Fact check: കഞ്ചാവടിച്ചാല്‍ കാഴ്ച കൂടുമെന്ന് സുനില്‍ പി ഇളയിടം പ്രസംഗിച്ചിട്ടുണ്ടോ?
സുനിൽ മാഷ്ടെ ഗതികേട് ചെറുതല്ല. കഴിഞ്ഞ ദിവസം ഒരു സുഹൃത്ത് ” സുനിൽമാഷ് കഞ്ചാവടിച്ചാൽ കാഴ്ച്ച കൂടുമെന്ന് പ്രസംഗിച്ചിട്ടുണ്ടല്ലോ” എന്നു പറഞ്ഞു. മാഷങ്ങനെയൊക്കെ പ്രസംഗിക്കുമോ എന്നെനിക്കു സംശയം. ചോദിച്ചപ്പോൾ കക്ഷി മാഷിൻ്റെ പ്രസംഗ ക്ലിപ്പ് അയച്ചുതന്നു. ഒരു വശത്ത് സുനിൽ മാഷ്, മറുവശത്ത് കുഞ്ചൻ നമ്പ്യാരുടേതെന്ന് കരുതപ്പെടുന്ന ചിത്രം. അടിയിൽ ” കഞ്ചാവ് ഉപയോഗിച്ചാൽ കാഴ്ച്ചകൾക്ക് നല്ല തിളക്കമേറും” എന്നടിക്കുറിപ്പ്.
സംഭവം ലളിതമാണ്. നമ്പ്യാരുടെ സൗഗന്ധികത്തിലെ കദളീവന വർണ്ണനയെപ്പറ്റി വിജയൻ മാഷ് നടത്തിയൊരു നിരീക്ഷണമാണ്, ” കഞ്ചാവടിച്ചാൽ കാഴ്ച്ച ശക്തി കൂടുമത്രേ, കഞ്ചാവെങ്ങാനും വലിച്ചാണോ നമ്പ്യാർ കദളീവനം കണ്ടെതെന്നറിയില്ല” എന്നത്. പ്രസംഗത്തിനിടക്ക് സുനിൽമാഷ് നമ്പ്യാരിലെത്തുന്നു, വിജയൻ മാഷെ ഉദ്ധരിച്ചുകൊണ്ടുതന്നെ ഇക്കാര്യം പറയുന്നു. പിന്നെയതിങ്ങനെ ഒരു ക്ലിപ്പാവുമെന്നും മുതലാളിത്തവും മാർക്സിൻ്റെ തിരുത്തുകളുമെല്ലാം പറയുന്ന ആ പ്രഭാഷണത്തിൽ ക്ലിപ്പിടുന്നവന് തലക്കെട്ടാക്കാൻ തോന്നുക ഇതായിരിക്കുമെന്നും അതു കണ്ടൊരുവന് സുനിൽമാഷ് ഒരു കഞ്ചാവു പ്രമോട്ടറായി തോന്നുമെന്നും സുനിൽമാഷിനോ അന്നവിടെയിരുന്നു മാഷെ കേട്ടവർക്കോ ദുസ്വപ്നേപി തോന്നിരിയിരിക്കില്ല. പക്ഷേ അങ്ങനെത്തന്നെ സംഭവിക്കുന്നു.
സത്യാനന്തരകാലം എന്ന കാലൻ ചെറുതല്ല. കെട്ടിയ കയറഴിഞ്ഞു പോയ പോത്തിൽ ലക്കും ലഗാനുമില്ലാതെ പായുന്ന ആ കാലനെ തടുത്തുനിർത്താനൊരു വഴിയുമില്ല.
Fact check: കഞ്ചാവടിച്ചാല്‍ കാഴ്ച കൂടുമെന്ന് സുനില്‍ പി ഇളയിടം പ്രസംഗിച്ചിട്ടുണ്ടോ?

- Design