തിരുവനന്തപുരത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി
തിരുവനന്തപുരത്ത് ഗുരുതര സാഹചര്യം നിലനില്‍ക്കുന്നതുകൊണ്ട് ലോക്ക്ഡൗണ്‍ തുടരുകയാണ്. അതില്‍ ഇളവു വേണ്ടതുണ്ടോ എന്നും മറ്റും പരിശോധിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക.
തിരുവനന്തപുരം ജില്ലയില്‍ 2723 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 11 പേര്‍ ഐസിയുവിലും ഒരാള്‍ വെന്‍റിലേറ്ററിലുമാണ്.
ജില്ലയിലെ ഏഴ് ലാര്‍ജ് ക്ലസ്റ്ററുകളില്‍ പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് എന്നിവയുടെ സമീപ മേഖലകളിലേക്ക് രോഗം പകരുന്ന സാഹചര്യം നിലവിലുണ്ട്. പാറശാല, പൊഴിയൂര്‍ എന്നീ ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
കൊല്ലം ജില്ലയില്‍ വികേന്ദ്രീകൃത രീതിയില്‍ നാല് കൊറോണ കണ്‍ട്രോള്‍ യൂണിറ്റുകള്‍ മേഖലാടിസ്ഥാനത്തില്‍ ആരംഭിച്ചു. മദ്യപാന ആസക്തിയുള്ളതും മാനസിക അസ്വാസ്ഥ്യമുള്ളതുമായ കോവിഡ് രോഗികളെ ചികിത്സിക്കാന്‍ സജ്ജീകരണം ഏര്‍പ്പെടുത്തി.
പത്തനംതിട്ട ജില്ലയില്‍ അടൂര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്ലസ്റ്ററില്‍ നിന്നും പുറത്തേക്ക് രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ജില്ലയില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും, അടൂര്‍ ജനറല്‍ ആശുപത്രിയിലെ ഫാര്‍മസിസ്റ്റിനും പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ക്കും ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥനും കോവിഡ് സ്ഥിരീകരിച്ചു.
ആലപ്പുഴ ജില്ലയില്‍ ചെട്ടികാട്, ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷന്‍ എന്നീ ക്ളസ്റ്ററുകളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ ചികിത്സ തേടിയെത്തിയ ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ ആലുവ ക്ലസ്റ്ററിന് സമീപമുള്ള മഞ്ഞപ്ര, നെടുമ്പാശേരി, ശ്രീമൂലനഗരം, പള്ളിപ്പുറം പ്രദേശങ്ങളിലും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഫോര്‍ട്ട് കൊച്ചിയിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികള്‍ക്കായുള്ള പ്രത്യേക ഐസിയു പ്രവര്‍ത്തനം ആരംഭിച്ചു. യന്ത്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വെന്‍റിലേറ്റര്‍ പിന്തുണയുള്ള 40 ബെഡുകളാണ് ഐസിയുവില്‍ ക്രമീകരിച്ചിട്ടുള്ളത്. ഇതോടെ മെഡിക്കല്‍ കോളേജിലെ ആകെ വെന്‍റിലേറ്ററുകളുടെ എണ്ണം 75 ആയി.
പാലക്കാട് ജില്ലയില്‍ പട്ടാമ്പി നഗരസഭയിലും താലൂക്കില്‍ ഉള്‍പ്പെടുന്ന 15 ഗ്രാമപഞ്ചായത്തുകളിലും ഒറ്റപ്പാലം ബ്ലോക്കിലെ നെല്ലായ ഗ്രാമ പഞ്ചായത്തിലും മൊത്തത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ 19 പഞ്ചായത്തുകളിലായി 40 വാര്‍ഡുകളും നിയന്ത്രണ മേഖല പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയില്‍ കൊണ്ടോട്ടി ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായി മാറിക്കൊണ്ടിരിക്കുകയാണ്.
കൊണ്ടോട്ടി മത്സ്യമാര്‍ക്കറ്റുമായി ബന്ധം പുലര്‍ത്തിയവരും അവരുടെ കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിക്കുന്നുണ്ട്. സമീപ പഞ്ചായത്തുകളായ കുഴിമണ്ണ, പുളിക്കല്‍, ചെറുകാവ്, പള്ളിക്കല്‍, വാഴയൂര്‍ ഇവിടങ്ങളിലേക്കും രോഗം വ്യാപിക്കുന്നത് കൂടുതല്‍ ആശങ്കയുണര്‍ത്തുന്നു.
കോഴിക്കോട് ജില്ലയില്‍ 11 ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. വീടുകളില്‍ റൂം ക്വാറന്‍റീനില്‍ കഴിയുന്നവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്ന സംഭവങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഒരേ വീട്ടിലെ തന്നെ നാലും അഞ്ചും പേരിലേക്ക് രോഗം പടരുന്നു.
ഇതിന്‍റെ ഫലമായി കുടുംബത്തെ എഫ്എല്‍ടിസികളിലേക്കോ ആശുപത്രികളിലേക്കോ മറ്റേണ്ടിവരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീട്ടിലുള്ള പ്രായമായവരാണ് ഏറ്റവും കൂടുതല്‍ പ്രയാസമനുഭവിക്കേണ്ടിവരുന്നത്.
അങ്ങനെയുളളവര്‍ക്ക് വേണ്ടി ഓരോ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കോവിഡ് കെയര്‍ സെന്‍ററുകള്‍ ഒരുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബീച്ച് ആശുപത്രി കോവിഡ് സ്പെഷ്യല്‍ ഹോസ്പിറ്റലാക്കി മാറ്റാനുളള പ്രവര്‍ത്തനം ഉടന്‍ പൂര്‍ത്തിയാകും. മറ്റു ഗുരുതരരോഗങ്ങളുടെ ചികിത്സക്കും കോവിഡ് കേസുകള്‍ക്കും മാത്രമായി മെഡിക്കല്‍ കോളേജ് ആശുപത്രി പ്രയോജനപ്പെടുത്തും.
വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ലാര്‍ജ് കമ്യൂണിറ്റി ക്ലസറ്ററാവാനുള്ള സാധ്യത നിലനില്‍ക്കുകയാണ്.
ഇവിടെ ഒരു വലിയ വ്യാപാര സ്ഥാപനത്തിലെ 15 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ സ്ഥാപന ജീവനക്കാരുമായുള്ള സമ്പര്‍ക്കത്തില്‍ 300ലധികം പേര്‍ വരുമെന്നാണ് കണക്കു കൂട്ടുന്നത്. ഇവരെയെല്ലാം കണ്ടെത്തി അടിയന്തരമായി പരിശോധന നടത്തി വരികയാണിപ്പോള്‍. വാളാട് ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ സമ്പര്‍ക്കത്തിലുള്ള 110 പേരുടെ സാമ്പിള്‍ പരിശോധന നടത്തുന്നുണ്ട്.
കണ്ണൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചു. അതിനെ തുടര്‍ന്ന് കോവിഡ് ഇതര രോഗങ്ങളുടെ ചികിത്സക്ക് ക്രമീകരണം ഏര്‍പ്പെടുത്തി. ഒപി പരമാവധി നിയന്ത്രിക്കും. എല്ലാ ഒപിയിലും ടെലിമെഡിസിന്‍ സംവിധാനത്തിനുള്ള ക്രമീകരണം ഉണ്ടാക്കും. 44 പേര്‍ക്ക് പരിശോധനയില്‍ പോസിറ്റീവ് ആയി. 200 പേരെ ഇവിടെ പരിശോധിച്ചു.
ഹൈ റിസ്ക് പ്രൈമറി കോണ്‍ടാക്ടില്‍ പെട്ട 180 പേര്‍ ക്വാറന്‍റൈനില്‍ പോയി. ആശുപത്രിയിലെ അണുനശീകരണം ബുധനാഴ്ചയോടെ പൂര്‍ത്തിയാകും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കര്‍ശന സുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തലശേരിയില്‍ കണ്‍ട്രോള്‍ റൂം എസ്ഐക്ക് കൊവിഡ് പോസിറ്റീവ് ആയി. സര്‍വൈലന്‍സ് പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലായ 30 പേര്‍ നിരീക്ഷണത്തില്‍ പോയി.
കാസര്‍കോട് ജില്ലയുടെ മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും സ്ഥിതി രൂക്ഷമാവുകയാണ്. ഉറവിടമറിയാത്ത കേസുകളും വര്‍ധിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സംഘടിപ്പിച്ച ചടങ്ങുകളില്‍ കൂട്ടംകൂടി പങ്കെടുത്തവരില്‍നിന്നും നിരവധിപേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിക്കുന്ന അവസ്ഥയുണ്ട്.
ചെങ്കള പഞ്ചായത്തില്‍ ഒരു വിവാഹചടങ്ങില്‍ പങ്കെടുത്തവരില്‍ 43 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. പലരും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതുകൊണ്ട്, ഇവരില്‍ നിന്നും നിരവധി പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം ബാധിക്കുന്നത്.
Comments are closed.