പ്രവാസികള്‍; കേന്ദ്രം അനുകൂല തീരുമാനമെടുക്കുമെന്ന് പ്രതീക്ഷ: മുഖ്യമന്ത്രി
പിണറായി വിജയന്, മുഖ്യമന്ത്രി
കോവിഡ് 19 വ്യാപനം നമ്മുടെ പ്രവാസി സഹോദരങ്ങളെ വലിയ ആശങ്കയിലും വിഷമത്തിലുമാക്കിയിരിക്കുന്നു. അവരുടെ നാട്ടിലെ കുടുംബാംഗങ്ങളും ആശങ്കാകുലരാണ്. പ്രവാസികളില്‍ വലിയ പങ്ക് ഗള്‍ഫ് നാടുകളിലാണ്; ഏകദേശം 20 ലക്ഷം പേര്. രോഗബാധയുണ്ടായി മലയാളി സഹോദരങ്ങള്‍ മരണപ്പെടുന്ന സ്ഥിതി കൂടിവന്നതോടെ ആശങ്ക വര്‍ധിക്കുന്നത് സ്വാഭാവികമാണ്.
ഗള്‍ഫില്‍ ജീവിക്കുന്ന മലയാളികളില്‍ ബഹുഭൂരിഭാഗവും ചെറിയ വരുമാനക്കാരും പരിമിതമായ സൗകര്യങ്ങളില്‍ കഴിഞ്ഞുവരുന്നവരുമാണ്. മഹാമാരി പടര്‍ന്നുപിടിക്കുമ്പോള്‍ കൂടുതല്‍ പ്രയാസപ്പെടുന്നത് ഇത്തരക്കാരായിരിക്കും. ഇന്ത്യന്‍ എംബസികളുമായും മലയാളികളുടെ സംഘടനകളുമായും ബന്ധപ്പെട്ട് ഇവര്‍ക്ക് പരമാവധി സഹായവും പിന്തുണയും ലഭ്യമാക്കാന്‍ നോര്‍ക്കയിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.
വിവിധ കാരങ്ങളാല്‍ എത്രയും പെട്ടെന്ന് നാട്ടില്‍ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവര്‍ ധാരാളമുണ്ട്.
സന്ദര്‍ശക വിസയില്‍ പോയി അവിടെ കുടുങ്ങിപ്പോയവര്‍ക്കും എത്രയും പെട്ടെന്ന് തിരിച്ചെത്തണം. പലരും മക്കളെ കാണാന്‍ പോയവരാണ്. മറ്റു ചിലര്‍ ബിസിനസ് ആവശ്യങ്ങള്‍ക്കോ അക്കാദമിക് ആവശ്യങ്ങള്‍ക്കോ ചുരുങ്ങിയ കാലത്തെ വിസയില്‍ പോയവരാണ്. അതുകൊണ്ടാണ് അടിയന്തരമായി തിരിച്ചുവരേണ്ടവരെ കൊണ്ടുവരാന്‍ പ്രത്യേക വിമാനം അയക്കണമെന്ന് സംസ്ഥാനം പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്.
ഇവര്‍ക്ക് തിരിച്ചുവരാനുള്ള സൗകര്യം കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയാണെങ്കില്‍ അവര്‍ ഇവിടെ എത്തുമ്പോഴുള്ള മുഴുവന്‍ കാര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കും.
ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് മുഴുവന്‍ പേരെയും പരിശോധിക്കാനും വിമാനത്താവളത്തിന് സമീപം തന്നെ ക്വാറന്റൈന് ചെയ്യാനും രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റാനുമാണ് തയ്യാറാകുക. ഇതിനുള്ള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. രണ്ടുലക്ഷത്തിലേറെ പേരെ ക്വാറന്റൈന് ചെയ്യാനുള്ള സംവിധാനം ഇപ്പോള്‍ തന്നെ നാം ഒരുക്കുകയാണ്. അതിലേറെ ആളുകള്‍ വന്നാല്‍ സ്വീകരിക്കാനും സുരക്ഷിതമായി പാര്‍പ്പിക്കാനുള്ള പദ്ധതിയും നമുക്കുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനം ഏര്‍പ്പാടാക്കുകയാണെങ്കില്‍ വിസിറ്റിങ് വിസയില്‍ പോയവര്‍ക്കും പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കും കോവിഡ് അല്ലാത്ത മറ്റു രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ക്കും മുന്‍ഗണന നല്‍കേണ്ടിവരും. ഇവര്‍ വിമാനത്താവളത്തില്‍ എത്തിയാല്‍ ക്വാറന്റൈന് മുതല്‍ വീട്ടില്‍ എത്തിക്കുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലും മേല്‍നോട്ടത്തിലും ചെയ്യേണ്ടതായിട്ടുമുണ്ട്.
കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
അതുവരെ പ്രവാസികള്‍ അതതു നാട്ടില്‍ അതത് സര്‍ക്കാരുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് കഴിയണമെന്ന അഭ്യര്‍ത്ഥനയാണുള്ളത്. ഈ ഘട്ടത്തില്‍ നമ്മുടെ പ്രവാസി സംഘടനകള്‍ അവര്‍ക്ക് കാര്യമായ പിന്തുണയും സഹായവും ഉറപ്പാക്കണം. നോര്‍ക്ക എല്ലാ ഗള്‍ഫ് രാഷ്ട്രങ്ങളിലും ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ച് സഹായം നല്‍കുന്നുണ്ട്.
കേരളത്തിനു പുറത്തുനിന്ന് കോവിഡ് ബാധയുടെ അസുഖകരമായ വാര്‍ത്തകള്‍ അനുദിനം വരുന്നുണ്ട്. അത് വിദേശ രാജ്യങ്ങളില്‍നിന്നുണ്ട്, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്നിന്നുമുണ്ട്. ഡെല്‍ഹിയിലും മുംബൈയിലും മറ്റും മലയാളി നഴ്സുമാര്‍ കൂട്ടത്തോടെ രോഗം ബാധിച്ച് വിഷമിക്കുന്നു. ചില സംസ്ഥാനങ്ങളില്‍ രോഗബാധ അനിയന്ത്രിതമായി മാറുന്നു. ലോക്ക്ഡൗണ്‍ അവസാനിക്കുന്ന ഘട്ടം വന്നാല്‍ പ്രവാസി മലയാളികളില്‍ പലരും ഇങ്ങോട്ടെത്തും.
യാത്രാസംവിധാനങ്ങള്‍ ആരംഭിച്ചാല്‍ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ ആളുകള്‍ വരും. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ദിവസങ്ങള്‍ നമുക്ക് വിശ്രമിക്കാനുള്ളതല്ല. ഓരോ നിമിഷവും അതീവ ജാഗ്രതയോടെ നില്‍ക്കാനുള്ളതാണ്. ഒരു നേരിയ അശ്രദ്ധപോലും അപകടത്തിലേക്ക് നയിക്കും.
Comments are closed.