News in its shortest

വിദേശ രാജ്യങ്ങളില്‍ പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ ഒരുക്കുന്ന കാര്യം പരിശോധിക്കും: മുഖ്യമന്ത്രി

പ്രവാസലോകത്തെക്കുറിച്ച് നാമെല്ലാവരും ഉല്‍ക്കണ്ഠാകുലരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ലോകത്താകെ വ്യാപിച്ചുകിടക്കുന്ന മലയാളിസമൂഹം എങ്ങനെ ഈ പ്രതിസന്ധിഘട്ടത്തെ തരണം ചെയ്യുന്നു എന്ന് അറിയാനും അവരെ സഹായിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ട്. അതോടൊപ്പം പ്രവാസികള്‍ക്ക് കേരളത്തില്‍ നടക്കുന്ന കാര്യങ്ങളും അറിയേണ്ടതുണ്ട്. പ്രവാസിസമൂഹത്തിലെ പ്രധാനപ്പെട്ട വ്യക്തികളുമായി കഴിഞ്ഞദിവസം വീഡിയോ കോണ്‍ഫറന്‍സ് നടത്തി.

22 രാജ്യങ്ങളില്‍നിന്നുള്ള 30 പ്രവാസി മലയാളികളാണ് സംസാരിച്ചത്. ലോക കേരള സഭാംഗങ്ങള്‍ ഉള്‍പ്പെടെ ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ളവര്‍ പങ്കെടുത്തു. ഓരോ മേഖലയിലും വ്യത്യസ്ത വിഷയങ്ങളാണ്. യാത്രാവിലക്കും നിയന്ത്രണങ്ങളും പ്രവാസജീവിതത്തെ മാറ്റിമറിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം വിശദമായി ആ കോണ്‍ഫറന്‍സില്‍ പ്രതിപാദിക്കപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യങ്ങളും എംബസികള്‍ മുഖേന ചെയ്യേണ്ടതും പ്രവാസികള്‍ ചൂണ്ടിക്കാട്ടി.

കേരളത്തിന് പുറത്ത് കൊവിഡ്-19 ബാധിച്ച് മരിച്ച മലയാളികള്‍

ഇന്ന് അമേരിക്കയില്‍ കൊട്ടരക്കര സ്വദേശി ഉമ്മന്‍ കുര്യന്‍, പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസ്, ചെങ്ങന്നൂര്‍ സ്വദേശിനി ശില്‍പ നായര്‍, ജോസഫ് തോമസ്, അജ്മാനില്‍  ആലഞ്ചേരി കൊളത്തായി സ്വദേശി ഹാരിസ്, യുകെയില്‍ കൊല്ലം സ്വദേശി ഇന്ദിര, കണ്ണൂര്‍ ഇരിട്ടി സ്വദേശി സിന്‍റോ ജോര്‍ജ് എന്നിവരാണ് മരിച്ചത്.

ഏപ്രില്‍ 5ന് അമേരിക്കയില്‍ തിരുവല്ല സ്വദേശി ഷോണ്‍ എസ്. എബ്രഹാം, തൊടുപുഴ സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്, അയര്‍ലണ്ടില്‍  കോട്ടയം കുറുപ്പുന്തറ സ്വദേശി ബീന ജോര്‍ജ്, സൗദിയില്‍ മലപ്പുറം തിരുരങ്ങാടി സ്വദേശി സഫ്വാന്‍ എന്നിവരാണ് മരിച്ചത്.

ഏപ്രില്‍ 4ന് സൗദിയില്‍ പാനൂര്‍ സ്വദേശി ഷബാനാസ്, കോട്ടയം സ്വദേശി ജോസഫ് കെ തോമസ് എന്നിവരും ഏപ്രില്‍ 2ന് ലണ്ടനില്‍ എറണാകുളം രാമമംഗലം സ്വദേശി കുഞ്ഞമ്മ സാമുവല്‍, മലപ്പുറം പെരുന്തല്‍മണ്ണ സ്വദേശി ഹംസ എന്നിവരാണ് മരിച്ചത്.

ഏപ്രില്‍ 1-ന് മുംബൈയില്‍ കണ്ണൂര്‍ കതിരൂര്‍ സ്വദേശി അശോകന്‍, ദുബായിയില്‍ തൃശൂര്‍ കയ്പമംഗലം സ്വദേശി പരീത്  എന്നിവരും മാര്‍ച്ച് 31ന് അമേരിക്കയില്‍  പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് എന്നിവരുമാണ് മരിച്ചത്.

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ മരണം 7 പേര്‍.

എല്ലാ പ്രവാസി മലയാളികളുമായും നേരിട്ട് സംവദിക്കണമെന്ന താല്‍പര്യമാണുള്ളത്. പരമാവധി ആളുകളെ പങ്കെടുപ്പിച്ചാണ് വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്. എന്നാല്‍, അതില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സംസാരിക്കാന്‍ അവസരം ലഭിച്ചില്ല. ചിലരെ ഉള്‍പ്പെടുത്താനും കഴിഞ്ഞില്ല. പ്രവാസി സമൂഹവുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. പുതിയ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് അവര്‍ക്കുവേണ്ടി ചെയ്യാനാകുന്നതെല്ലാം ചെയ്യും.

ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂളുകളില്‍ പഠനം നടക്കുന്നില്ല. ആ കാലയളവിലും ഫീസ് നല്‍കേണ്ടിവരുന്നത് പ്രവാസികള്‍ ശ്രദ്ധയില്‍പ്പെടുത്തി. വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി മാനേജ്‌മെന്റുകളുമായി ഇക്കാര്യം സംസാരിക്കണം എന്ന അഭ്യര്‍ത്ഥനയാണ് അവര്‍ നടത്തിയത്. അതടക്കമുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കും. അവര്‍ ഓരോരുത്തരുമായും സംസാരിക്കാന്‍ ശ്രമിക്കാം. ഇപ്പോള്‍ ഇതിലൂടെ ഒരു പരസ്യ അഭ്യര്‍ത്ഥന നടത്തുകയാണ്. അതത് രാജ്യത്തിലായാലും എവിടെയായാലും ഈ കാലം ഒരു ദുര്‍ഘടകാലമാണ്. നേരത്തെ പ്രവാസികള്‍ സാമ്പത്തികമായി ശേഷിയുള്ളവരായിരുന്നെങ്കിലും ഇപ്പോള്‍ ഒട്ടുമിക്കവരും വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. എല്ലായിടത്തും ഇത്തരം ഫീസുകള്‍ അടക്കല്‍ മാറ്റിവെച്ചിരിക്കുകയാണ്. അത് മാനിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഫീസ് അടക്കുന്നതിന് ഇപ്പോള്‍ നിര്‍ബന്ധിക്കരുതെന്നും ഫീസ് അടക്കാനുള്ള സമയം നീട്ടിവെക്കണമെന്നും എല്ലാവരോടുമായി ഈ ഘട്ടത്തില്‍ അഭ്യര്‍ത്ഥിക്കുകയാണ്.

കോവിഡ് രോഗബാധയോ സംശയമോ ഉള്ള പ്രവാസികള്‍ക്ക് ആവശ്യമായ ക്വാറന്റൈന്‍ സംവിധാനം ഉറപ്പാക്കല്‍ ഒരു പ്രധാന ആവശ്യമായി വരികയുണ്ടായി. ഇന്ന് അവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാണിച്ചു. ഇത്തരമൊരു ഘട്ടത്തില്‍ ഓരോ രാജ്യത്തും അവിടെയുള്ള സംഘടനകള്‍ ചേര്‍ന്നുകൊണ്ട് ഈ വിധത്തില്‍ പ്രയാസമനുഭവിക്കുന്ന ആളുകള്‍ക്ക് ക്വാറന്റൈന്‍ സംവിധാനത്തിനായി പ്രത്യേക കെട്ടിടങ്ങള്‍ ഏര്‍പ്പാട് ചെയ്യാനാകുമോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ എല്ലാവരും അക്കാര്യം പരശോധിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. അതോടൊപ്പം ഉന്നയിക്കപ്പെട്ട പ്രധാനപ്പെട്ട കാര്യം രോഗബാധ സംശയിക്കപ്പെടുന്ന, നിരീക്ഷണത്തില്‍ കഴിയുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായി പ്രത്യേക ക്വാറന്റൈന്‍ സംവിധാനം ഏര്‍പ്പെടുത്തേണ്ടതാണ്. പ്രവാസി മലയാളി സംഘടനകളുമായി ബന്ധപ്പെട്ട് വിദേശ രാജ്യങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് തയ്യാറാകുന്ന സഹോദരങ്ങള്‍ ആ കാര്യവും ഗൗരവമായി പരിഗണിക്കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.

രാജ്യത്തിന്റെ ഇടപെടലിനായി വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിനെ കത്ത് മുഖേന ബന്ധപ്പെട്ടിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വിസ കാലാവധി ആറുമാസം കൂടി വര്‍ധിപ്പിച്ചു നല്‍കേണ്ടതിന്റേയും ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കേണ്ടതിന്റേയും ആവശ്യകതയും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ തിരിച്ച് കേരളത്തിലേക്കെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതു സംബന്ധിച്ച് പ്രോട്ടോകോള്‍ വേണ്ടതിന്റെ ആവശ്യകതയും കത്തില്‍ ചൂണ്ടിക്കാട്ടി. ലോക്ഡൗണ്‍ കഴിയുമ്പോള്‍ സ്വീകരിക്കേണ്ട ക്രമീകരണങ്ങളെ കുറിച്ച് ശുപാര്‍ശ നല്‍കാന്‍ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടു പരിശോധിച്ചതിനു ശേഷം ഇക്കാര്യത്തില്‍ ആവശ്യമായ തീരുമാനമെടുക്കും.

കുവൈറ്റില്‍ ഏപ്രില്‍ 30 വരെ പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പിന്റെ ആനുകൂല്യം ലഭ്യമാകുന്നതിന് ഇന്ത്യന്‍ എംബസി നല്‍കുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന്റെ ഫീസ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ജയ്ശങ്കറിന് കത്തയച്ചിട്ടുണ്ട്. അഞ്ച് കുവൈറ്റ് ദിനാറാണ് ഇന്ത്യന്‍ എമ്പസി എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് ഈടാക്കുന്നത്. ഇത് റദ്ദാക്കിയാല്‍ 40,000 ഇന്ത്യക്കാര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭ്യമാകുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

PSC Tips: Who formed the Widow Remarriage Association in Poona?

Dhondo Keshav Karve

Sponsored by www.ekalawya.com

Comments are closed.