കൊറോണ: വിദ്യാര്ത്ഥിനിയുടെ നില തൃപ്തികരം
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ നില തൃപ്തികരമായി തുടരുന്നു. തൃശൂർ ജില്ലയിൽ 125 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുളളത്.
രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 10 പേർ ആശുപത്രിയിൽ നിരീക്ഷണത്തിലുണ്ട്. ബൈസ്റ്റാൻഡേഴ്സായ അഞ്ച് പേരെ കൂടി ആശുപത്രിയിൽ പാർപ്പിച്ചിട്ടുണ്ട്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 12 പേരും ജനറൽ ആശുപത്രിയിൽ 3 പേരുമാണ് നിരീക്ഷണത്തിലുളളത്. രോഗബാധിത മേഖലകളിൽ നിന്ന് മടങ്ങിയെത്തിയവരെ വീടുകളിൽ കരുതൽ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്. നിലവിൽ 110 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലാണ്.
രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്തുന്നതിനായി 64 ഐസൊലേഷൻ മുറികൾ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ സജ്ജമാക്കി. ഇരിങ്ങാലക്കുട, ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്, വടക്കാഞ്ചേരി, തൃശൂർ ജനറൽ ആശുപത്രി എന്നിവിടങ്ങളിലായാണ് ഐസൊലേഷൻ മുറികൾ സജ്ജമാക്കിയിട്ടുളളത്. സ്വകാര്യ ആശുപത്രികളിലും നിരീക്ഷണ- ചികിത്സാ സൗകര്യങ്ങൾ മൂൻകൂറായി ഏർപ്പെടുത്തി.
ഐഎംഎയുടെ സഹകരണത്തോടെയാണ് വിവിധ സ്വകാര്യ ആശുപത്രികളിൽ ഐസൊലേഷൻ മുറികൾ ഒരുക്കിയിട്ടുളളത്. ചികിത്സക്കും നിരീക്ഷണത്തിനുമാവശ്യമായ അംഗീകൃത മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ഇവിടങ്ങളിലും രോഗപ്രതിരോധ നടപടികൾ സ്വീകരിക്കുക. രോഗം സംശയിക്കുന്നവരെ ആശുപത്രികളിലേക്ക് എത്തിക്കുന്നതിനായി 12 ആംബുലൻസുകൾ ജില്ലയിൽ ഒരുക്കിയിട്ടുണ്ട്. ജീവനക്കാർക്കും സന്നദ്ധപ്രവർത്തകർക്കുമായുളള പരിശീലന പരിപാടികൾക്കും തുടക്കം കുറിച്ചു.
കുടുംബശ്രീ പ്രവർത്തകർ, ആശവർക്കർമാർ എന്നിവർക്കും അടിയന്തിരമായി പരിശീലനം നൽകും. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമെങ്കിൽ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർമാർക്കും സ്പ്ലൈകോ ഡിപ്പോകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹ്യ പിന്തുണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. പൊതുജനങ്ങളുടെ സംശയനിവൃത്തിക്കായി കൺട്രോൾ റൂമിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടറേറ്റിലും ജില്ലാ മെഡിക്കൽ ഓഫീസിലും കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്.
ജില്ലാ മെഡിക്കൽ ഓഫീസ് കൺട്രോൾ റൂം – ഫോൺ: 0487-2320466 (ഐ.ഡി.എസ്.പി.), 9895558784 (ഡോ. സുമേഷ്), 9961488206 (ഡോ. കാവ്യ), 9496331164 (ഡോ. പ്രശാന്ത്).
ജില്ലാ കളക്ടറേറ്റിലെ കൺട്രോൾ റൂം നമ്പറുകൾ 0487-2362424, 9447074424, 1077 (ജില്ലയ്ക്ക് പുറത്ത് നിന്ന് വിളിക്കുന്നവർ 0487 കോഡ് ചേർത്ത് വിളിക്കണം.)
Comments are closed.