News in its shortest

സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണം : മന്ത്രി എ സി മൊയ്തീന്‍

സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പുഴകളും തോടുകളും സംരക്ഷിക്കണമെന്നും വ്യവസായ വകുപ്പു മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. എരുമപ്പെട്ടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ബജറ്റ് വിഹിതമായി ലഭിച്ച 2 കോടി രൂപ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന പുതിയ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികള്‍ക്കായി പുഴ-തോട് സംരക്ഷണം, കുടിവെളള സ്രോതസ്സകളുടെ സംരക്ഷണം, നീര്‍ച്ചാലുകളുടെ പരിപോഷണം എന്നിവയുമായി ബന്ധപ്പെട്ടുളള കര്‍മ്മപരിപാടി പാഠ്യപദ്ധതിയില്‍ ആവിഷ്‌ക്കരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പുഴകളും തോടുകളും നീര്‍ച്ചാലുകളും സംരക്ഷിക്കുന്നതിനോടൊപ്പംതന്നെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂളിന്റെ തുടര്‍വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 3 കോടി രൂപയും എരുമപ്പെട്ടി ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിന് ഒരു കോടി രൂപയും വികസന ഫണ്ടില്‍ നിന്ന് അനുവദിക്കുമെന്നും എ സി മൊയ്തീന്‍ കൂട്ടിച്ചേര്‍ത്തു. 776.16 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ മൂന്നു നിലകളിലായാണ് പുതിയ സ്‌കൂള്‍ കെട്ടിടം. ഒന്‍പതു ക്ലാസ് മുറികള്‍, കോണി മുറി, വരാന്ത എന്നിവയും ഇതോടൊപ്പം നിര്‍മ്മിക്കുന്നുണ്ട്.

യോഗത്തില്‍ വടക്കാഞ്ചോരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ് ബസന്ത്‌ലാല്‍ അദ്ധ്യക്ഷത വഹിച്ചു. എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മീന ശലമോന്‍, വൈസ് പ്രസിഡണ്ട് കെ ഗോവിന്ദന്‍കുട്ടി, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ കെ കബീര്‍, പഞ്ചായത്തംഗം റോസി പോള്‍, പ്രാധാനാദ്ധ്യാപിക എ എസ് പ്രേംസി, പി ടി എ പ്രസിഡണ്ട് എം എ ഉസ്മാന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. പി ഡബ്യൂ ഡി ബില്‍ഡിംഗ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ സെബാസ്റ്റ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം കല്ല്യാണി എസ് നായര്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ സി എം പൊന്നമ്മ നന്ദിയും പറഞ്ഞു.

ദേശീയ സ്‌കൂള്‍ കായികമേളയില്‍ പുരസ്‌ക്കാരം നേടിയ ജംഷീല സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പുരസ്‌ക്കാരം നേടിയ ശ്രീരഞ്ജ്, ശാസ്ത്രമേളയില്‍ സമ്മാനം നേടിയ ഫ്രെസ്റ്റി ഫ്രാന്‍സീസ് തുടങ്ങിയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ മന്ത്രി ആദരിച്ചു.

Comments are closed.