News in its shortest

ദിലീപിന്റെ സിനിമകള്‍ കോമഡികളല്ല, ട്രാജഡികളാണ്; എനിക്ക് ചിരി വരാറില്ല

എം ജെ ശ്രീചിത്രന്‍

എന്തൊക്കെയായാലും ദിലീപെന്ന നടൻ്റെ കഴിവിനെ മാനിക്കണ്ടേ എന്ന ചോദ്യമുയർത്തുന്ന കുറച്ചു പേരെ കഴിഞ്ഞ ദിവസം കേട്ടിരിക്കേണ്ടി വന്നു. ദൈവമില്ലെങ്കിൽപ്പിന്നെ പുണ്യാഹം തളിച്ചാൽ ശുദ്ധിയാവുന്നതെങ്ങനെ എന്ന മട്ടിലൊരു ചർച്ചയാണത്.

ദിലീപൊരു മികച്ച നടനാണ് എന്ന മുൻതീർപ്പിലാണ് ചർച്ച തുടങ്ങുന്നത് എന്ന നിലക്ക്, എനിക്കതിൽ ഇടപെടാനൊന്നുമില്ല. ഈ കേസും പ്രശ്നങ്ങളും വരുന്നതിനു മുൻപേ തന്നെ നടനെന്ന നിലയിൽ ദിലീപ് എന്നെ ആകർഷിച്ചിട്ടില്ല. നിങ്ങൾക്കതിനോട് യോജിപ്പില്ലായിരിക്കാം. എനിക്കെൻ്റെ കാര്യമേ പറയാനാവൂ.ദിലീപ് സിനിമകളായി ഇറങ്ങിയവ മിക്കതും എനിക്കസഹനീയമായിരുന്നു. കോമഡിയെന്നാണ് പറയപ്പെടുന്നതെങ്കിലും എനിക്കവ ട്രാജഡിയായിട്ടാണ് അനുഭവപ്പെട്ടതും.

മുഖ്യധാരാ സിനിമകളും അതിലെ തമാശകളും ആസ്വദിക്കാത്ത ഒരാളല്ല എന്നെന്നെക്കുറിച്ച് എനിക്കുറപ്പുണ്ട്. ജഗതി, ശങ്കരാടി, ഒടുവിൽ, പപ്പു, മാമുക്കോയ, ഇന്നസെൻ്റ് – ഇങ്ങനെ നിരവധി ഹാസ്യനടൻമാരെയും അവരുടെ ഡയലോഗുകളേയും ഓർത്തു പറയുന്ന ഒരു ശരാശരി ചലച്ചിത്രാസ്വാദകനാണ് ഞാൻ. എന്നിട്ടും പണ്ടേ എനിക്ക് കണക്ട് ചെയ്യാനാവാത്ത നടനായി ദിലീപ് മാറിയത് എന്തുകൊണ്ടാവും?ഞാൻ കരുതുന്ന ഒന്നാമത്തെ പ്രശ്നം ദിലീപിൻ്റെ തമാശകളിലെ നാർസിസമാണ്.

അയാൾ തന്നെ അഭിരമിക്കുന്ന ഒന്നിലും അനുഭവതലമില്ലാതാകുന്നു. മറ്റൊന്ന് പലതിലേയും കടുത്ത ആണത്തത്തിൻ്റെ ദ്വയാർത്ഥാശ്ലീലങ്ങളാണ്. എല്ലാവരും കണ്ട മീശമാധവൻ എന്ന പടം തന്നെ അത്തരം ആണത്തപ്പുളപ്പുകളുടെ ആറാട്ടുപൂരമാണ്. ഓരോ സീനിലും ദ്വയാർത്ഥ ഡയലോഗുകൾ, അതിൽ മലയാളി ഞരമ്പുരോഗികൾ ചിരിക്കുന്ന ദിലീപിൻ്റെ ചിരി.

അശ്ലീലത്തിൽ കലക്കിയൊഴിച്ച പെർവർട്ട് തമാശകൾ കണ്ടു ചിരിക്കാൻ മാത്രം ഞാനെന്നെ സ്വയം തരംതാണു കണ്ടിട്ടില്ല. ദ്വയാർത്ഥങ്ങൾ മനസ്സിലാവാഞ്ഞിട്ടാവണം ഞാൻ ചിരിക്കാത്തതെന്നു കരുതി അവ വിശദീകരിച്ചു തന്നു കഷ്ടപ്പെട്ട സുഹൃത്തുക്കളുണ്ട്. മനസ്സിലാവുന്നതുകൊണ്ടാണ് ചിരി വരാത്തതെന്ന് അവരെ മനസ്സിലാക്കിക്കാൻ ഞാൻ പരാജയപ്പെട്ടിട്ടുമുണ്ട്.കടുത്ത നാർസിസത്തിൽ പുളിപ്പിച്ചു വാറ്റിയെടുത്ത ദിലീപിൻ്റെ രീതിക്ക് ഒട്ടും വഴങ്ങാത്ത ചില മെത്തേഡ് ആക്ടിങ്ങ് ആവശ്യപ്പെടുന്ന കഥാപാത്രങ്ങൾ നൽകി അഭിനയപ്രതിഭ തെളിച്ചെടുക്കാനുള്ള ശ്രമങ്ങളും ഒരു ഘട്ടത്തിൽ കണ്ടിരുന്നു.

മലയാളത്തിൽ അത് സ്വാഭാവികമാണ്. ഒരു പോപ്പുലർ നായകനും താരപദവി ആധികാരികമാവാൻ കുറച്ചു സംസ്ഥാന അവാർഡുകളും ഒന്നെങ്കിലും ദേശീയപുരസ്കാരവും ഷെൽഫിൽ വേണം. പക്ഷേ അത്തരം ശ്രമങ്ങളിൽ ദിലീപ് അതിദയനീയമാം വിധം പരാജയമായിരുന്നു. ദിലീപല്ലാതെ ആകെ ദിലീപിനാവാൻ കഴിയുന്നത് കുഞ്ഞിക്കൂനൻ ടൈപ്പ് ഫാൻസിഡ്രസുകളാണ്. അതിലപ്പുറം സാധ്യതകളില്ലാത്ത ഒരു പോപ്പുലർ നടൻ്റെ അത്യാഗ്രഹപ്രകടനങ്ങളായിരുന്നു അവ.

ചുരുക്കത്തിൽ, ചലച്ചിത്രനടൻ എന്ന നിലയിൽ ദിലീപിൻ്റെ മികവ് എനിക്കു ബോധ്യപ്പെട്ടിട്ടില്ല. പിന്നെ, അഭിനയത്തെ മാർക്ക് ചെയ്യാൻ ശാസ്ത്രീയമായ വഴി നിലവിലുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടു തന്നെ ഈ അഭിപ്രായം വൈയക്തികമാണ് എന്നതിൽ സംശയമില്ല.ജനപ്രിയ സിനിമയുടെയും ജനകീയ സിനിമയുടെയും വ്യത്യാസത്തേക്കുറിച്ചും ജനപ്രിയകല പ്രചരിപ്പിക്കുന്ന മലീമസമായ സംസ്കാരത്തെക്കുറിച്ചും ആദ്യം വായിച്ചിട്ടുള്ളത് സംവിധായകൻ പവിത്രൻ്റെ ലേഖനത്തിലാണ്.

ജനപ്രിയകല ഉൽപ്പാദിപ്പിക്കുന്ന അധികാരത്തിൻ്റെയും അപരനിരാസത്തിൻ്റെയും ലോകം കൊണ്ട് ക്രമേണ സ്വന്തം കലയിലെ അധികാരരൂപമായി മാറാൻ കഴിഞ്ഞാൽ ഒരു മനുഷ്യനെന്തു വരെ ചെയ്തുകൂട്ടാം എന്നതിൻ്റെ പ്രത്യക്ഷസാക്ഷ്യമാണ് ദിലീപ്. ചാന്തുപൊട്ടും കുഞ്ഞിക്കൂനനും ടിക്കറ്റെടുത്തു കണ്ട് ചിരിച്ചവരുടെ വികാരത്തെ തന്നെയാണ് പ്രാക്ടീസ് ആയി ദിലീപ് മാറ്റിയെടുത്തത്.

ഒന്നുകൂടി, ദിലീപ് സിനിമകളുടെ കുത്തകയല്ല ഈ ജനപ്രിയ മലിന സംസ്‌കാരം. ബാംബൂ ബോയ്സും ആക്ഷൻ ഹീറോ ബിജുവും ഇഷ്ടപ്പെടുന്ന സോഷ്യോപ്പാത്തുകളിൽ നിന്ന് ഇതിലൊട്ടും കുറയാത്ത ക്രിമിനലിസം പ്രതീക്ഷിക്കാവുന്നതാണ്.

ദിലീപിന്റെ സിനിമകള്‍ കോമഡികളല്ല, ട്രാജഡികളാണ്; എനിക്ക് ചിരി വരാറില്ല

kerala psc coaching kozhikode
80%
Awesome
  • Design