Fact check: ബര്‍ട്രാന്‍ഡ് റസ്സലിനെ കാള്‍ മാര്‍ക്സ് കോപ്പിയടിച്ചോ? സത്യമെന്താണ്?
കാൾ മാർക്സ് 1883 മാർച്ച് 14 ന് മരിച്ചു. ബർട്രാൻഡ് റസ്സൽ 1872 മെയ് 18 ന് ജനിച്ചു. അതായത് മാർക്സ് മരിക്കുമ്പോൾ റസ്സലിന് പതിനൊന്ന് വയസ്സും മൂന്നു മാസവുമായിരുന്നു പ്രായം.
അതായത് ബ്രോങ്കെറ്റിസ് ബാധിച്ച് രോഗാതുരനായി മാർക്സ് അന്ത്യശ്വാസം വലിച്ചപ്പോഴും പതിമൂന്നോളം മനുഷ്യർ മാർക്സിൻ്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുമ്പോഴും റസ്സൽ തൻ്റെ സഹോദരങ്ങളായ റേച്ചലിനും ഫ്രാങ്കിനുമൊപ്പം കളിക്കുകയോ മറ്റോ ആയിരുന്നു.
മാർക്സിൻ്റെ മൂലധനത്തിൻ്റെ ഒന്നാം വാല്യം അച്ചടിച്ചിറങ്ങുന്ന 1867ൽ റസ്സലിനെപ്പറ്റി അദ്ദേഹത്തിൻ്റെ മാതാപിതാക്കൾ പോലും ആലോചിച്ചിട്ടില്ല.ആ റസ്സലിനെ കോപ്പിയടിച്ചാണ് മാർക്സ് കമ്യൂണിസ്റ്റ് മോഷണത്തിന് തുടക്കമിട്ടത് എന്നാണ് ബൈജു സ്വാമിയുടെ കണ്ടുപിടുത്തം.
ശരിയായിരിക്കും. ബൈജു സ്വാമിയെ കോപ്പിയടിച്ചാണല്ലോ വിവേകാനന്ദൻ സന്യസിച്ചത്. ശങ്കരാചാര്യരാകട്ടെ വിവേകാനന്ദനെ കോപ്പിയടിക്കുകയായിരുന്നു.
സത്യാനന്തര കാലത്തിൻ്റെ കെണി ഇതാണ്. ഈ കമൻ്റ് വായിക്കുന്ന പലർക്കും മാർക്സിനെയോ റസലിനേയോ ആ പേരുകൾക്കപ്പുറം പരിചയം കാണില്ലെന്നും കാലക്രമം അത്രയും അറിയണമെന്നില്ലെന്നും ഉള്ള മുൻധാരണയിൽ നിന്ന് ഇങ്ങനെ എഴുതിവിടാം.
ഒരാൾ മറ്റെയാളെ മോഷ്ടിച്ചു എന്നുറപ്പിച്ചു പറയുന്ന സ്ഥിതിക്ക് പറയുന്നയാൾ ഇരുവരെയും നന്നായി വായിച്ചിരിക്കും എന്ന ധാരണ വായിക്കുന്നവർക്ക് തോന്നുകയും ചെയ്യും. സത്യം ചെരിപ്പിടും മുൻപേ ഇത്തരം പച്ചക്കള്ളങ്ങൾ ലോകം ചുറ്റും.
മാർക്സിനും റസ്സലിനും അനുശോചനങ്ങൾ.
അപ്ഡേറ്റ്: റസ്സലിനെയല്ല ഹെഗലിനെയാണുദ്ദേശിച്ചത് എന്ന് ടിയാൻ തിരുത്തിയതായി കാണുന്നു. അങ്ങനെയെങ്കിൽ ഈ അബദ്ധം എഫ് ബി പോസ്റ്റിൽ തെളിയിക്കാൻ ബുദ്ധിമുട്ടാണ്. ഹെഗലിനോട് മാർക്സ് യോജിച്ചതെവിടെ, വിയോജിച്ചതെവിടെ എന്നറിയണമെങ്കിൽ ഇരുവരെയും വായിക്കണം. പോര, കാൻ്റ്, ഹെഗൽ, മാർക്സ് എന്നിങ്ങനെ വികസിച്ചു വരുന്ന ഫിലോസഫിക്കൽ ഹിസ്റ്ററി പഠിക്കാൻ ശ്രമിക്കണം. സ്പിനോസയടക്കമുള്ളവരെ വായിച്ച് പരിചയപ്പെടണം. മൗലികതയെന്നാൽ തത്വചിന്തയിൽ ആകാശത്തു നിന്ന് ഭസ്മമെടുക്കുന്ന സ്വാമിമാരുടെ പരിപാടിയല്ലെന്നും ചരിത്രപരമായ വ്യുൽപ്പന്നമാണ് ഏതു തത്വചിന്തയുമെന്ന് മനസ്സിലാവണം. അത്രയും മെനക്കെടാമെങ്കിൽ പിന്നെ ഇത്തരം നോൺസെൻസിന് സമയവും കാണില്ല.
Comments are closed.