കോവിഡ്-19 പ്രതിരോധം; ഗുരുവായൂർ ഉത്സവപരിപാടികൾ നിർത്തി വെച്ചു
പൊതു സമൂഹത്തിന്റെ സുരക്ഷയെ കരുതി പത്തു ദിവസം നീണ്ട് നിൽക്കുന്ന ഗുരുവായൂർ ഉത്സവം നാമമാത്രമാക്കി ചുരുക്കി. നാട്ടിൽ കോവിഡ്-19 വൈറസ് രോഗം പടരുന്നതിനെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാരിനൊപ്പം നിൽക്കാൻ ഗുരുവായൂർ ദേവസ്വം തീരുമാനിച്ചതായി ദേവസ്വം ചെയർമാൻ അഡ്വ. കെ. ബി മോഹൻദാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉത്സവം അഞ്ചാം ദിവസം പിന്നിടുന്ന ചൊവ്വാഴ്ച കൂടി മാത്രമേ കലാപരിപാടികൾ, പ്രസാദഊട്ട്, പകർച്ച എന്നിവ ഉണ്ടാകൂ. മാർച്ച് 11 മുതൽ ഇവയെല്ലാം റദ്ദാക്കി. ക്ഷേത്രത്തിനകത്തെ ആചാരങ്ങളും ചടങ്ങുകളും പേരിന് മാത്രം നടത്തും. ക്ഷേത്ര തന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം.
ക്ഷേത്ര ദർശനത്തിൽ ഭക്തർ സ്വയം നിയന്ത്രണം ഏർപ്പെടുത്തി സഹകരിക്കണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു. ഉത്സവത്തിന് പുറമെ പതിവ് ചടങ്ങുകളായ വിവാഹം, ചോറൂണ് പോലുള്ളവ അധികം ബന്ധുക്കളെ കൊണ്ട് വരാതെ ചുരുക്കി നടത്താൻ ശ്രദ്ധിക്കണമെന്ന് ദേവസ്വം നിർദേശിച്ചു. അസുഖം ബാധിച്ചവരെ പ്രഥമ ദൃഷ്ടിയിൽ മനസിലാകാത്തതിനാൽ നാട്ടിലെ ഈ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആൾക്കൂട്ടം ഒഴിവാക്കാൻ ഭക്തർ കഴിവതും മുൻകൈയ്യെടുക്കണം. ക്ഷേത്രത്തിൽ വിവിധ ഇടങ്ങളിലായി സോപ്പ്, ലായിനികൾ തുടങ്ങി ശുചീകരണ സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഗുരുവായൂരിലെ ടൂറിസം കേന്ദ്രമായ പുന്നത്തൂർ ആനക്കോട്ട മാർച്ച് 31 വരെ അടച്ചിടും. ദേവസ്വം വാദ്യ വിദ്യാലയം, കലാനിലയം സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും അവധി നൽകി. കൂടാതെ ക്ഷേത്ര ജീവനക്കാർക്ക് മാസ്ക്ക് നൽകും. ക്യൂ കോംപ്ലസിൽ പരിശോധനയ്ക്ക് സെക്യൂരിറ്റി, ഡോക്ടർ എന്നിവരെ ഏർപ്പാടാക്കി. അടിയന്തിര നടപടികൾക്ക് ദേവസ്വം ആശുപത്രിയിൽ ഐസോലാഷൻ വാർഡ് സജ്ജമാക്കിയിട്ടുണ്ട്.
ആറാട്ട്, പള്ളിവേട്ട, പറവെയ്പ്പ് എന്നീ ചടങ്ങുകൾ പൊതുജനങ്ങളുടെ നിജപ്പെടുത്തി ദേവസ്വം പന്തി മാത്രമായി നടത്തും. പഞ്ചവാദ്യം, മേളം എന്നിവ പുറത്തേക്ക് ഉണ്ടാകില്ല. യാതൊരു വിധത്തിലും ഭക്തരെ നിരോധിക്കുകയില്ലെങ്കിലും, സമൂഹത്തിന്റെ നന്മയ്ക്കൊപ്പം നിൽക്കാൻ ഏവരും ബാധ്യസ്ഥരാണ്. ആനകളുടെ അകമ്പടിയോടെയുള്ള ഉത്സവ ചടങ്ങുകളിൽ ആനകളുടെ എണ്ണം കുറയ്ക്കാനും ദേവസ്വം തീരുമാനിച്ചതായി അറിയിച്ചു.
പ്രസാദഊട്ട്, പകർച്ച എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിർത്തി വെച്ചു. ബുധനാഴ്ച പ്രസാദൂട്ടിനായി അരിഞ്ഞു വെച്ച പച്ചക്കറികൾ പ്രദേശത്തെ ജനങ്ങൾക്കും ക്ഷേത്ര ജീവനക്കാർക്കും ആവശ്യാനുസരണം കൊണ്ട് പോകാനുള്ള സൗകര്യം ചെയ്യും. ബാക്കിയുള്ളവ ക്ഷേത്രം ആനകൾക്ക് ഭക്ഷണമായി നൽകും.
Comments are closed.