News in its shortest

‘കാളപെറ്റെന്നുകേട്ടാലുടൻ ദയവായി ബ്രേക്കടിക്കരുത്’

ടി സി രാജേഷ്

മലയാളത്തിൽ ന്യൂസ് ചാനലുകൾ പ്രത്യക്ഷപ്പെടുന്നതിനു മുൻപാണ്. ഇടുക്കി ജില്ലയിലെ തോപ്രാംകുടിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ മരിച്ചു. ഏതോ ഷാപ്പിൽ നിന്നു നന്നായി മദ്യപിച്ചെത്തുകയും വീട്ടിൽ വന്നിരുന്നു മദ്യപിക്കുകയും ചെയ്ത ഗൃഹനാഥൻ അൽപ സമയത്തിനുള്ളിൽ തളർന്നു വീഴുകയായിരുന്നു. സംഭവമുണ്ടായ ഉടനേ സ്ഥലത്തെ ഒരു പ്രധാന പയ്യൻസ് തനിക്ക് അടുത്തറിയാവുന്ന പ്രാദേശിക ചാനൽ റിപ്പോർട്ടറെ വിളിച്ചു: ‘ഒരാൾ മരിച്ചിരിക്കുന്നു, മദ്യപിച്ചുവന്നശേഷം തളർന്നു വീണതാണ്, വിഷമദ്യമാണോ എന്നു സംശയമുണ്ട്!’

സംശയദുരീകരണത്തിന് റിപ്പോർട്ടർക്കു മുന്നിൽ മാർഗമില്ല. സ്ഥലത്തെത്തണമെങ്കിൽ ഒരു മണിക്കൂറിലധികം യാത്രചെയ്യണം. പൊലീസ് എത്തി എഫ്.ഐ.ആർ തയ്യാറാക്കുന്നതുവരെ കാക്കാൻ താൻ പത്രറിപ്പോർട്ടറല്ല, ചാനൽ ലേഖകനാണ്!അദ്ദേഹം ഉണർന്നു. നിമിഷങ്ങൾക്കകം ചാനലിൽ ഫ്ളാഷെത്തി: “ഇടുക്കിയിൽ വ്യാജമദ്യം കഴിച്ച് ഒരാൾ മരിച്ചു…”നാട്ടുകാരുടെ പ്രചാരണത്തിനു പിന്നാലെ ചാനലിൽ ഫ്ളാഷ് വരികകൂടി ചെയ്തതോടെ നാട്ടിലാകെ പരിഭ്രാന്തി.

പത്രങ്ങളുടെ ജില്ലാ ബ്യൂറോകളിൽ നിന്ന് പ്രാദേശികലേഖകരെ വിളിക്കാൻ തുടങ്ങി. ജനപ്രതിനിധികൾ ബന്ധപ്പെട്ടു തുടങ്ങി. പക്ഷേ, ഫ്ലാഷടിച്ച ചാനലിനു പിഴച്ചില്ല, മണിക്കൂറുകൾക്കകം പ്രസ്തുത മദ്യഷാപ്പിൽ നിന്ന് ഒന്നു വീശിയവരൊക്കെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു!

ചിലർക്കു കാഴ്ചക്കു മങ്ങൽ, മറ്റു ചിലർക്കു കേൾവിക്കെന്തോ കുഴപ്പം പോലെ? ചാനലിലെ ഫ്ളാഷിനു നീളം കൂടി. വാർത്ത ആദ്യം റിപ്പോർട്ടു ചെയ്ത ലേഖകന് അഭിനന്ദന പ്രവാഹം!കുഴപ്പത്തിലായത് ഞങ്ങൾ പത്രലേഖകരാണ്. ചാനൽ വാർത്ത കണ്ടതോടെ ജാഗരൂകരായ പൊലീസും മറ്റും ഷാപ്പ് അടപ്പിച്ചു; നല്ല കാര്യം!

വിഷമദ്യം കഴിച്ചവരെ ചികിൽസിച്ച ഡോക്ടർമാരും പൊലീസും പക്ഷേ, ഒന്നും പറയുന്നില്ല. പോസ്റ്റ്മോർട്ടം കഴിയുംവരെ കാക്കണമെന്നു പൊലീസ്. പക്ഷേ, വൈകിട്ടു പത്രത്തിനു വാർത്ത നൽകേണ്ട ലേഖകൻമാർക്ക് കാത്തിരിക്കാനാകില്ലല്ലോ! അവരും ഊഹാപോഹങ്ങളെ കൂട്ടുപിടിച്ചു: ”ഗൃഹനാഥൻമരിച്ചു, വിഷമദ്യമെന്നു സംശയം.”

പിറ്റേന്നു രാവിലെ മറ്റുള്ളവരുടെ അവസ്ഥതേടി ഫോളോ അപ്പ് തയ്യാറാക്കാൻ ആശുപത്രിയിലെത്തിയ പത്രലേഖകർ ഞെട്ടി. കട്ടിലുകൾ കാലി! അന്വേഷിച്ചപ്പോൾ ഡോക്ടർ ചിരിച്ചു. എല്ലാവരും പേടിച്ചെത്തിയതായിരുന്നു! ചിലർക്ക് അമിത മദ്യപാനത്തിന്റെ പ്രശ്നവും. ആരും വിഷമദ്യമൊന്നും കഴിച്ചിരുന്നില്ല. പിന്നെ അന്വേഷണം പൊലീസിനോടായി. ഒടുവിൽ അവർ മൗനം ഭഞ്ജിച്ചു.

മരണകാരണം വിഷമദ്യമല്ല. കുടുംബപ്രശ്നത്തെ തുടർന്ന്, വീട്ടിലെത്തി മദ്യത്തിൽ വിഷം കലക്കി കുടിച്ച് ആത്മഹത്യ ചെയ്തതായിരുന്നു! ചാനലുകാർ പറഞ്ഞതുകൊണ്ട് പൊലീസിനും ചെറിയൊരു സംശയം തോന്നി വിഷമദ്യമാണോ എന്ന്. വിഷമദ്യമെന്ന പ്രചാരണവും ചാനൽ വാർത്തയുമായപ്പോൾ ആ ഷാപ്പിൽ നിന്ന് മദ്യപിച്ചവരെല്ലാം പേടിച്ച് ആശുപത്രിയിൽ അഭയം പ്രാപിക്കുകയായിരുന്നു. പൊലീസ് കേസെടുത്തതും ആത്മഹത്യ എന്ന പേരിലായിരുന്നു.

അപ്പോഴേക്കും ചാനൽ ഈ സംഭവം മറന്നു, മറ്റെന്തൊക്കെയോ ഫ്ളാഷുകൾക്കു പിന്നാലെയായിരുന്നു അവർ.(അന്ന് ഫ്ലാഷടിച്ച ചാനലിൽ ഇന്ന് വാർത്തകളില്ല. പക്ഷേ, അന്നത് റിപ്പോർട്ട് ചെയ്തയാൾ കട്ടപ്പനയിൽതന്നെയുണ്ട്.)ന്യൂസ് ചാനലുകൾ വരുന്നതിനു മുൻപ് വിനോദപരിപാടികൾക്കിടയിൽ പെട്ടെന്നൊരു വാർത്ത കിട്ടിയാൽ അത് ഫ്ലാഷായാണ് പ്രത്യക്ഷപ്പെടുക.

മലയാളത്തിൽ ന്യൂസ് ചാനലുകൾ പ്രത്യക്ഷപ്പെടുന്നതിനു മുൻപാണ്. ഇടുക്കി ജില്ലയിലെ തോപ്രാംകുടിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ…

Gepostet von TC Rajesh Sindhu am Sonntag, 9. August 2020

ന്യൂസ് ചാനലുകൾ വന്നതോടെയാണ് ഫ്ലാഷ് മാറി ബ്രേക്കിംഗ് ന്യൂസുകളുണ്ടായത്. ഒരു സന്ധ്യക്ക് ഇടുക്കി ജില്ലയിൽ നിന്നു തന്നെയുള്ള മറ്റൊരു ഫ്ളാഷ് ഇതായിരുന്നു: ‘തൊടുപുഴയിൽ ബസ് മറിഞ്ഞു, 21 പേർക്കു പരുക്ക്, രണ്ടു പേരുടെ നില ഗുരുതരം.’ അൽപനേരത്തിനു ശേഷം അടുത്ത ചാനലിൽ ഗുരുതര പരുക്ക് മൂന്നു പേർക്കായി! പരുക്കേറ്റവരുടെ ആകെ എണ്ണത്തിൽ വർധനവില്ലതാനും.

വൈകിട്ട് ഏഴു മണിയോടെയാണ് ഈ ഫ്ളാഷുകൾ ചാനലുകളിൽ വന്നതെന്നോർക്കണം. ഒടുവിൽ അപകടത്തിന്റെ വിശദ വിവരം അറിയാൻ പത്രം ഓഫിസിൽനിന്ന് ബന്ധപ്പെട്ടവരെ വിളിച്ചു ചോദിച്ചപ്പോൾ അവർക്കും കൺഫ്യൂഷൻ. ഉച്ചക്കു രണ്ടു മണിയോടെ ഒരു ബസ് പാടത്തേക്കൊന്നു ചരിഞ്ഞിരുന്നു. ആർക്കും കാര്യമായ പരുക്കില്ല! മാത്രമല്ല, ബസിൽ ആകെയുണ്ടായിരുന്നത് 20ൽ താഴെ യാത്രക്കാരാണ്!

സംഭവം നടന്ന് മണിക്കൂറുകൾക്കുശേഷം വാർത്ത ഫ്ളാഷായി എത്തുമ്പോഴേക്കും ബസ്സിലുണ്ടായിരുന്നവർ പൊടിയും തട്ടി വീട്ടിലെത്തിയിരുന്നു!ഒരു ചാനലിൽ, അപകടത്തിൽ രണ്ടു പേർക്കു പരുക്കേറ്റുവെന്ന വാർത്ത ഫ്ളാഷാക്കുമ്പോൾ അടുത്ത ചാനലിനിത് ഒന്നാക്കി കുറച്ചാൽ വില പോകും. സ്വാഭാവികമായും അവർ എണ്ണം കൂട്ടും, ആരേയും കൊല്ലില്ലെന്നു മാത്രം.

നിജസ്ഥിതി അറിഞ്ഞു കഴിഞ്ഞാലും ബസ് മറിഞ്ഞു, ആർക്കും പരുക്കില്ലെന്നു കൊടുത്താൽ അത് ഫ്ളാഷാകില്ലെന്നതിനാൽ അവർക്കതു ബോധപൂർവ്വം തമസ്‌കരിക്കേണ്ടി വരുന്നു! ഇന്നു പക്ഷേ, സോഷ്യൽ മീഡിയ വന്നതോടെ ചില കാര്യങ്ങളിൽ മാറ്റം വന്നു. ചിലത് അതുപോലെ തുടരുന്നു.മുൻ രാഷ്ട്രപതി കെ.ആർ.നാരായണൻ അത്യാസന്നനിലയിൽ ആശുപത്രിയിൽ കിടന്നപ്പോഴും ഈ ചാനൽഗുസ്തി കേരളം കണ്ടതാണ്. അദ്ദേഹം മരിക്കുന്നതിനു മണിക്കൂറുകൾക്കു മുന്നേ മരിച്ചതായി ഫ്ളാഷെത്തി!

വായിക്കൂ: കോവിഡ് കേരളം തന്ത്രം മാറ്റണം: ഇനിയും സമയം വൈകിയിട്ടില്ല

സൈറനുള്ള പല നഗരങ്ങളും ഇതു കണ്ട് ദുഃഖസൂചകമായി മൂന്നു വട്ടം കൂകി, ഞങ്ങളുടെ കട്ടപ്പനയിലും. പ്രമുഖർ മരിച്ചാൽ സൈറനടിക്കുക എന്നത് അന്നൊരു നാട്ടുനടപ്പായിരുന്നല്ലോ. വൈകാതെ, ആശുപത്രിയിൽ നിന്നു ലഭിച്ച വിവരം തെറ്റായിരുന്നെന്നും അദ്ദേഹം മരിച്ചില്ലെന്നും ഫ്ളാഷ് വന്നെങ്കിലും കൂകിയതു തിരിച്ചെടുക്കാൻ അവർക്കായില്ല!

സംഭവത്തിലെ വ്യക്തി കെ.ആർ.നാരായണൻ ആയിരുന്നതിനാൽ മാത്രമാണ് അന്ന് ചാനലുകൾ തിരുത്ത് കൊടുത്തത്. പ്രശസ്ത എഴുത്തുകാരൻ ഒ.വി.വിജയൻ മരിച്ച വാർത്തയെത്തി മണിക്കൂറുകൾക്കു ശേഷം ഒരു ന്യൂസ് ചാനലിൽ പെട്ടെന്നു പ്രത്യക്ഷപ്പെട്ട ബ്രേക്കിങ് ന്യൂസ് ഇതായിരുന്നു: ”ഒ.വി.വിജയന്റെ സംസ്‌കാരം നാളെ നടക്കും!”

എച്ച്.ഐ.വി ബാധിതയായ, വാർത്തകളിലൊക്കെ ഇടം പിടിച്ച ബെൻസി മരിച്ചതായി ആദ്യം ചാനലുകളിൽ വാർത്ത വന്നതും പിന്നീട് വാർത്ത തെറ്റാണെന്നറിഞ്ഞ് തിരുത്തേണ്ടിവന്നതുമൊക്കെ ചാനലുകളുടെ ആർക്കൈവുകൾ പരിശോധിച്ചാൽ ഇപ്പോഴും രേഖപ്പെട്ടു കിടപ്പുണ്ടാകും. പത്രങ്ങൾ മാത്രം വാർത്ത തയ്യാറാക്കിയിരുന്ന കാലത്ത് പൊലീസും ആശുപത്രിയും പോലെ സ്ഥിരീകരിക്കാവുന്ന കേന്ദ്രങ്ങളിൽ അന്വേഷിച്ചും നേരിട്ടു കാര്യങ്ങൾ തിരക്കിയുമായിരുന്നു സംഭവങ്ങൾ ജനങ്ങളിലേക്കു പകർന്നിരുന്നത്.

ഒരു സംഭവത്തിന്റെ വിശദാംശങ്ങൾ കൂടുതലായി നൽകുന്ന കാര്യത്തിൽ മാത്രമായിരുന്നു അവിടെ മൽസരം. ഇതിനാകട്ടെ പത്രങ്ങൾക്കു മുന്നിൽ സമയവുമുണ്ടായിരുന്നു. എവിടെയെങ്കിലും പിഴച്ചാൽ തിരുത്താൻ 24 മണിക്കൂർ കാത്തിരിക്കണമെന്ന പ്രശ്നം ഭീഷണിയായിട്ടുണ്ടായിരുന്നതിനാൽ അവർ ജാഗരൂകരുമായിരുന്നു! ഇന്നാകട്ടെ ചാനലുകളിൽ‍, സംഭവമുണ്ടായി അടുത്ത സെക്കൻഡിൽ ബ്രേക്കിംഗ് ന്യൂസായും തൊട്ടടുത്ത മിനിട്ടിൽ ദൃശ്യമായും എത്തും.

ഓരോ വാർത്തയും എത്രയും പെട്ടെന്ന് പ്രേക്ഷകനിലേക്കെത്തിക്കാനുള്ള ബദ്ധപ്പാടിനിടയിൽ, കാത്തിരിക്കാനോ വിശദമായന്വേഷിക്കാനോ സമയമില്ലാത്ത ചാനലുകാർ എവിടെങ്കിലും കാളപെറ്റെന്നു കേട്ടാൽ ഉടൻ അതും ബ്രേക്കിംഗാക്കും.

കാള പെറ്റാൽ അതൊരു സംഭവമാണെന്ന കാര്യത്തിൽ സംശയത്തിനു വകയില്ലല്ലോ! അടുത്ത ചാനൽ ഉടൻ ഒരു മൃഗഡോക്ടറുടെ ഫോൺ-ഇൻ സംഘടിപ്പിക്കും. മറ്റൊരു ചാനൽ മുമ്പെവിടെങ്കിലും കാള പെറ്റിട്ടുണ്ടോ എന്നു തിരക്കും, കിട്ടിയില്ലെങ്കിൽ പശു പെറ്റതിന്റെ സ്ഥിതിവിവരക്കണക്കുകൾ നിരത്തി കാളയ്ക്കു പെറാനുള്ള സാധ്യതകൾ തേടും!

ഒടുവിൽ കാള പെറ്റിട്ടില്ലെന്നറിയുമ്പോൾ തിരുത്താനാകില്ലാത്തതിനാൽ അവർ അടുത്ത ബ്രേക്കിംഗ് തേടും; ആരുണ്ടിവിടെ ചോദിക്കാൻ?അതുകൊണ്ട് എല്ലാ ചാനലുകാർക്കും വേണ്ടി നമുക്കാ പഴഞ്ചൊല്ലൊന്നു പരിഷ്‌കരിച്ചുപദേശിക്കാം: “കാളപെറ്റെന്നുകേട്ടാലുടൻ ദയവായി ബ്രേക്കടിക്കരുത്.”

80%
Awesome
  • Design

Comments are closed.