News in its shortest

കോവിഡ് 19; സമ്പന്നര്‍ എന്ന് സ്വയം കരുതുന്നവര്‍ ആരോഗ്യപ്രവര്‍ത്തകരെ പുച്ഛിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന രോഗികളെ സംരക്ഷിക്കാന്‍ ഡോക്ടര്‍മാരും മെഡിക്കല്‍ സ്റ്റാഫും അവരുടെ ജീവന്‍ അപായപ്പെടുത്തിയുള്ള പ്രവര്‍ത്തനത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതില്‍പരമൊരു ത്യാഗമില്ല. ആ ത്യാഗം ശരിയായ രീതിയില്‍ നിര്‍വഹിക്കുന്ന ആരോഗ്യപ്രവര്‍ത്തകരാണ് നമുക്കുള്ളത്. അത് നാം മനസ്സിലാക്കണം.

സമ്പന്നര്‍ എന്നു സ്വയം കരുതുന്ന ചിലര്‍ ആരോഗ്യപ്രവര്‍ത്തകരെ പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അങ്ങേയറ്റം അപത്കരമായ പ്രവണതയാണ്. ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാന്‍ കഴിയില്ലെങ്കിലും നിന്ദിക്കുന്ന നില ഒരു കാരണവശാലും സ്വീകരിക്കാന്‍ പാടില്ല. അത് ഗൗരവമായി തന്നെ സര്‍ക്കാര്‍ കാണുകയാണ്.

നാം ഇപ്പോള്‍ തൃപ്തികരമായി മുന്നോട്ടുപോവുകയാണ്. ഒരു ചെറിയ പാളിച്ചപോലും വലിയ വീഴ്ചയായി മാറാം. പൊലീസോ സര്‍ക്കാര്‍ സംവിധാനങ്ങളോ ആരോഗ്യവകുപ്പോ മാത്രം ശ്രദ്ധിച്ചാല്‍ അത് ഒഴിവാക്കാനാവില്ല. അതുകൊണ്ട് വീണ്ടും വീണ്ടും പറയുകയാണ്, നമ്മള്‍ ഓരോരുത്തരും ജാഗരൂകരായി മറ്റെല്ലാ പരിഗണനകളും മാറ്റിവെച്ച് ഒന്നിച്ച് നില്‍ക്കണം. അശ്രദ്ധ ഒട്ടും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊറോണ വൈറസ് ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടെ മരിച്ചു. കോവിഡ് 19 ബാധിച്ച തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് രണ്ട് മരണമായി.

സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ തിരുവനന്തപുരം, കാസര്‍കോട് ജില്ലകളില്‍നിന്ന് രണ്ടുപേര്‍ക്ക് വീതവും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധയുണ്ടായത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി. പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലുള്ള രണ്ടുപേരുടെ വീതം പരിശോധനാ ഫലം നെഗറ്റീവായി വന്നിട്ടുണ്ട്.

1,63,129 ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1,62,471 പേര്‍ വീടുകളിലും 658 പേര്‍ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 150 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7485 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 6381 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

ലാബുകള്‍ കൂടുതല്‍ സാമ്പിള്‍ എടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ടെസ്റ്റിങ്ങില്‍ നല്ല പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്. കൂടുതല്‍ സാമ്പിളുകള്‍ ടെസ്റ്റ് ചെയ്ത് റിസള്‍ട്ട് വാങ്ങാന്‍ നമുക്കു കഴിയുന്നുണ്ട്. കാസര്‍കോട്ടെ ആശുപത്രികളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത്- 163 പേര്‍. കണ്ണൂരില്‍ 108 പേരും മലപ്പുറത്ത് 102 പേരും ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്.

കൂടുതല്‍ രോഗവ്യാപന ഭീഷണിയുയര്‍ന്ന കാസര്‍കോട് ജില്ലയ്ക്കുവേണ്ടി പ്രത്യേക ആക്ഷന്‍പ്ലാന്‍ നടപ്പാക്കും. പഞ്ചായത്ത്തല ഡാറ്റാ എടുത്ത് പെട്ടെന്നു തന്നെ ടെസ്റ്റിന് അയക്കും. ചുമയും പനിയും ഉള്ളവരുടെ ലിസ്റ്റും അവരുമായി ബന്ധപ്പെട്ടവരുടെ ലിസ്റ്റും തയ്യാറാക്കും.

കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങുകയാണ്. കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ ടെസ്റ്റിങ്ങിന് ഐസിഎംആര്‍ അനുമതി കിട്ടി.

Comments are closed.