ഈ ചെന്നൈ മലയാളിയുടെ ഒറ്റമുറി ചായക്കട നിങ്ങളുടെ കമ്പനി നല്കുന്നതിനേക്കാള് മികച്ച ആനുകൂല്യങ്ങള്‍ നല്‍കും
ചെന്നൈയിലെ ഒറ്റമുറി ചായക്കടകള്‍ ഭൂരിപക്ഷവും മലയാളികളുടേതാണ്. അത് നടത്തുന്നത് ഏത് ജാതിക്കാരനായാലും തമിഴരെ സംബന്ധിച്ച് നായരുടെ ടീഷോപ്പാണ്. മതം പോലും അക്കാര്യത്തില്‍ പരിഗണിക്കപ്പെടില്ല. ടീക്കട നടത്തുന്നുണ്ടോ, മലയാളിയാണോ എങ്കില്‍ തമിഴര്‍ക്ക് അത് നായരുടെ കടയാണ്. ഇവിടത്തെ പ്രതിപാദ്യവിഷയം അതല്ല. ഒരു മലയാളി നടത്തുന്ന ചായക്കടയാണ്. ചെന്നൈ അഡയാറിലെ കാമാരാജര് തെരുവിലെ ഒരു ചെറിയ ചായക്കട. പേര് ചിക്കാഗോ. ഈ കടയിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഒരുപക്ഷേ, നിങ്ങളുടെ കമ്പനിയില്‍ നിന്നും നല്കുന്നതിനേക്കാള് മികച്ചതാകും. 33 വര്‍ഷം മുമ്പാണ് സുകുമാരന്‍ ഈ കട ആരംഭിച്ചത്. ചെന്നൈയില്‍ ജോലി തേടിയെത്തിയ അദ്ദേഹം ഏറെ കഷ്ടപ്പെട്ടിട്ടുണ്ട്. ഓരോ മുതലാളിമാരും അദ്ദേഹത്തെ ചൂഷണം ചെയ്തു. ഒടുവില്‍ അദ്ദേഹം ഒരു കട തുടങ്ങിയപ്പോള്‍ ശപഥം എടുത്തു. തന്റെ കടയിലെ തൊഴിലാളിക്ക് അത്തരമൊരു അനുഭവം ഉണ്ടാകില്ല. മികച്ച ശമ്പളം നല്കുന്ന അദ്ദേഹം തൊഴിലാളികളെ വര്‍ഷത്തിലൊരിക്കല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ കൊണ്ടു പോയി ട്രീറ്റ് കൊടുക്കാറുമുണ്ട്. ലോകത്ത് ആദ്യമായി എട്ടുമണിക്കൂര്‍ ജോലിയെന്ന് ആവശ്യം ഉന്നയിച്ച് തൊഴിലാളികള്‍ സമരം നടത്തിയത് അമേരിക്കയിലെ ചിക്കാഗോയിലാണ്. ആ ഓര്‍മ്മയ്ക്കാണ് അദ്ദേഹം കടയ്ക്ക് ചിക്കാഗോയെന്ന് പേരിട്ടത്. തമിഴ്നാട്ടിലെ സജീവ സിപിഐഎം പ്രവര്ത്തകന് കൂടിയാണ് സുകുമാരന്‍. വളരെക്കാലം തന്റെ കൂടെ ജോലി ചെയ്യുന്നവര്‍ക്കു പുതിയ കടയിട്ടു നല്‍കുകയും ചെയ്യുന്നുണ്ട്. പകരം വാടക മാത്രമാണ് അവരില്‍ നിന്നും വാങ്ങുക. വിശദമായ വായനക്ക് സന്ദര്‍ശിക്കുക: ദ ന്യൂസ് മിനുട്ട്
Comments are closed.