‘ഇന്ദ്രജാലമല്ല, ബദല്‍ രാഷ്ട്രീയത്തിന്റെ കുറ്റമറ്റ പ്രയോഗം’
എം ബി രാജേഷ്
ആദ്യം അവർ നമ്മെ സോമാലിയയെന്ന് വിളിച്ചു.നാം പറഞ്ഞു ലോകത്തിനറിയാം കേരളത്തെയെന്ന്.പിന്നെയവർ ഗുജറാത്തിനെ മാതൃകയാക്കൂ എന്നായി.അതൊരിക്കലുമില്ലെന്ന് നാം ഉറച്ചുതന്നെ പറഞ്ഞു.നമ്മെയവർ രാജ്യദ്രോഹികൾ എന്നു വിളിച്ചു.മനുഷ്യ സ്നേഹം രാജ്യദ്രോഹമാകുമോ എന്ന് നാം തിരിച്ച് ചോദിച്ചു.
മതേതറകളെന്ന് കേരളത്തെ പുച്ഛിച്ചു.മതേതരത്വം നമ്മുടെ ജീവനാഡിയെന്ന് അവർക്ക് മറുപടി കൊടുത്തു.പിന്നെ ചിലർ അമേരിക്കയെ കണ്ടു പഠിക്കൂ എന്നായി.നമുക്ക് നമ്മുടെ വഴിയെന്നുറച്ചു നാം നീങ്ങി.പിന്നീടവർ തമിഴ്നാടിന് കയ്യടിച്ചു.തമിഴർ നമ്മുടെ സഹോദരങ്ങളെന്ന് നാം.കർണ്ണാടക ജീവനു മേൽ മണ്ണിട്ടപ്പോൾഒറ്റലോഡ് മണ്ണിൽ തീർന്നില്ലേ നിങ്ങടെഒന്നാം നമ്പർ എന്നവർ ആർത്തു ചിരിച്ചു.
അപ്പോൾ നാം ആകാശത്തേക്ക് വിരൽ ചൂണ്ടിമണ്ണിട്ട് മൂടാനാവാത്ത വഴികൾ തുറക്കുമെന്നവരോട് സൗമ്യമായി പറഞ്ഞു.അതെ രോഗത്തിനും മരണത്തിനും വിദ്വേഷത്തിനും മുന്നിൽ വഴിയടഞ്ഞു നിൽക്കുകയല്ല കേരളം.ലോകത്തിന് പ്രത്യാശയുടെ വഴി തുറക്കുകയാണ്.അമേരിക്കയിലും വികസിത ലോകത്തുംമനുഷ്യർ മരിച്ചു വീഴുമ്പോൾഅവിടെ നിന്ന് വന്നവരെല്ലാം ഇവിടെ നിന്ന്രോഗമുക്തരായി മടങ്ങുകയാണ്. ഇവിടെ നിന്ന് അവിടങ്ങളിൽ പോയ പലരും മരണത്തിന് കീഴ്പ്പെടുകയാണ്.കേരളത്തിലെ മരണ നിരക്ക് ആഗോള ശരാശരിയേക്കാൾവളരെ കുറവെന്ന് മനോരമ.
രോഗമുക്തിയിൽ ആഗോള ശരാശരിക്കും വളരെ മുമ്പിലാണ് കേരളമെന്ന് മാതൃഭൂമി.ഇന്ത്യ കേരളത്തെ പകർത്തണമെന്ന് ദേശീയ മാദ്ധ്യമങ്ങൾ. കേരളം പാഠ പുസ്തകമെന്ന് അന്തർദേശീയ മാദ്ധ്യമങ്ങൾ.കേരളം ഇന്ന് ചിന്തിക്കുന്നത് ഇന്ത്യ നാളെ ചിന്തിക്കുമെന്ന് വിവേകമതികൾ.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ( 68%) ദുരിതാശ്വാസ ക്യാമ്പുകളും കേരളത്തിലെന്ന് കേന്ദ്രം സുപ്രീം കോടതിയോട്.
ചിലർ പി.ആർ.മാത്രം എന്നു പറഞ്ഞ് ചെറുതാക്കാൻ നോക്കിയപ്പോൾ കണക്കുകൾ അവർക്ക് ചുട്ട മറുപടി നൽകുന്നു. അനിഷേധ്യമായ കണക്കുകൾ. ആരെങ്കിലും കണ്ണടച്ചാലും ഇരുട്ടിലാവാത്ത കണക്കുകൾ.ഏറ്റവും ഒടുവിൽ കോവിഡിന് ഇന്ത്യയിലാദ്യമായി പ്ലാസ് മാ ചികിത്സ പരീക്ഷണാടിസ്ഥാനത്തിൽ കേരളം ആരംഭിക്കാൻ പോകുന്നു.പരിമിതികൾ ഇല്ലാത്തതു കൊണ്ടല്ല.
എല്ലാം തികഞ്ഞിരിക്കുന്നതിനാലുമല്ല. വരിഞ്ഞുമുറുക്കുന്ന പരിമിതികളുണ്ട്. വിവരണാതീതമായ പ്രതിസന്ധിയുണ്ട്.വിവേചനവും അവഗണനയുമുണ്ട്. അതിൽ തളർന്നും പരിഭവിച്ചുമിരിക്കാതെ മുന്നോട്ടു പോവുകയാണ്.പരിമിതികൾ തിരിച്ചറിഞ്ഞ്, മികവുകൾ മനസ്സിലാക്കി, ലഭ്യമായ വിഭവങ്ങൾ പരമാവധി ഉപയോഗിച്ച്, തികഞ്ഞ യാഥാർത്ഥ്യ ബോധത്തോടെ, ജനങ്ങളിൽ വിശ്വാസമർപ്പിച്ച്, നിശ്ചയദാർഡ്യത്തോടെ മുന്നോട്ടു പോയതിൻ്റെ നേട്ടമാണിത്. അതിന് വഴി കാണിക്കുന്നത് ഒരു ബദൽ രാഷ്ട്രീയമാണ്.
ആ ബദൽ രാഷ്ട്രീയത്തിൻ്റെ കുറ്റമറ്റ പ്രയോഗമാണ് കേരളത്തിൽ നടക്കുന്നത്. ഒരു ഇന്ദ്രജാലവുമല്ല.ആ ബദൽ രാഷ്ട്രീയം മുറുകെ പിടിച്ച് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ജാഗ്രത കൈവിടാതെ മഹാമാരിക്കെതിരായ കരുതൽ തുടരണം. യുദ്ധം ഇപ്പോഴും ബാക്കിയുണ്ട്. ഓർക്കുക-A battle won is not a war won.
Comments are closed.