ ലോകത്ത് കുറച്ചെങ്കിലും ഓർത്തിരിക്കുന്ന ഫുട്ബോളിനു തലതാഴ്ത്തേണ്ടി വന്ന ‘സ്കാന്റൽ’ പ്രശസ്തമായ ‘കാൽഷ്യോപോളി’ ഐറ്റം ആയിരുന്നു. 2006’ൽ പിടിക്കപ്പെട്ട ആ സംഭവത്തിനാധാരം റെഫറിമാരുമായി ചേർന്ന് കളികൾ സ്വാധീനിച്ചു എന്നതായിരുന്നു.
പിടിക്കപ്പെട്ടതാവട്ടെ സാക്ഷാൽ യുവന്റെസും ഒപ്പം പങ്ക് പറ്റിയതിന് എസി മിലാൻ, ലാസിയോ എന്നീ വമ്പന്മാർക്കും പിഴ ഒടുക്കേണ്ടി വന്നു. പക്ഷേ ടീമുകൾ ഉൾപ്പെട്ട ബെറ്റിങ്ങ് ക്രൈം ഫുട്ബോളിൽ ഇന്നോളം ഭൂരിഭാഗത്തിനും കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. 1964’ലെ ബ്രിട്ടീഷ് ബെറ്റിങ്ങ് സ്കാൻഡൽ, 80’ലെ ടോട്ടെനെറോ (ഇറ്റാലിയൻ സ്കാന്റൽ) എന്നിവയാണ് ഫുട്ബോളിലെ ഏറ്റവും പെട്ടെന്ന് എടുത്തു പറയപ്പെടുന്ന പ്രമുഖ ടീം അധിഷ്ഠിത ബെറ്റിങ്ങ് വഞ്ചനകൾ.
പക്ഷേ ഇതൊന്നുമായിരുന്നില്ല ആദ്യത്തേത്, അതിലും എത്രയോ മുൻപ് കാലം മണ്ണിട്ടു മൂടിയ ഒന്നുണ്ടായിരുന്നു. അതും ലോകത്തെ ഏറ്റവും സെലിബ്രേറ്റഡ് വൈരങ്ങളിലൊന്നായ ‘നോർത്ത് വെസ്റ്റ്’ ഡെർബിയാണ് അതിന് പാത്രമായതെന്നു പറഞ്ഞാൽ. അതെ 105 കൊല്ലങ്ങൾക്ക് മുൻപ് ഇതുപോലൊരു ദുഃഖവെള്ളി ദിനത്തിലായിരുന്നു സാക്ഷാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനും ലിവർപൂളിനും ഇടയിൽ വളരെ ദൗർഭാഗ്യകരമായ ആ സംഭവം അരങ്ങേറിയത് !! ഫുട്ബോൾ ചരിത്രത്തിലെ തന്നെ ആദ്യത്തെ പ്രമുഖ ബെറ്റിങ്ങ് സ്കാന്റൽ.
1914’ൽ ലോക ചരിത്രത്തന്നെ മാറ്റിയെഴുതിയ മഹാകെടുതിയുടെ ആരംഭം ആയിരുന്നെങ്കിലും, എറേക്കുറെ മനുഷ്യരാശിയിൽ എന്നത്തെയുമെന്നപോലെ എറേപ്പേരും അതിന്റെ വരും തീവ്രത അന്ന് മനസ്സിലാക്കിയിട്ടുണ്ടാവില്ല എന്നതാവും സത്യം. ആഗസ്റ്റ് 4’ന് യുദ്ധം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ ക്രിക്കറ്റ് മത്സരങ്ങൾ അടക്കം പലതും നിർത്തിവെച്ചപ്പോൾ, ഫുട്ബോൾ അസോസിയേഷനും (എഫ്.എ) തങ്ങളുടെ വരും-സീസണും മത്സരങ്ങളും എല്ലാം സ്വാഭാവികമായും നിർത്തിവെക്കേണ്ടി വരും എന്നതായിരുന്നു അന്നത്തെ പൊതുധാരണ.
പക്ഷേ തൊട്ടു മുന്നേ പറഞ്ഞ പോലെ പ്രത്യേക സാഹചര്യം ആയിരുന്നുവെങ്കിലും തങ്ങളുടെ നടത്തിപ്പിനെയും ജനങ്ങളുടെ പൊതു ജീവതത്തെയും ആ കാരണം ഒരിക്കലും ബാധിക്കില്ലെന്നും കഴിഞ്ഞ കുറച്ചുകാലമായി കണ്ടു പോന്നിരുന്ന രാജ്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ പതിവ് പരിസമാപ്തി എന്നപോലെ വളരെ പെട്ടെന്നുത്തന്നെ ഇതും കെട്ടടങ്ങും എന്നുള്ള പൊതുബോധം കൊണ്ടാവണം അവർ സെപ്റ്റംബർ 1’ന് എന്നത്തേയും എന്നപോലെ ലീഗ് തുടങ്ങി.
പൊതുവേ ജനരോഷവും എതിരായിരുന്നു, യുവാക്കൾ രാജ്യ സേവനത്തിനേക്കാൾ ഫുട്ബോൾ കളിക്കാനും കാണാനും കൂടും എന്നുള്ള ബോധ്യം കൊണ്ടായിരുന്നു അത്. അതിന്റെ ഭാഗമായിട്ടായിരുന്നു തൊട്ടടുത്ത ദിവസം ഷെർലക് ഹോംസാല് പ്രശസ്തനായ സർ ആർതർ കോനൺ ഡോയൽ പരസ്യമായി വന്ന് കളിക്കാരോട് തങ്ങളുടെ കായിക ബലം രാജ്യസേവനത്തിനായി യുദ്ധഭൂമിയിൽ ഉപയോഗിക്കണം എന്ന് അപേക്ഷിച്ചത്.
ഒട്ടേറേ ഫുട്ബോൾ ഗ്രാഹികളായ യുവാക്കൾ പട്ടാളത്തിൽ ചേർന്നുവെങ്കിലും ‘യുദ്ധം’ പ്രത്യക്ഷത്തിൽ ബാധിക്കാത്ത ബ്രിട്ടീഷ് മണ്ണിൽ ആ സമയത്ത് ഫുട്ബോളും ജീവിതവും സാധാരണയെന്ന പോലെ നടന്നു. ആശങ്കകൾക്കിടയിലും ലീഗും, എഫ്.എ – കപ്പും ആവേശത്തോടെ മുന്നേറി. പ്രസ്തുതകാലത്തെ പ്രബലരായ ബ്ലാക്ക്ബേണും, എവർട്ടണും ഒപ്പം അപ്രതീക്ഷിതമായി ഓൾഡ്ഹാമും മാറി-മാറി ടേബിളിന്റെ മുകളിലേക്ക് മല്ലിട്ടു കയറി.
സീസൺ ഏറെക്കുറെ പകുതിയായപ്പോൾ കഴിഞ്ഞ കുറച്ചുക്കാലത്തെ പതിവെന്ന പോലെ യുണൈറ്റഡും ലിവർപൂളും നിലനിൽപ്പിനായുള്ള പോരാട്ടത്തിലായിരുന്നു. അതേസമയം യുദ്ധം വിചാരിച്ചതിലേറെക്കാലം നീളുകയും നഷ്ടങ്ങൾ കൂടിവരികയും ചെയ്ത സമയമായിരുന്നു ആ 1915’ന്റെ തുടക്കം. ബ്രിട്ടനിലെ സാഹചര്യവും മാറുകയായിരുന്നു അവരുടെ കടലിന്റെ തീരത്തേക്ക് ജർമനി വന്ന് നങ്കൂരമിട്ടത് നാളെയെന്നതെത്രകാലം എന്ന ആശങ്ക ബ്രിട്ടീഷ് ജനതയിൽ വിതറി. പ
ക്ഷേ നിർബന്ധിത യുദ്ധ സേവനം അതുവരെയും പ്രയോഗത്തിൽ വന്നിട്ടില്ലായിരുന്നു. എങ്കിലും ആ പ്രത്യേക സാഹചര്യത്തിൽ വളരെയധികം കളിക്കാർ സീസൺ പൂർത്തിയാക്കാനും നിലനിൽപ്പിനുമായി തങ്ങളുടെ ക്ലബ്ബുകളുടെയൊപ്പം താമസിച്ചു.അങ്ങനെ 1914-15 സീസൺ അവസാനത്തോട് എത്തിനിന്നപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ടേബിളിൽ താഴെ നിന്ന് മൂന്നാമതായി തരംതാഴൽ ഭീഷണിയിലായപ്പോൾ ലിവർപ്പൂൾ ടേബിളിന്റെ മദ്ധ്യത്തിലായി തങ്ങളുടെ നില സുരക്ഷിതമാക്കിയിരുന്നു.
അങ്ങനെ 1915 ഏപ്രിൽ 2ാം തീയതി, ഒരു ദുഃഖവെള്ളിയാഴ്ച ദിനമായിരുന്നു എല്ലാവരുടെയും ജീവിതത്തെ കീഴ്മേൽ മറിച്ച സംഭവം നടന്നത്. അന്നായിരുന്നു പ്രശസ്തമായ നോർത്ത്-വെസ്റ്റ് ഡെർബി. യുണൈറ്റഡിനാണേൽ തരംതാഴൽ ഭീഷണിയിൽ നിന്ന് രക്ഷപ്പെടാൻ എന്തുവിലകൊടുത്തും പോയിന്റുകൾ നേടേണ്ട പരിതസ്ഥിതി. പക്ഷേ ഇതിനേക്കാളേറേ അവരെ അലട്ടിയത് മുമ്പെങ്ങും നേരിട്ടുനുഭവിച്ചിട്ടില്ലാത്ത മഹായുദ്ധം തങ്ങളുടെ മണ്ണിലേക്ക് ചീറിയടുക്കുന്നതറിഞ്ഞുള്ള നാളെയിലാണ്ട ആശങ്കയായിരുന്നു. ഇനിയങ്ങോട്ട് ഫുട്ബോളും ലീഗുമുണ്ടാവില്ലെന്ന യാഥാർഥ്യബോധം കളിക്കാരുടെ ഇടയിൽ പ്രചരിച്ചിരുന്നു.
സമീപഭാവിയിൽ തന്നെ തങ്ങൾ തൊഴിൽ രഹിതരാവുമെന്നും മറ്റു വഴികളില്ലാതെ നിർബന്ധമായും യുദ്ധത്തിൽ പങ്കെടുക്കേണ്ടി വരുമെന്നും വിശ്വസിച്ച കളിക്കാർ ആ മത്സരത്തിനും അതിന്റെ പ്രസക്തിക്കും യാതൊരുവിധ പ്രാധാന്യവും കൽപ്പിച്ചിരുന്നില്ല.എല്ലാ അസ്വാരസ്വങ്ങളുടെയും നടുവിൽ ആ മത്സരവും എന്നെത്തെയും പോലെ ഓൾഡ് ട്രാഫോർഡിന്റെ മണ്ണിൽ കൊടിയേറി.
ഡെർബിയുടെ ചൂടും ചൂരും ആവേശവുമോടെ ആ പ്രത്യേക സാഹചര്യത്തിലും 18,000’ത്തോളം ആരാധകർ തങ്ങളുടെ ടീമിന്റെ നിലനിൽപ്പിന്റെ പോരാട്ടത്തിനെ പ്രചോദിപ്പിക്കാൻ ഓൾഡ് ട്രാഫോഡിൽ തിങ്ങിനിറഞ്ഞിരുന്നു. പക്ഷേ കാലാവസ്ഥ പോലും എതിരായിരിക്കണം, കൊടും മഴത്താണ് കളി തുടങ്ങിയത്.
യുണൈറ്റഡ് തങ്ങളുടെ പതിവ് ചുവപ്പിൽ അണിനിരന്നപ്പോൾ അതിഥികളായ ലിവർപൂൾ വെള്ള ജെഴ്സി അണിഞ്ഞായിരുന്നു കളത്തിലിറങ്ങിയത്. ടോസ് നേടിയ ചെകുത്താന്മാർ കാറ്റിനനുകൂലമായി കളിക്കാൻ തീരുമാനിച്ചു. പക്ഷേ കളിക്ക് കാണികൾ പ്രതീക്ഷിച്ച ചൂടും ചൂരുമില്ലായിരുന്നു, പ്രത്യേകിച്ചും ലിവർപൂൾ കളിക്കാരുടെ അടുത്തിന്നും.
യുണൈറ്റഡ് കളിക്കാർ ആവട്ടെ തങ്ങൾക്ക് എമ്പാടും സമയമുണ്ടെന്ന രീതിയിൽ പന്ത് തട്ടി കളിച്ചു. ഡെർബിയുടെ ആവേശവുമായി വന്ന കാണികൾക്ക് അത് തികച്ചും ഞെട്ടിക്കുന്ന അനുഭവമായിരുന്നു. മുമ്പെങ്ങും തങ്ങൾ കണ്ടിട്ടില്ലാത്ത എന്തോ സംഭവിക്കുന്നതായി അവർക്ക് തോന്നിത്തുടങ്ങിയിട്ടുണ്ടായിരുന്നു.
സ്വതവേ കഷ്ട്ടത്തിലായിരുന്ന യൂണൈറ്റഡ് ടീമിനെതിരെ താരതമ്യേന മെച്ചപ്പെട്ട ലിവർപൂൾ ടീം ഇത്ര താത്പര്യമില്ലാതെ വഴങ്ങി കൊടുക്കുന്നത് അവരെ ശരിക്കും അങ്കലാപ്പിലാക്കിയിരുന്നു. ലിവർപൂൾ ഗോൾകീപ്പർ എലിഷ് സ്കോട്ടിന് ഷോട്ടുകളുടെ കുത്തൊഴുക്ക് മൂലം നിന്ന് തിരിയാൻ സമയമില്ലായിരുന്നു, അതേസമയം എതിർ ഗോൾകീപ്പർ ബോബ് ബീലിന് ഒരു സിഗരറ്റ് കത്തിച്ച് പോയി കൗണ്ടർപ്പാർട്ടിന് ഷെയർ ചെയ്തു തിരിച്ചു വരാൻ സമയമുണ്ടായിരുന്നുവെന്നാണ് പിന്നീട് ഒരു ബ്രിട്ടീഷ് മീഡിയ കളിയെ ഹാസ്യ-രൂപേണ വിവരിച്ചത്.
ഒടുവിൽ ഒന്നാം പകുതിക്ക് പിരിയുമ്പോൾ, തൊട്ടുമുമ്പായി സ്ട്രൈക്കർ ജോർജ് ആൻഡേഴ്സണിന്റെ മികവിൽ പ്രതീക്ഷിച്ചപോലെ യുണൈറ്റഡ് 1-0ന് ലീഡ് എടുത്തിരുന്നു. ഇടവേളയിൽ ലിവർപൂൾ ഡ്രസിങ് റൂം പൊട്ടിത്തെറിക്കുകയായിരുന്നു, എന്താണ് സംഭവിക്കുന്നതെന്ന് അവരിൽ പലർക്കും മനസ്സിലായില്ല. ചില കളിക്കാർ മറ്റു സഹകളിക്കാർക്ക് പന്ത് തീരെ കൈമാറാത്തതിനെപ്പറ്റി ചോദ്യംചെയ്യലുകളുണ്ടായി. അവരെ സംബന്ധിച്ചും കാണികളെ സംബന്ധിച്ചും ആ ഗ്രൗണ്ടിൽ ഒരേ സമയം രണ്ടു കളികൾ നടക്കുന്നതായാണ് തോന്നിയത്, ഒന്ന് ഒന്നിച്ചു തീരുമാനിച്ചിറങ്ങിയ കുറെ പേരും മറ്റൊന്ന് അതൊന്നുമറിയാതെ കളിക്കാനിറങ്ങിയ തങ്ങളെപ്പോലെ കുറച്ചും.
സെക്കന്റ് ഹാഫിൽ തങ്ങൾ ഇറങ്ങില്ലെന്ന് കുറേപ്പേർ പ്രതിഷേധിച്ചെങ്കിലും പക്ഷേ കളി തുടർന്നു. പക്ഷേ കാര്യങ്ങൾ സംശയിച്ചിരുന്ന ആളുകൾക്ക് വ്യക്തത വരുത്തുന്ന കാര്യങ്ങളായിരുന്നു കളി തുടങ്ങി നിമിഷങ്ങൾക്കകം സംഭവിച്ചത്. 47ാം മിനിറ്റിൽ ലിവർപൂൾ ഡിഫന്ററുടെ കൈക്ക് പന്ത് തട്ടി യാദൃശ്ചികമായി ലഭിച്ച പെനാൽറ്റി എടുക്കാൻ വന്നത് സ്ഥിരം ടേക്കറായ ആൻഡേഴ്സൺ ആയിരുന്നില്ല പകരം ടീം ക്യാപ്റ്റനായ പാഡി എന്ന പാട്രിക്ക് ഒ’കോണൽ ആയിരുന്നു.
കരിയറിലുടനീളം പെനാൽറ്റി ഗോളാക്കി മാറ്റുന്നതിൽ പൊതുവേ മോശം ചരിത്രമുള്ള പാഡി തങ്ങളുടെ ലീഗിലെ ഭാവി തന്നെ നിർണയിക്കുന്ന പെനാൽറ്റി എടുക്കാൻ വന്നത് ആരാധകരെ ഞെട്ടിച്ചിരുന്നു.ലീഡ് നില വർദ്ധിപ്പിച്ച് കളി സ്വന്തമാക്കാമെന്ന പ്രതീക്ഷിച്ച ഹോം കാണികൾക്ക് അത് കടുത്ത ആശങ്ക പകർന്നു. ഒടുവിൽ അവർ ഭയപ്പെട്ടതു തന്നെ സംഭവിച്ചു പാഡി പെനാൽറ്റി മിസ്സാക്കി. പക്ഷേ അതിനെക്കാളും വലിയ മറ്റൊരു ഞെട്ടലായിരുന്നു അവരെ കൂടുതൽ അന്ധാളിപ്പിച്ചത്.
ഗോളിലേക്കാണ് ലക്ഷ്യം എന്ന് ഒരു കൊച്ചു കുട്ടിക്ക് പോലും തോന്നിപ്പിക്കാത്തവണ്ണം അമ്പരപ്പിക്കുന്ന വിസ്തൃതിയിലാണ് പാഡി ആ ഷോട്ട് പ്ലേസ് ചെയ്തതെന്നതായിരുന്നു അത്. ചില ദൃക്സാക്ഷികൾ ഗോൾപോസ്റ്റിനേക്കാളും കോർണർ ഫ്ലാഗിനടത്തോകൂടെയാണ് പന്ത് കടന്നുപോയതെന്ന് വിവരിച്ചുവെങ്കിൽ അത് എത്രമാത്രം വൈഡായാണ് അടിച്ചതെന്ന് വ്യക്തം.
അതുകണ്ട് അമ്പരന്നു പോയ കാണികളെ പോലെതന്നെ റഫറിയും ലൈൻസ്മാനും മിനിട്ടുകളോളം അതിനെ പറ്റി സംസാരിച്ചു. പിന്നെയും ആരാധകരെ സ്തബ്ധമാക്കിയത് ടീമിന്റെ ഭാവിയെ തന്നെ നിർണയിക്കുന്ന നിർണായക നിമിഷം ‘മനപ്പൂർവ്വം’ എന്നപോലെ കളഞ്ഞു കുളിച്ചിട്ടും അതിൽ യാതൊരു നിരാശയും വികാരവും പ്രകടിപ്പിക്കാതെ വിലക്ഷണമായി ചിരിച്ചുകൊണ്ട് തിരിച്ചുനടന്ന ക്യാപ്റ്റൻ പാഡിയെ കണ്ടാണ്.
എന്തൊക്കെയോ തീരുമാനിച്ചുറച്ച് ഇറങ്ങിയ ഒരുകൂട്ടം കളിക്കാരുടെ നാടകമാണ് തങ്ങൾ കാണുന്നതെന്ന് കാണികൾക്ക് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞിരുന്നു. അവരുടെ വമ്പിച്ച കൂക്കും പോർവിളികളും ഗ്രൗണ്ട് ഒട്ടുക്കും പ്രതിധ്വനിച്ചു. ടീമിന് ഇനിയും ഗോൾ ആവശ്യമെങ്കിൽ അത് നേടാൻ ഉറപ്പായും കഴിയും എന്നറിഞ്ഞുക്കൊണ്ട് അത് മനപ്പൂർവ്വം പാഡി മിസ്സ് ചെയ്തത് പോലെ തോന്നിച്ചു എന്നായിരുന്നു ചില ദൃക്സാക്ഷികൾ അത് വിവരിച്ചത്. കളി പിന്നെയും തുടർന്നു.
ആദ്യ ഹാഫിൽ നിന്ന് വലിയ വ്യത്യാസം ഒന്നുമില്ലാതെ ലിവർപൂൾ തണുത്ത കളി തുടർന്നു, ചില കളിക്കാരൊഴിച്ച്. ഒടുവിൽ പാഡിക്ക് തിട്ടമുള്ളതെന്നപോലെ എന്ന് പറയപ്പെട്ട രണ്ടാം ഗോളും പിറന്നു, ആൻഡേഴ്സൺ തന്നെയായിരുന്നു അതും സ്കോർ ചെയ്തത്. യാദൃശ്ചികവശാലോ അല്ലാതെയോ ആ രണ്ടാമത്തെ ഗോളിന് കാരണമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചതും പാഡി ആയിരുന്നു.
രണ്ടാം ഗോളിനു ശേഷം ‘ക്നോക്കർ’ വെസ്റ്റ് എന്ന അന്നത്തെ യുണൈറ്റഡിന്റെ ഗംഭീര ‘വിങ്ങർ’ മികച്ച രണ്ട് ചാൻസുകൾ ദുർബലമായി പാഴാക്കി എന്നു മാത്രമല്ല, ആക്രമണത്തിൽ നിന്ന് ഡിഫൻസിൽ ഇറങ്ങി വീണ്ടും വീണ്ടും കാണാത്തവിധം ദൂരേക്ക് അലക്ഷ്യമായി പന്ത് അടിച്ചു കളഞ്ഞുകൊണ്ടേയിരുന്നു. കളിയിൽ ഇനിയൊരു താല്പര്യവുമില്ല എന്ന മട്ടിലായിരുന്നു യുണൈറ്റഡ് കളിക്കാരുടെ പ്രതികരണവും.
പക്ഷേ കളി തീരാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ ലിവർപൂൾ സ്ട്രൈക്കർ ഫ്രെഡ് പഗ്നാം യുണൈറ്റഡിന്റെ ക്രോസ് ബാറിനടിച്ചത് സ്വന്തം കളിക്കാരിൽ നിന്നുള്ള മുറുമുറുപ്പിനും വളരെ ചെറിയ കൈയേറ്റത്തിനും പാത്രമായത്, ആ കളിക്ക് എത്തിയ കാണികൾക്ക് തങ്ങൾ കണ്ട നാടകത്തിന് എറ്റവും യോജിച്ച ക്ലൈമാക്സ് ആയിരുന്നു.മത്സരം കഴിഞ്ഞതോടെ, എറേക്കുറെ പിറ്റന്നത്തെ എല്ലാ ഡെയ്ലി’കളിലും അത് വലിയ വാർത്തയായി.
പല പത്രങ്ങളും അത് ലിവർപൂളിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മോശപ്പെട്ട മത്സരമാണതെന്നാണ് വിലയിരുത്തിയത്. ഒരുപാട് മാച്ച് ഫിക്സിങ്ങ് കിംവദന്തികൾ അടുത്തടുത്ത ദിവസങ്ങളിൽ പരന്നെങ്കിലും എഫ്.എ അത് കാര്യമായെടുത്തില്ല. അതിനൊരു കാരണവുമുണ്ടായിരുന്നു, രണ്ടു കൊല്ലം മുമ്പ് ആഴ്സണൽ ചെയർമാന്റെ ആരോപണത്തിൽ എഫ്.എ അന്വേഷിച്ച ലിവർപൂൾ-ചെൽസി (1-2) മത്സരത്തെ പറ്റി ചതി നടന്നു എന്ന് വ്യക്തമാക്കുന്ന കൃത്യമായ തെളിവുകൾ അവർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലായിരുന്നു. അത് വെറും ആരോപണം ആയി ചുരുങ്ങി.
രണ്ടാഴ്ചക്കകം ലീഗ് അവസാനിച്ചു എവർട്ടൺ ജേതാക്കളായി, അന്ന് നേടിയ പോയന്റിന്റെ ബലത്തിൽ യുണൈറ്റഡ് റിലഗേഷൻ ഒഴിവാക്കി, ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ ചെൽസി തരംതാഴപ്പെടുകയും ചെയ്തു. അതിനൊപ്പം തന്നെ ഏപ്രിൽ 20’ന്, യുദ്ധം കഴിയുന്നതുവരെ അനിശ്ചിതകാലത്തേക്ക് ലീഗ് ഫുട്ബോൾ നിർത്തലാക്കിയതായി എഫ്.എ പ്രഖ്യാപിച്ചു.
പക്ഷേ മീഡിയ ഒത്തുകളി ആരോപണം അവസാനിപ്പിച്ചിരുന്നില്ല. ഒടുവിൽ സ്പോർട്ടിങ്ങ് ക്രോണിക്കിൾ എന്ന അന്നത്തെ പ്രശസ്ത പത്രം കുറച്ച് സംശയകരമായ തെളിവുകളോടെ ഒരു ബെറ്റിങ്ങ് ഫിർമിന്റെ ആവ്യശ്യത്തിൽ ഈസ്റ്റർ വാരാന്ത്യം മാഞ്ചസ്റ്ററിൽ നടന്ന കളി ഒത്തുതീരുമാനിക്കപ്പെട്ടതാണെന്ന തെളിവുകൾ ആരെങ്കിലും കൊണ്ടുവരികയാണെങ്കിൽ കൊണ്ടുവരുന്ന ആൾക്ക് പാരിതോഷികമായി £50 പ്രഖ്യാപിച്ചു.
അതിനുള്ള പ്രത്യേക കാരണം എന്താണെന്ന് വെച്ചാൽ ബെറ്റിങ്ങ് അന്ന് പ്രചാരമുള്ളതായിരുന്നുവെങ്കിലും, ഒരു പ്രത്യേക സ്കോറിൽ ബെറ്റ് ചെയ്യുന്നത് അത്ര ജനസമ്മതിയുള്ളൊന്നായിരുന്നില്ല. പക്ഷേ യുണെറ്റഡ് കളിക്ക് ബുക്ക്മേക്കേഴ്സ് 8/1 എന്ന് വിദൂര സാധ്യത കല്പച്ചിരുന്ന 2-0’ന് യുണൈറ്റഡ് ജയിക്കുമെന്നുള്ള സാധ്യതയിൽ മുമ്പെങ്ങും കാണാത്തവിധം ബെറ്റുകളുടെ കുത്തൊഴോക്ക് സംഭവിച്ചു ഒടുവിൽ അവർക്ക് അത് 4/1 എന്ന ഓഡ്’സിലേക്ക് ആ സാധ്യത കുറയ്ക്കേണ്ടി വന്നു.
ഇത് കളിയുടെ റിസൾട്ടിനുമേൽ കുറെ പേർക്ക് മുമ്പേതന്നെ വ്യക്തത ഉണ്ടായിരുന്നു എന്നുള്ളതിനുള്ള ശക്തമായ തെളിവായിരുന്നു. ഒടുവിൽ മീഡിയാസിന്റെ ശ്രമം വിജയം കണ്ടു, കുറച്ചു ദിവസങ്ങൾക്ക് ശേഷം എഫ്.എ ” ഗുഡ് ഫ്രൈഡേ ഗെയിം ” അന്വേഷിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. യുദ്ധം മൂലമുള്ള അന്നത്തെ പ്രത്യേക സാഹചര്യത്തിൽ അന്വേഷണം വളരെ ബുദ്ധിമുട്ടായിരുന്നു. കാരണം ചിലകളിക്കാർ യുദ്ധസേവനത്തിനായും, മറ്റ് കളിക്കാർ മറ്റ് പല മേഖലകളിലേക്കും ചിതറിയിരുന്നു.
ഒടുവിൽ കിട്ടിയ തെളിവുകളുടെയും പല കളിക്കാരുടെ മൊഴികളുടെയും സംശയത്തിലുള്ളവരുടെ ചോദ്യംചെയ്യലിന്റെയും അടിസ്ഥാനത്തിൽ ആറു മാസം നീണ്ട അന്വേഷണത്തിനൊടുവിൽ ആ സമിതി ഡിസംബർ 23’ന് വലിയ ഒത്തുകളി കടന്നതായി പ്രസ്താവിച്ചു. രണ്ട് ടീമിലേയും ഒരു പറ്റം കളിക്കാർ ചേർന്ന് സാമ്പത്തികമായ ലാഭത്തിനായി ഒത്തു കളിച്ചു എന്നായിരുന്നു അവരുടെ കണ്ടെത്തൽ, തഥാസ്തു അവർക്ക് ടീമുകളുടെ താത്പര്യത്തിൽ യാതൊരു ഉദ്ദേശവുമില്ലായിരുന്നു എന്ന്.
ലിവർപൂളിൽ നിന്ന് ജാക്കി ഷെൽഡൺ, ടോം ഫെയർഫോൾ, ടോം മില്ലർ, ബോബ് പഴ്സൽ എന്നീ നാലു പേരും യുണൈറ്റഡിൽ നിന്ന് ആർതർ വാലി, സാൻഡി ടേൺബുൾ, “ക്നോക്കർ’ വെസ്റ്റ് എന്നീ മൂന്നു പേരും അടക്കം മൊത്തം ഏഴ് പേരാണ് കുറ്റക്കാരാക്കപ്പെട്ടത്. മാഞ്ചസ്റ്റർ സിറ്റിയുടെ ഫ്രെഡ് ഹോവാർഡടക്കം മറ്റ് ചില ഇടനിലക്കാർ കൂടി പിടിക്കപ്പെട്ടിരുന്നു. അങ്ങനെ എല്ലാവർക്കും എഫ്.എ കടുത്ത ശിക്ഷ തന്നെ വിധിച്ചു. ഫുട്ബോളിൽ നിന്നേ ഭ്രഷ്ട് ആയിരുന്നു അത്, ഇനി ഭാവിയിൽ മാനേജ്മെന്റിലോ എന്തിനേറേ ഏതെങ്കിലും ഒരു ഫുട്ബോൾ ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നത് തന്നെ എഫ്.എ വിലക്കി.
എറേക്കുറേ ഇവരിലേറേപേർ ഇതിനെതിരെ പ്രതിഷേധിച്ചെങ്കിലും, ആരും കാര്യമായി നിരാകരിക്കാൻ വന്നില്ല ഒരാളൊഴിച്ച്, ക്നോക്കർ വെസ്റ്റ് ! യഥാർത്ഥത്തിൽ യുണൈറ്റഡിൽ കളിക്കാൻ ഇറങ്ങിയവരിൽ ശിക്ഷിക്കപ്പെട്ട ഏക വ്യക്തിയായിരുന്നു ക്നോക്കർ വെസ്റ്റ്, മറ്റു രണ്ടുപേരും കളിയിൽ പങ്കെടുത്തിട്ടേ ഉണ്ടായിരുന്നില്ല.
ആ വിധിക്കും ശേഷം ഇവരുടെയടക്കം പലരുടെയും ജീവിതത്തിൽ സംഭവിച്ചത് കയ്പാർന്ന സംഭവബഹുലമായ കാര്യങ്ങളായിരുന്നു, ഇനിയും പറഞ്ഞാൽ തീരില്ല !!സത്യത്തിൽ പലരും തങ്ങളുടെ വാക്ചാതുര്യവും ഭാഗ്യവും മൂലം ശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു, ഒട്ടേറേ പേർ ഇതിലുൾപ്പെട്ടിരുന്നു എന്നത് വ്യക്തമാണെന്ന് അന്നത്തെ മീഡിയകൾ വാ തോരാതെ സംസാരിച്ചിരുന്നു. അത് തന്നെയാണ് സത്യവും, പക്ഷേ എറ്റവുമന്തിമമായി ഈ വിധിക്ക് ഏറെക്കാലം പ്രസക്തിയുണ്ടായിരുന്നില്ല കാരണം കുറച്ചു കാലങ്ങൾക്കു ശേഷം യുദ്ധകാലത്തെ പ്രത്യേക സാഹചര്യവും രാജ്യ സേവനവും മൂലം അവരുടെ വിലക്കുകൾ എല്ലാം എടുത്തു മാറ്റപ്പെട്ടിരുന്നു പക്ഷേ ഒരാളുടേതൊഴിച്ച്, ക്നോക്കർ വെസ്റ്റ്. അതിന് കാരണം ആ വിധി ചലഞ്ച് ചെയ്തു അദ്ദേഹം പിന്നീട് നടത്തിയ പോരാട്ടമായിരുന്നു.
1919’ൽ പിന്നീട് ലീഗ് പുനരാരംഭിക്കുന്നത് വരെയുള്ള തെളിവെടുപ്പും നിയമപ്പോരാട്ടത്തിലും എന്താണ് കളിക്ക് മുന്പ് സംഭവിച്ചതെന്ന് വ്യക്തത വന്നിരുന്നു. ടീമിന്റെ സാഹചര്യത്തേക്കാൾ ഉപരി ആ യുദ്ധകാലത്ത് ,അത് മണ്ണിന്റെ വക്കോളമെത്തി നിൽക്കുമ്പോൾ, ഫുട്ബോളെന്നോ നാളെയെന്നൊ എന്നൊന്നില്ലെന്നുള്ള യാഥാർത്ഥ്യബോധവും തൊഴിൽ രഹിത സാധ്യതയമാണ് അവരെ അതിലേക്ക് നയിച്ചത്.
കളിയുടെ ദിവസങ്ങൾക്ക് മുൻപ് മാഞ്ചസ്റ്ററിലെ ഗ്രയ്റ്റ് സെൻട്രൽ സ്റ്റേഷനിലെ ഒരു ബാറിൽ ഒത്തുചേർന്നാണ് രണ്ട് ടീമിലെയും ഒരു കൂട്ടം കളിക്കാർ വാതുവെപ്പുകാരുമായി ചേർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ 2-0 എന്ന സ്കോറിൽ വിജയിപ്പിക്കാമെന്ന് തീരുമാനിച്ചത് !!ഇന്ന് 105 വർഷങ്ങൾക്ക് ശേഷം ഇംഗ്ലീഷ് മണ്ണിലോ, ലോകത്തെവിടെയോ ഇതാരും ഓർക്കുന്നില്ല. അറിയുന്നവർ വിരളം എന്നതാണ് സത്യം.
കഴിഞ്ഞ ഏപ്രിൽ രണ്ടിനോ എന്തിന് ഇന്നലെ ഓർമ ദിവ്യ ദുഃഖവെള്ളിയോ പോലോം ആരും എവിടെയും കുറിച്ചതായി കണ്ടില്ല. അവസാനം അഞ്ച് കൊല്ലങ്ങൾക്ക് മുമ്പ് ഇതിന്റെ നൂറാം വാർഷികത്തിലായിരിക്കണം ഫുട്ബോളിലെ പ്രമുഖരായ രണ്ടു വൈരികൾ തമ്മിലുള്ള ഈ വൈൽഡെസ്റ്റ് ഇൻസിഡന്റ് കുറച്ചെങ്കിലും പേരിൽ എത്തിയത്.
Comments are closed.