കൊറോണാന്തര കാലം രാജ്യങ്ങളുടെ അഹങ്കാരമൊഴിഞ്ഞ നല്ലമാകും: എം. മുകുന്ദന്
തൃശൂര്‍: ലോക്ക് ഡൗണ്‍ കാലയളവിനെയും കൊറോണ ഭീതിയെയും അതിജീവിക്കാന്‍ മനുഷ്യര്‍ക്ക് ഏറ്റവും ആവശ്യം ജാഗ്രതയ്ക്കൊപ്പം ശുഭപ്രതീക്ഷ കൂടിയാണല്ലോ. മലയാളത്തിലെ ഉന്നതശീര്‍ഷരായ എഴുത്തുകാരില്‍നിന്ന് ഈ പ്രതീക്ഷയുടെ സന്ദേശങ്ങളെത്തിക്കുകയാണ് കേരള സാഹിത്യ അക്കാദമി അതിജീവനത്തിന്റെ മൊഴികള്‍ എന്ന പരമ്പരയിലൂടെ. സാഹിത്യ അക്കാദമിയുടെ ഔദ്യോഗിക എഫ്.ബി. പേജില്‍ ഓഡിയോ പോഡ്കാസ്റ്റ് ആയും വീഡിയോ ആയും പ്രസിദ്ധീകരിക്കുന്ന ഈ പരമ്പരയുടെ ആദ്യ അദ്ധ്യായം ഏപ്രില്‍ മൂന്ന് വെള്ളിയാഴ്ച അപ്ലോഡ് ചെയ്തു. നവതി പിന്നിട്ട എഴുത്തുകാരനും പണ്ഡിതനുമായ പ്രൊഫ.എം.കെ. സാനുവാണ് ആദ്യത്തെ അദ്ധ്യായത്തില്‍ സംസാരിക്കുന്നത്.
തൊണ്ണൂറു വര്‍ഷങ്ങളിലധികം പിന്നിട്ട തന്റെ ജീവിതത്തില്‍ ഇത്തരമൊരു പ്രതിസന്ധി അഭിമുഖീകരിച്ചിട്ടില്ലെന്ന് സാനുമാഷ് ഓര്‍ക്കുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്താണ് കോളറ പടര്‍ന്നുപിടിച്ചത്. പക്ഷേ അതിന് അധികം വൈകാതെ വാക്സിന് കണ്ടുപിടിക്കാനായി. ഇപ്പോഴുള്ളത് സവിശേഷമായ ഒരു വെല്ലുവിളിയാണ്. എങ്കിലും മനുഷ്യകുലം അതിനെ അതിജീവിക്കുകതന്നെ ചെയ്യും- സാനുമാഷ് പറയുന്നു.
കൊറോണയ്ക്കുശേഷമുള്ള കാലം രാജ്യങ്ങളുടെ അഹങ്കാരങ്ങളും വര്‍ഗ്ഗവര്‍ണ്ണ വ്യത്യാസങ്ങളുമൊഴിഞ്ഞ് അല്പംകൂടി നല്ലൊരു കാലമായിരിക്കുമെന്ന പ്രതീക്ഷയാണ് എം. മുകുന്ദന് പങ്കുവയ്ക്കുന്നത്. വരുംദിനങ്ങളില്‍ മലയാളത്തിലെ ഏതാണ്ട് എല്ലാ പ്രമുഖ എഴുത്തുകാരും അക്കാദമി എഫ്.ബി. പേജില്‍ ഈ പ്രത്യാശയുടെ സന്ദേശങ്ങളുമായെത്തുമെന്ന് അക്കാദമി വൃത്തങ്ങള്‍ പറഞ്ഞു.
ലോകമെമ്പാടും മനുഷ്യര്‍ മരിച്ചുവീഴുന്ന ഹൃദയഭേദകമായ കാഴ്ചയ്ക്ക് സാക്ഷിയാകേണ്ടിവരുന്ന കാലത്ത്, അല്ലെങ്കിലേ പരിമിതമായ പൊതു ഇടങ്ങള്‍ വീണ്ടും ഇല്ലാതാകുന്ന സ്ഥിതിവിശേഷമാണുള്ളതെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന് പറഞ്ഞു. ദശാബ്ദങ്ങളായി മലയാളിജീവിതത്തിന്റെ സാംസ്കാരികജീവിതത്തിന്റെ ഭാഗമായ സാഹിത്യ അക്കാദമിക്ക് ഇപ്പോള്‍ അതിന്റെ സൈബറിടങ്ങളിലൂടെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്യാനുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരള സാഹിത്യ അക്കാദമി വിപുലമായ വായനയ്ക്ക് അതിന്റെ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അക്കാദമിയുടെ വെബ്സൈറ്റിലെ ഓണ്‍ലൈന്‍ ലൈബ്രറിയിലൂടെ ഉള്ളൂര്‍, ആശാന്, വള്ളത്തോള്‍, ചങ്ങമ്പുഴ എന്നിവരുടെ എല്ലാ കൃതികളും വായിക്കാം. മലയാളത്തിലെ പ്രശസ്തരായ 200 സാഹിത്യപ്രതിഭകളുടെ ചിത്രങ്ങള്‍, കൈയക്ഷരം, അവരുടെ ശബ്ദം, ചെറു ജീവചരിത്രക്കുറിപ്പ് എന്നിവ ചിത്രശാല എന്ന വിഭാഗത്തില്‍ സമാഹരിച്ചിട്ടുണ്ട്.
കേരള സാഹിത്യ അക്കാദമിയുടെ എല്ലാ പ്രസിദ്ധീകരണങ്ങളും വെബ്സൈറ്റില്‍ ലഭ്യമാണ്. അക്കാദമിയുടെ യൂട്യൂബ് ചാനലില്‍ സച്ചിദാനന്ദന്, സക്കറിയ, സുനില്‍ പി. ഇളയിടം, എം.എന്‍. കാരശ്ശേരി, കെ.ഇ.എന്‍, ബി. രാജീവന് തുടങ്ങിയവരുടെ പ്രഭാഷണങ്ങളും അപ്ലോഡ് ചെയ്തിട്ടുണ്ട്.
Comments are closed.