ലോക്ക്ഡൗണ് കോവിഡിനൊരു പരിഹാരമല്ല; കേരളത്തിലെ കണക്കുകള് പറയുന്നു
ടോണി തോമസ്
KEAM പരീക്ഷാ നടന്നതിൽ, തിരുവനന്തപുരത്ത് മാത്രം മൂന്ന് കുട്ടികൾക്കും, ഒരു രക്ഷിതാവിനും COVID കണ്ടതിനെ പറ്റി കേരളാ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ വാർത്താസമ്മേളനത്തിൽ അത് നിസ്സാരം, വളരെ കുറഞ്ഞ കണക്ക് മാത്രമാണ്, ഭയപ്പെടാൻ ഒന്നുമില്ല, തിരുവനന്തപുരത്തെ 38 സെന്റെറിൽ ഒന്നിൽ മാത്രമാണ് ‘ജാഗ്രതകുറവ്’ ഉണ്ടായത് എന്നതാണ് പറഞ്ഞത്. ചെറിയ കണക്കിന് പുറകെ പോയി പെരുപ്പിച്ച് കാണിക്കരുത് എന്ന് സാരം.
നല്ല കാര്യം, അത് ഞാൻ പൂർണ്ണമായി അംഗീകരിക്കുന്നു.മൊത്തം 88,521 വിദ്യാർത്ഥികൾ KEAM എഴുതി, ഇതിൽ മൂന്ന് പേർക്ക് അസുഖം. അപ്പോൾ മുഖ്യമന്ത്രി പറഞ്ഞ നിസ്സാര കണക്കിന്റെ അനുപാതം 0.0034%. ഈ 0.0034% കേരളത്തിലെ ജനസംഖ്യ ആയ 3.4 കോടി ആളുകളിൽ ആയാൽ അത് 1150 എന്നാവും. ഇതിലും വളരെ താഴെയാണ് മുഖ്യമന്ത്രി തന്നെ പറഞ്ഞ കേരളത്തിലെ മൊത്തം ദിവസ കണക്കായ 720 COVID കേസുകൾ.
അപ്പോൾ ഏതാണ് ശരി? 0.0034% കണക്ക് നിസ്സാരമാണോ അതോ അതി ഭീകരമോ? മുഖ്യമന്ത്രി പറഞ്ഞ ഏതുകാര്യമാണ് ജനങ്ങൾ വിശ്വസിക്കേണ്ടത്?കേരളത്തിലെ COVID കണക്ക് അതിഭയാനകമാണെന്ന് പറഞ്ഞു അടിയന്തിരാവസ്ഥകാലത്തേക്കാൾ ഭീകര സ്ഥിതിവിശേഷം കേരളത്തിലാകമാനം നടപ്പാക്കി, ജനങ്ങളെ മുഴുവൻ വീട്ടു തടങ്കലിലാക്കിയിരിക്കുകയാണ്.
പൗരാവകാശം മുഴുവൻ മിക്കവാറും ഇല്ലായ്മ ചെയ്ത്, ജനങ്ങളെ ലാത്തിയും തോക്കുമുപയോഗിച്ചു അടിച്ചമർത്തുകയാണ്. ഓരോ അധികാരിക്കും അപ്പപ്പോൾ തോന്നുന്ന രീതിയിൽ നാട്ടുകാരെ ദുരിതക്കയത്തിൽ ആഴ്ത്തി മരണത്തിലേക്ക് തള്ളി വിടുകയാണ്. കേരളമാകെ നടക്കുന്ന ഭരണകൂടത്തിന്റെ ഈ കിരാതവാഴ്ച വെറുതെ ഒരു നിസ്സാര കണക്കിന് മേലെയാണോ? ലോക്ക്ഡൗൺ COVIDനുള്ള ഒറ്റമൂലിയാണ്, കേരളത്തിൽ അത് അനിവാര്യമാണ് എന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ടാവാം.
പക്ഷെ ശാസ്ത്രീയമായി മനസ്സിലാക്കിയാൽ ലോക്ക്ഡൗൺ COVID ഇല്ലാതാകുന്നില്ല, മൊത്തം രോഗികളുടെ കണക്ക് കുറയ്ക്കില്ല എന്ന് കാണാം. ആരോഗ്യപരിപാലന സൗകര്യം ഉള്ളിടത്തു, ലോക്ക്ഡൗൺ ഒരു മരണം പോലും കുറയ്ക്കില്ല. ആളുകൾ പട്ടിണിയിലും പരിവട്ടത്തിലുമാകും. മാനസികവും, ശാരീരികവുമായ ബുദ്ധിമുട്ടു കാരണം പാർശ്വഫലമായി ധാരാളം മരണങ്ങൾ ഉണ്ടാക്കും.
വളരെ ചിന്തിച്ചു മാത്രം, ഏറ്റവും അനിവാര്യമായ ഘട്ടത്തിൽ, ഏറ്റവും ശ്രദ്ധയോടെ മാത്രം ചെയ്യേണ്ട ലോക്ക്ഡൗൺ വളരെ ലാഘവത്തോടെ ഭരണകൂടത്തിന്റെ എല്ലാ തലത്തിലുമുള്ളവർ കാണുമ്പോൾ അതിന്റെ ശാസ്ത്രീയ വശം അവർക്കറിയില്ല എന്നത് വ്യക്തമാണ്. അതോ മനപ്പൂർവ്വം അവർ ലോക്ക്ഡൗൺ ജനങ്ങളെ അടിച്ചമർത്താനുള്ള ഒരു ഉപകാരണമാക്കുകയാണോ?
കാറ്റും വെളിച്ചവും കയറാത്ത മാതിരി, ഏറ്റവും ഫലപ്രദമായ രീതിയിൽ ലോക്ക്ഡൗൺ നടപ്പാക്കിയാൽ, രോഗവ്യാപന വേഗം കുറയുന്നത് വഴി ആരോഗ്യസംവിധാനങ്ങൾ പര്യാപ്തമാക്കാൻ സമയം ലഭിക്കും. ഈ സമയം കൃത്യമായി ഉപയോഗിച്ച്, പിന്നീട് മഹാമാരി വളരെ വേഗത്തിൽ വ്യാപിക്കുമ്പോഴേയ്ക്കും ആരോഗ്യപരിപാലന സൗകര്യം തയ്യാറായിരിക്കും. എന്നാൽ, ആരോഗ്യമന്ത്രി ഏപ്രിൽ ആദ്യം പറഞ്ഞത് കേരളത്തിൽ ആവശ്യത്തിന് ആശുപത്രി കിടക്കകളും, ICU/വെന്റിലെറ്റർ സൗകര്യങ്ങളും ഉണ്ടെന്നാണ്.
അന്ന് ആരോഗ്യമന്ത്രി പറഞ്ഞ അയ്യായിരത്തിലേറെ ICU/വെന്റിലെറ്റർ ഒരേ സമയം WHO,ICMR കണക്കുകൾ പ്രകാരം ഒരു ലക്ഷത്തിലേറെ രോഗികളെ ഒരു സമയം നോക്കാൻ ഇത് പര്യാപ്തമാണ്. എന്ന് വച്ചാൽ, ഒരു ദിവസം പതിനായിരത്തിൽ പരം രോഗികൾ ആയാലും കേരളത്തിലെ സംവിധാനങ്ങൾ പര്യാപ്തമാണ്. അപ്പോൾ ലോക്ക്ഡൗൺ എന്തിനായിരുന്നു? കൂടാതെ, കോൺടൈന്മെന്റ് സോൺ പ്രതെയ്കിച്ചു രോഗ വ്യാപനം കുറയ്ക്കാൻ ഒന്നും ചെയ്യില്ല എന്ന് ധാരാളം പഠനങ്ങൾ കാണിക്കുന്നുമുണ്ട്. എന്നാൽ, അതല്ല, സർക്കാർ പ്രതിരോധ തയാറെടുപ്പു കൂട്ടുകയായിരുന്നു എന്ന് കരുതിയാൽ തന്നെ, അതും ശരിയല്ല എന്ന് കാണാം.
കഴിഞ്ഞ ദിവസമാണ് ഫസ്റ്റ് ലൈൻ സൗകര്യം, കിടക്കകൾ ഉൾപ്പെടെ ശരിയാക്കാൻ തുടങ്ങിത്. അപ്പോൾ, നാല് മാസം ജനങ്ങളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ വീട്ടുതടങ്കലിലാക്കിയിട്ടു സർക്കാർ ഒന്നും തന്നെ ചെയ്തില്ല. ഇത് മാരക വീഴ്ചയാണ്. അധികാരികൾ പറഞ്ഞതനുസരിച്ചു ഏപ്രിൽ മാസത്തിൽ ആരോഗ്യപരിപാലന മേഖല പര്യാപ്തമായിരുന്നോ?
അതോ രോഗം വന്നു ആറ് മാസത്തിനു ശേഷം, കിരാത ലോക്ക്ഡൗൺ തുടങ്ങി നാല് മാസത്തിനു ശേഷമാണോ സർക്കാർ തയ്യാറെടുപ്പു തുടങ്ങുന്നത്? ഏതാണ് ശരി? സൗകര്യമുണ്ടായിരുന്നോ, ഇല്ലായിരുന്നത് ഈ സമയം കൊണ്ട് സജ്ജമാക്കിയോ, അതോ ഇപ്പോൾ ഓടി നടന്നു വല്ലതും കാട്ടിക്കൂട്ടുകയാണോ? മുഖ്യമന്ത്രി പറഞ്ഞ ഏതുകാര്യമാണ് ജനങ്ങൾ വിശ്വസിക്കേണ്ടത്?ഇനി ലോക്ക്ഡൗൺ രോഗവ്യാപനം കുറച്ചോ എന്ന് നോക്കാം.
തിരുവനന്തപുരത്ത് ജൂൺ 29 മുതൽ ജൂലൈ 5 വരെ 66 രോഗികളും, കേരളമാകെ 1239 കേസുകളുമാണ് മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തത്, അതായത്, ആകെയുള്ള കേസുകളുടെ 5.3% തിരുവന്തപുരത്താണ്. തിരുവനന്തപുരം വീണ്ടും ലോക്ക്ഡൗൺ ആക്കിയ, പൂന്തുറയിൽ കമാൻഡോ ഇറങ്ങിയ ജൂലൈ 6 മുതൽ ജൂലൈ 12 വരെയുള്ള ആഴ്ച തിരുവന്തപുരത്ത് 457 രോഗികളും, കേരളമാകെ 2444 കേസുകളുമാണ് മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തത്, അതായത്, ആകെയുള്ള കേസുകളുടെ 18.7% തിരുവനന്തപുരത്താണ്. തിരുവനന്തപുരത്ത് ജൂലൈ 13 മുതൽ ജൂലൈ 19 വരെയുള്ള ആഴ്ച 1399 രോഗികളും, കേരളമാകെ 4607 കേസുകളുമാണ് മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തത്, അതായത്, ആകെയുള്ള കേസുകളുടെ 30.37% തിരുവന്തപുരത്താണ്.
ജൂൺ 29 മുതൽ ജൂലൈ 19 വരെ തിരുവനന്തപുരത്ത് കേസുകൾ 2020%, അല്ലെങ്കിൽ 21.2 ഇരട്ടി ആണ് വർധിച്ചത് , ഈ സമയം കേരളമാകെ കേസുകൾ വർധിച്ചത് 3 .7 ഇരട്ടിയാണ്. എന്ന് വച്ചാൽ തോക്കും ലാത്തിയും വച്ച് ‘ട്രിപ്പിൾ’ ലോക്ക്ഡൗൺ നടത്തിയ സ്ഥലത്തു മറ്റിടത്തുള്ളതിനേക്കാൾ 5.7 ഇരട്ടിയാണ് രോഗ വ്യാപനം. .ഈ കണക്കു പ്രകാരം ലോക്ക്ഡൗൺ രോഗം കുറയ്ക്കുന്നില്ല എന്ന് മാത്രമല്ല, അത് നിയന്ത്രണമില്ലാതെ കൂട്ടുന്നതായാണ് കാണുന്നത്.
അപ്പോൾ തിരുവന്തപുരത്തെ കിരാത ലോക്ക്ഡൗൺ വെറുതെയായിരുന്നോ? അതോ രാഷ്ട്രീയ ലാക്കോടെ അധികാരികൾ ടെസ്റ്റ് നടത്തുന്നതിൽ തിരിമറി കാണിച്ചതാണോ ഈ വികട കണക്കിന്റെ പുറകിൽ? മുഖ്യമന്ത്രി പറഞ്ഞതാണോ, അതോ വ്യക്തമായ കണക്കുകളാണോ ജനങ്ങൾ വിശ്വസിക്കേണ്ടത്?മുഖ്യമന്ത്രിക്ക് COVID കണക്കിന്റെ വിശദവിവരങ്ങൾ അറിയണമെന്നില്ല, COVID പ്രതിരോധത്തിന്റെ ശാസ്ത്രം അറിയണമെന്നില്ല, ടെസ്റ്റ് നടത്തുന്നതിന്റെ സാങ്കേതികത അറിയണമെന്നില്ല.
പക്ഷെ മുഖ്യമന്ത്രിയെ ഈ വിഷയങ്ങൾ ഉപദേശിക്കുന്നവർ, അദ്ദേഹത്തിന് കുറിപ്പ് എഴുതിക്കൊടുത്തു വായിപ്പിക്കുന്നവർ, അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കാതെ, സത്യസന്ധതയോടും, ജാഗ്രതയോടും കൂടി, അവരുടെ കടമ ചെയ്യണം. അന്നന്നത്തെ സൗകര്യത്തിനുവേണ്ടി, ഓരോരോ ഭീതിപ്രചരണം നടത്താൻ വേണ്ടി നിരുത്തരവാദിത്വപരമായി കണക്കിൽ തിരിമറി നടത്തി, സുതാര്യതയില്ലാതെ മുഖ്യമന്ത്രിയെ കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ഇവർ നിർത്തണം. മുഖ്യമന്ത്രി അവരെ വിശ്വസിച്ച്, അവർ പറയുന്നത് നടപ്പാക്കുമ്പോൾ, അവർ എഴുതികൊടുക്കുന്നത് വായിക്കുമ്പോൾ, അദ്ദേഹമാണ് പിന്നീടൊരിക്കൽ ഇവർ വരുത്തിവയ്ക്കുന്ന മഹാദുരന്തങ്ങൾക്ക് ഉത്തരം പറയേണ്ടി വരുന്നത്.
ജനങ്ങൾ തിരഞ്ഞെടുത്ത ഇടതുപക്ഷ ജനാധിപത്യ മുന്നണിയും, അതിലെ ഓരോ ഘടകകക്ഷിയുമാണ്, ഈ അധികാരികളുടെ തെറ്റുകൾക്ക് ഉത്തരം പറയേണ്ടി വരുന്നത്. അന്നേരം മറ്റ് പല തവണ, പല വകുപ്പുകളിൽ ഉണ്ടായതു പോലെ ഇതിലും ‘ജാഗ്രതക്കുറവുണ്ടായി’ എന്ന് ജനങ്ങളോട് പറയാൻ ബുദ്ധിമുട്ടാവും. കാരണം ഈ ‘ജാഗ്രതക്കുറവ്’ പൊതുജനങ്ങളുടെ ജീവനുകളും, ജീവിതങ്ങളും ദൈനം ദിനം തകർത്തുകൊണ്ടിരിക്കുകയാണ്.
Comments are closed.