കോവിഡ് 19; പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടും: മുഖ്യമന്ത്രി
കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത തലത്തില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പ്രവാസി മലയാളി സംഘടനകളും വിദേശ രാജ്യങ്ങളിലെ പ്രമുഖ മലയാളി വ്യക്തിത്വങ്ങളും മുന്‍കൈയെടുക്കണമെന്നും ലോകത്താകെയുള്ള മലയാളി സമൂഹത്തോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. പ്രമുഖ പ്രവാസി മലയാളികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുഖ്യമന്ത്രി കോവിഡ് ബാധയുമായി ബന്ധപ്പെട്ട സാഹചര്യം വിലയിരുത്തി.
വിദേശരാജ്യങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടി വരുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസസ്ഥലം ഒരുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമന്ന് പ്രവാസി സമൂഹത്തോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഈ വിഷയം കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
കൊറോണ ബാധ ലോകത്താകെ സ്തംഭനമാണ് ഉണ്ടാക്കിയത്. ലോകമാകെ വ്യാപിച്ചുകിടക്കുന്ന മലയാളികള്‍ക്ക് നിരവധി സവിശേഷമായ പ്രശ്നങ്ങളുണ്ടാകുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ മലയാളി സമൂഹം ശ്രദ്ധയില്‍പെടുത്തിയ ഒരു വിഷയം സ്കൂളുകള്‍ അടഞ്ഞുകിടക്കുമ്പോഴും വലിയ തുക ഫീസായി കൊടുക്കേണ്ടി വരുന്നുവെന്നതാണ്. വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി മാനേജ്മെന്‍റുകളുമായി ഇക്കാര്യം സംസാരിക്കണം എന്ന അഭ്യര്‍ത്ഥന കോണ്‍ഫറന്‍സിലുണ്ടായി. ആ വിഷയം പ്രത്യേകം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. സ്കൂള്‍ അധികൃതരോട് പൊതുഅഭ്യര്‍ത്ഥന നടത്തുകയും കേന്ദ്രസര്‍ക്കാര്‍ വഴി മേല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. നിയന്ത്രണം കഴിയുന്നതുവരെ നിലവിലുള്ള സ്ഥലങ്ങളില്‍ തന്നെ തുടരുകയാണ് വേണ്ടത്. അത് കഴിഞ്ഞാല്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് വിമാന സര്‍വ്വീസ് ഏര്‍പ്പെടുത്തുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടും.
കോവിഡ് ബാധിച്ചതല്ലാത്ത മരണങ്ങള്‍ നടന്നാല്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് തടസ്സമില്ല. കുടുംബത്തിന് പണം ആവശ്യമുണ്ടെങ്കിലും പ്രവാസികള്‍ക്ക് പണം അയക്കാനാവാത്ത പ്രശ്നമുണ്ട്. ഈടില്ലാതെ, പിന്നീട് പ്രവാസികള്‍ തിരിച്ചടക്കുന്ന രീതിയില്‍, പ്രവാസികളുടെ കുടുംബത്തിന് വായ്പ കൊടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം എസ്.എല്‍.ബി.സിയുടെ ശ്രദ്ധിയില്‍ പ്പെടുത്തി ആവശ്യമായ നടപടിയെടുക്കും. തിരിച്ചടവ് മുടങ്ങിയ പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്ക് പിഴ ഒഴിവാക്കി കൊടുക്കും. ലോക കേരള സഭ അംഗങ്ങള്‍ക്കും ക്ഷണിതാക്കള്‍ക്കും ഓണ്‍ലൈന്‍ വഴി ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് കാര്യങ്ങളില്‍ പരിശീലനം നല്‍കും. പ്രവാസികളുടെ ഡാറ്റ ശേഖരിക്കാനുള്ള ശ്രമം ഊര്‍ജിതപ്പെടുത്തും. കോവിഡിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുന്നവരുടെ ആശങ്ക വളരെ വലുതാണ്. അവരുടെ പുനരധിവാസത്തിന് ഉതകുന്ന നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ഓരോ രാജ്യത്തുമുള്ള സംഘടനകള്‍ ഒന്നിച്ച് ഈ ദുര്‍ഘട സന്ധിയില്‍ നിന്ന് എങ്ങനെ നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കാനാകും എന്ന കാര്യം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികളുടെ കാര്യത്തില്‍ എപ്പോഴും നാടിന് പ്രത്യേക കരുതലുണ്ട്. കേരളത്തില്‍ രോഗബാധിതരായവര്‍ മഹാഭൂരിഭാഗവും പ്രവാസികളാണ്. ഈ സാഹചര്യത്തില്‍ ചില കേന്ദ്രങ്ങളില്‍ പ്രവാസികളോട് തെറ്റായ സമീപനം സ്വീകരിക്കുന്നത് മനസ്സിലാക്കിയ ഉടന്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. അവര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് രോഗബാധിതരായത് അവരുടെ കുറ്റം കൊണ്ടല്ല. അവര്‍ക്കെപ്പോഴും വരാനുള്ള സ്ഥലമാണ് നമ്മുടെ നാട്. ഈ നാടിന്‍റെ പ്രത്യേകതയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും പ്രവാസികള്‍ വഹിച്ചിട്ടുള്ള പങ്ക് നമ്മള്‍ കണ്ടിട്ടുള്ളതാണ്. ഇതൊക്കെ പൊതുവെ വ്യക്തമാക്കിയ കാര്യങ്ങളാണ്.
പ്രവാസികളുടെ പ്രശ്നങ്ങള്‍ ഗൗരവമായി തന്നെ കേന്ദ്രസര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുമുണ്ട്. രോഗികളായിട്ടുള്ളവരും രോഗം സംശയിക്കുന്നവരും നേരിടുന്ന പ്രശ്നങ്ങളും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്. വിദേശകാര്യ മന്ത്രിക്കും മറ്റും ഈ പ്രശ്നങ്ങള്‍ ഉന്നയിച്ചു കത്തയിച്ചിട്ടുണ്ട്. നോര്‍ക്ക വഴി ഫലപ്രദമായി ഇടപെടാന്‍ ശ്രമിക്കുന്നുണ്ട്. നോര്‍ക്കയുടെ ഹെല്‍പ്പ്ലൈനില്‍ വിളിക്കുന്നതിന് ശങ്കിക്കേണ്ടതില്ല.
ചില വിദേശ രാജ്യങ്ങളില്‍ ബാച്ചിലേഴ്സ് അക്കമോഡേഷനുകളിലും ലേബര്‍ ക്യാമ്പുകളിലും ഒന്നിച്ചുകഴിയുന്നവരില്‍ ആര്‍ക്കെങ്കിലും അസുഖം വരികയോ അസുഖസംശയം വരികയോ ചെയ്താല്‍ അവര്‍ക്ക് ക്വാറന്‍റൈനില്‍ പോകാന്‍ പ്രത്യേക മുറിയോ മറ്റ് സൗകര്യമോ ഇല്ലാത്ത അവസ്ഥയുണ്ട്. ഓരോ പ്രദേശത്തുമുള്ള സംഘടനകള്‍, ലോകകേരള സഭയുടെ അംഗങ്ങള്‍, ഇവരെല്ലാം കൂടിയുള്ള പൊതുവായ ആലോചന ഇക്കാര്യത്തില്‍ നടത്തുന്നത് നല്ലതാണ്. ഇത്തരം അനുഭവങ്ങള്‍ ഉണ്ടായാല്‍ അവരെ താമസിപ്പിക്കാനുള്ള സൗകര്യവും ഭക്ഷണ സൗകര്യവും ഒരുക്കാനാകണം. രോഗിയായി ആശുപത്രിയിലായവരുടെ കാര്യങ്ങളില്‍ തുടരന്വേഷണത്തിനും കൂട്ടായ്മ വേണം. ഇക്കാര്യത്തില്‍ ആവശ്യമായ കാര്യങ്ങള്‍ നോര്‍ക്കയുമായി പങ്കുവെക്കാവുന്നതാണ്.
നമ്മുടെ സഹോദരങ്ങളില്‍ പുറത്തുപോയി ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലബോറട്ടറി ജീവനക്കാര്‍, ഫാര്‍മസിസ്റ്റുകള്‍, മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫ്, ശുചീകരണ ജീവനക്കാര്‍, മാലിന്യസംസ്കരണത്തില്‍ ഏര്‍പ്പെട്ടവര്‍ തുടങ്ങിയ ജീവനക്കാര്‍ ഓരോ സ്ഥലത്തും ജോലി ചെയ്യുന്നുണ്ട്. അത്തരക്കാരുടെ സുരക്ഷ ഈ ഘട്ടത്തില്‍ വളരെ പ്രധാനമാണ്. ഈ വിഭാഗമെല്ലാം നമ്മുടെ നാടിന്‍റെ അഭിമാനമാണ്. പലയിടത്തും വ്യക്തിസുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയുണ്ട് എന്നറിയുന്നു. സാനിറ്റൈസര്‍, മാസ്ക്ക്, മറ്റു സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ ഒരുക്കുന്നതില്‍ അവിടത്തെ സംഘടനകള്‍ ശ്രദ്ധിക്കണം.
ഇതോടൊപ്പം സൂപ്പര്‍ മാര്‍ക്കറ്റുകള്‍, കമ്മ്യൂണിക്കേഷന്‍ രംഗം, ഭക്ഷണം വീടുകളില്‍ എത്തിച്ചുകൊടുക്കുന്നവര്‍, ഫാര്‍മസി, മാധ്യമ രംഗം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമുണ്ട്. കേരളത്തില്‍ നമുക്കാവശ്യമായ സന്നദ്ധസേന രൂപീകരിച്ചു കഴിഞ്ഞു. അതേപോലെ പ്രവാസി സംഘടകള്‍ കൂടിച്ചേര്‍ന്ന് ഈ ഘട്ടത്തില്‍ എങ്ങനെ ഇടപെടാനാകും എന്നതിന് ഒരു പ്രവര്‍ത്തന പദ്ധതിക്ക് അവിടത്തെ സ്ഥിതി വെച്ച് രൂപം നല്‍കുന്ന കാര്യം ആലോചിക്കണം.
ഇത് വലിയൊരു ദുര്‍ഘടഘട്ടം തന്നെയാണ്. നാം പല പ്രതിസന്ധികളും വിജയകരമായി തരണം ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ ഘട്ടവും നമുക്ക് നല്ല നിലയില്‍ തരണം ചെയ്യാനാകുമെന്ന ശുഭപ്രതീക്ഷയാണുള്ളത്. എല്ലാ കാര്യത്തിലും പങ്കാളികളായി നിന്നവരാണ് നിങ്ങള്‍. ആ അനുഭവം നിങ്ങള്‍ക്കുണ്ട്. അതുകൊണ്ട് ഈ വെല്ലുവിളിയെ നേരിടുന്ന കാര്യത്തില്‍ അതത് സ്ഥലത്ത് നല്ല നിലയ്ക്കുള്ള പങ്കാളിത്തം വഹിക്കണം.
കോവിഡ് പ്രതിരോധത്തിനായുള്ള ഒരു ടാസ്ക് ഫോഴ്സ് അതത് സ്ഥലത്തെ പ്രായോഗികതയ്ക്കുനുസരിച്ച് രൂപീകരിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കണം.
ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ടാസ്ക് ഫോഴ്സിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മറ്റുള്ളവര്‍ ഇവരുടെ പ്രദേശങ്ങള്‍ തിരിച്ചുള്ള ഒരു സമഗ്ര ഡാറ്റാബാങ്ക് തയ്യാറാനാകുമോ എന്ന കാര്യം പരിശോധിക്കണം. കോമണ്‍ ഡാറ്റാ ഫോര്‍മാറ്റ് നോര്‍ക്ക് വെബ്സൈറ്റില്‍ കൊടുക്കുന്നുണ്ട്. അതില്‍ ഈ വിവരങ്ങള്‍ അപ്ലോഡ് ചെയ്യണം. ഓരോ പ്രദേശത്തുമുള്ള എല്ലാ വിവരങ്ങളും ശേഖരിക്കാനാകണം. എന്നാല്‍ ചില രാജ്യങ്ങളില്‍ ഡാറ്റാ പ്രൊട്ടക്ഷന്‍ പ്രശ്നമുണ്ട്. അതിനു വിരുദ്ധമായി പോകാതിരിക്കാന്‍ പ്രത്യേകമായി ശ്രദ്ധിക്കണം. അതോടൊപ്പം പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിസ പുതുക്കല്‍, തൊഴില്‍ദാതാവില്‍ നിന്നുള്ള സമാശ്വാസ സഹായം എന്നീ കാര്യങ്ങളില്‍ ബന്ധപ്പെട്ട അധികൃതരെ അറിയിക്കാന്‍ വ്യാപകമായി ഇടപെടണം. ഇക്കാര്യത്തില്‍ മറ്റെല്ലാം മറന്ന് സംഘടകള്‍ കൂട്ടായി നിന്ന് കാര്യങ്ങള്‍ നീക്കണം.
വിദ്യാര്‍ത്ഥികള്‍ പലയിടങ്ങളിലും പാര്‍ട് ടൈം ജോലിയെടുത്ത് വരുമാനം ഉറപ്പിക്കുന്നവരുണ്ട്. ഈ സാഹചര്യത്തില്‍ അവരെ സഹായിക്കാന്‍ അവിടെയുള്ള പ്രധാന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ചെറുതെങ്കിലും ഒരു ജോലി തരപ്പെടുത്തികൊടുക്കാന്‍ പറ്റുമോ എന്നത് എല്ലാവരും കൂടി ശ്രദ്ധിക്കണം.
മുഖ്യമന്ത്രിയോടൊപ്പം വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍, റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ എന്നിവരും പങ്കെടുത്തു.
യു.എ.ഇയില്‍ നിന്ന് എം.എ. യൂസഫലി, രവി പിള്ള, ഡോ. ആസാദ് മൂപ്പന്‍, ആശ ശരത്, ഒ.വി. മുസ്തഫ, അന്‍വര്‍ നഹ; പ്രമോദ് മങ്ങാട്, ഐകസ് ജോണ്‍ പട്ടാണി പറമ്പില്‍, സൗദി അറേബ്യയില്‍ നിന്ന് ജോര്‍ജ് വര്‍ഗീസ്, വി.കെ. അബ്ദു റുഫ്; ഒമാനില്‍ നിന്ന് പി.എം. ജാബിര്‍; ഖത്തറില്‍ നിന്ന് സി.വി. റപ്പായി, ജെ.കെ മേനോന്‍; കുവൈറ്റില്‍ നിന്ന് സാം പൈക്കോട്, അജിത് കുമാര്‍; ബഹ്റനില്‍ നിന്ന് പി. സുബൈര്‍, പി.വി. രാധാകൃഷ്ണപിള്ള, വര്‍ഗ്ഗീസ് കുര്യന്‍; യു.എസ്.എയില്‍ നിന്ന് ഡോ. എം. അനിരുദ്ധന്‍, ഡോ. മാധവന്‍ പിള്ള; ജപ്പാനില്‍ നിന്ന് കെ. അബ്ദുള്ള വാവ; ബംഗ്ളാദേശില്‍ നിന്ന് ഇന്ദു വര്‍മ്മ; ഹെയ്തിയില്‍ നിന്ന് നിസാര്‍; യു.കെ.യില്‍ നിന്ന് ടി. ഹരിദാസ്; ഇറ്റലിയില്‍ നിന്ന് അനിതാ പിള്ള; ആസ്ട്രേലിയയില്‍ നിന്ന് വി.എസ്. സമേഷ് കുമാര്‍, മുരളി തുമ്മാരകുടി; ഉക്രൈനില്‍ നിന്ന് ബോബന്‍ മേനോന്‍; ജോര്‍ജിയയില്‍ നിന്ന് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments are closed.