സ്മൃതി ഇറാനി അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിച്ച വാര്‍ത്ത വ്യാജം
വയനാട്ടില്‍ ഭക്ഷണം ലഭിക്കാത്ത അതിഥി തൊഴിലാളി സംഘത്തിന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടപെട്ട് ആഹാരമെത്തിച്ചു എന്ന വാര്‍ത്തയെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അങ്ങനെയൊരു സംഭവം ആരുടെയും ശ്രദ്ധയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വയനാട് മണ്ഡലത്തില്‍പ്പെട്ട മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍നിന്നാണ് അങ്ങനെ ഒരു വാര്‍ത്ത ചില പത്രങ്ങളില്‍ വന്നത് എന്ന് മനസ്സിലായി. അവിടെ അന്വേഷണം നടത്തി.
കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി എന്ന സ്ഥലത്ത് 41 അതിഥി തൊഴിലാളികള്‍ ചേലേങ്ങര അഫ്‌സല്‍ എന്ന ആളിന്റെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്നുണ്ട്. അവര്‍ക്കുവേണ്ട ഭക്ഷ്യവസ്തുക്കളും സൗകര്യങ്ങളും ക്വാര്‍ട്ടേഴ്‌സ് ഉടമയും ഏജന്റും എത്തിച്ചുകൊടുത്തിട്ടുണ്ട്. പഞ്ചായത്ത് അധികൃതര്‍ ഈ ക്വാര്‍ട്ടേഴ്‌സില്‍ കഴിഞ്ഞദിവസം 25 കിറ്റുകളും നല്‍കി. കമ്യൂണിറ്റി കിച്ചനില്‍നിന്ന് ഭക്ഷണം എത്തിക്കാമെന്നു പറഞ്ഞപ്പോള്‍ സ്വയം പാചകം ചെയ്ത് കഴിച്ചുകൊള്ളാം എന്ന് അറിയിച്ചതിനെത്തുടര്‍ന്നാണ് ഇത്.
അവിടെ ഭക്ഷണത്തിന് ഒരു ക്ഷാമവും ഉണ്ടായിട്ടില്ല. അങ്ങനെ ഒരു പരാതി ആരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടുമില്ല. ഇന്നലെത്തന്നെ ഇത് ശ്രദ്ധയില്‍പ്പെട്ടെങ്കിലും വ്യാജ പ്രചാരണം എന്ന നിലയില്‍ അവഗണിക്കുകയാണുണ്ടായത്. എന്നാല്‍, ഇന്ന് ‘വയനാട്ടില്‍ സഹായമെത്തിച്ച് സ്മൃതി’, ‘അമേഠിയില്‍ സഹായവുമായി രാഹുലും’ എന്ന ഒരു വാര്‍ത്ത ഡെല്‍ഹിയില്‍നിന്ന് വന്നതു കണ്ടു. സ്മൃതി ഇറാനിയുടെ സമയോചിതമായ ഇടപെടല്‍മൂലം അമേഠിയില്‍നിന്നുള്ള പട്ടിണിക്കാരായ തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തി എന്ന പ്രചാരണം ഓര്‍ഗനൈസര്‍ എന്ന ആര്‍എസ്എസ് മാധ്യമത്തിലൂടെയും പ്രചരിപ്പിക്കുന്നത് കണ്ടു.
ഇവിടെ ഒറ്റ കാര്യമേ പറയുന്നുള്ളു. സംസ്ഥാനത്ത് അതിഥി തൊഴിലാളികള്‍ക്കും പ്രയാസപ്പെടുന്ന മറ്റെല്ലാവര്‍ക്കും ആവശ്യമായ സഹായങ്ങള്‍ യോജിപ്പോടെ തന്നെ ചെയ്യുന്നുണ്ട്. അതിനു ഭംഗം വരുന്ന രീതിയിലോ അതിനെ ഇകഴ്ത്തിക്കെട്ടുന്ന രീതിയിലോ ഉള്ള മത്സരവും തെറ്റായ പ്രചാരണവും ഉണ്ടാകരുത്. അതില്‍നിന്ന് എല്ലാവരും മാറിനില്‍ക്കണം.
Comments are closed.