സ്നേഹതണലിൽ ഗംഗാധരന് മരുന്നെത്തി
കല്ലാച്ചി: കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമിക്കുന്ന കോടഞ്ചേരിയിലെ സ്രാമ്പിക്കൽ ഗംഗാധരന് എല്ലാ മാസവും അത്യാവശ്യ മരുന്ന് ഏർണാകുളത്തെ അമൃത മെഡിക്കൽ കോളജിൽ നിന്ന് കൊറിയറിലാണ് എത്താറ്.
കോവിഡ് രോഗ ത്തിൻ്റെ വ്യാപനത്തെ തുടർന്ന് രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ആശുപത്രി കൊറിയർ സർവീസ് നിർത്തിവച്ചു. മരുന്ന് തീർന്ന രോഗി ആശങ്കയിലായി, അപ്പോഴാണ് സി.പി.ഐ. നാദാപുരം മണ്ഡലം കമ്മറ്റി നേതൃത്വത്തിൽ ആരംഭിച്ച സ്നേഹതണൽ എന്ന ഹെൽപ്പ് ലൈൻ സംബന്ധിച്ച ഗംഗാധരൻ അറിഞ്ഞത് .
ഹെൽപ്പ് ലൈൻ നമ്പറിൽ വന്ന അന്വേഷണം ചുമതലക്കാരനായ ശ്രീജിത്ത് മുടപ്പിലായി സി.പി.ഐ. മണ്ഡലം സെക്രട്ടറി പി. ഗവാസിൻ്റെ ശ്രദ്ധയിൽപെടുത്തി. ഏർണാകുളത്തെ എ.ഐ. വൈ. എഫ് ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ എൻ. അരുണിനെ ഗവാസ് വിളിച്ച് കാര്യം പറഞ്ഞു. കളമശ്ശേരിയിലെ എ.ഐ.വൈ. എഫ് നേതാവ് ഇസ്മയിലിനെ ഹോസ്പിറ്റലിൽ അയച്ച് മരുന്ന് വാങ്ങിപ്പിച്ചു. തുടർന്ന് സി.പി.ഐ നേതാവും ഗവൺമെൻ്റ് ചീഫ് വിപ്പുമായ ഒല്ലൂർ എം. എൽ. എ അഡ്വ.കെ. രാജനെ വിവരം അറിയിച്ചു.
കെ.രാജൻ ഏർണാകുളം സിറ്റി പോലീസ് കമ്മീഷണറുടെ ശ്രദ്ധയിൽ പെടുത്തി. സഹായിക്കാമെന്ന പോലിസ് വാഗ്ദാനം. മരുന്ന് ഏർണാകുളം സെൻ്ററൽ പോലിസ് സ്റ്റേഷനിലെത്തിച്ചു. ഹൈവേ പോലിസ് സഹായത്തോടെ കൈമാറി കൈമാറി മരുന്ന് കോഴിക്കോട് നടക്കാവ് സ്റ്റേഷനിലെ സി.ഐ.യും വാണിമേൽ സ്വദേശിയുമായ ടി.കെ അഷറഫിൻ്റെ ഓഫീസിലെത്തി.
കോഴിക്കോട്ടെ എ.ഐ.വൈ.എഫ് നേതാക്കൾ മരുന്ന് ഏറ്റുവാങ്ങി കല്ലാച്ചി സി.പി.ഐ. ഓഫീസിൽ, തുടർന്ന് സ്നേഹതണൽ ചുമതലക്കാരനായ ശ്രീജിത്ത് മുടപ്പിലായി, എ.ഐ എസ്.എഫ് മണ്ഡലം പ്രസിഡൻ്റ് എസ്.പി. ആനന്ദ് , തൂണേരി സി.പി.ഐ ലോക്കൽ അസി. സെക്രട്ടറി കെ. വിമൽ കുമാർ എന്നിവർ ഗംഗാധരൻ്റെ വീട്ടിലെത്തി മരുന്ന് കൈമാറി.
Comments are closed.