Fact Check: കേരളം യുഎഇയിലേക്ക് ഡോക്ടര്മാരെ അയക്കുന്നുണ്ടോ?
കേരളത്തിൽ നിന്ന് യു.എ.ഇയിലേക്ക് ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും പ്രത്യേക വിമാനത്തിൽ അയക്കുന്നു എന്ന പ്രചാരണം സംസ്ഥാന സർക്കാരിന്റെ അറിവോടെ ഉള്ളതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ എം.ഡി. ഡോ. കെ.പി. ഹുസൈൻ അങ്ങനെ വാഗ്ദാനം നൽകി ദുബായ് ഹെൽത്ത് അതോറിറ്റിക്ക് ഒരു കത്തയച്ച കാര്യം പുറത്തു വന്നിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വസ്തുതകൾ ദുബായ് ഹെൽത്ത് അതോറിറ്റി ഡയറക്ടർ ജനറൽ ഹുമൈദ് അൽ ഖുദമിയെ അറിയിച്ചത്.
യു.എ.ഇ യിലേക്ക് മെഡിക്കൽ സംഘത്തെ അയക്കുമെന്ന ആ വാഗ്ദാനവുമായി സംസ്ഥാന ഗവൺമെന്റിന് ഒരു ബന്ധവുമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കത്തെഴുതിയ വ്യക്തിക്ക് സംസ്ഥാന സർക്കാരിന് വേണ്ടി സംസാരിക്കാനുള്ള ചുമതലയില്ല. ലോകം കോവിഡ് – 19 ന്റെ വെല്ലുവിളി ചെറുക്കാനുള്ള കഠിന പ്രയത്നത്തിലാണ്.
ഇതിൽ ഓരോ രാജ്യത്തിനും തങ്ങളുടേതായ മാർഗങ്ങൾ ഉണ്ട്. എല്ലാവരും ഒന്നിച്ച് നിൽക്കുമ്പോൾത്തന്നെ ആവശ്യമായ പ്രോട്ടോകോൾ പാലിക്കേണ്ടതുമുണ്ട്. അതിനിടെ ഇത്തരമൊരു നീക്കം ഉണ്ടാകുന്നത് ശരിയല്ല. ഇത്തരം രീതികളെ സംസ്ഥാന സർക്കാർ അംഗീകരിക്കുന്നില്ല.
യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള സവിശേഷ ബന്ധവും യു. എ. ഇ യിലെ മലയാളി സാന്നിധ്യവും മുഖ്യമന്ത്രി ഹുമൈദ് അൽ ഖുദമിക്ക് അയച്ചകത്തിൽ എടുത്തുപറഞ്ഞു.
കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ യു.എ.ഇ ഭരണാധികാരികൾ നടത്തുന്ന ഇടപെടൽ ശ്ലാഘനീയമാണ്. ഏതെങ്കിലും വിഷയത്തിൽ ബന്ധപ്പെടൽ വേണമെങ്കിൽ അത് ഔദ്യോഗിക സംവിധാനത്തിലൂടെയാണ് ഉണ്ടാവുക. സഹകരണം കൂടുതൽ ശക്തമായി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments are closed.