കൊറോണ: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര് നിരീക്ഷണത്തിലുള്ളത് പത്തനംതിട്ടയിലല്ല
പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്കും എറണാകുളത്ത് ഒരു കുട്ടിക്കും കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങളും നടപടിക്രമങ്ങളും ശക്തമാക്കിയെന്ന് ആരോഗ്യ മന്ത്രി കെകെ ഷൈലജയുടെ ഓഫീസ് അറിയിച്ചു.
പത്തനംതിട്ടയില്‍ 5 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന് പിന്നാലെ മാര്‍ച്ച് ഏഴിന് ഇറ്റലിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെത്തിയ കണ്ണൂര്‍ സ്വദേശിയായ 3 വയസുള്ള കുട്ടിക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് 6 പേരാണ് കോവിഡ് 19 രോഗം ബാധിച്ച് ചികിത്സയിലുള്ളത്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ല.
102 ലോക രാജ്യങ്ങളില്‍ കോവിഡ് 19 രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1116 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 967 പേര് വീടുകളിലും 149 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
സംശയാസ്പദമായവരുടെ 807 സാമ്പിളുകള്‍ എന്‍. ഐ.വി യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 717 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ബാക്കിയുള്ള പരിശോധനാഫലം വരാനുണ്ട്. വീട്ടിലെ നിരീക്ഷണത്തില്‍ കഴിയുന്ന 5 വ്യക്തികളെ പരിഷ്കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര് നിരീക്ഷണത്തിലുള്ളത് തൃശൂര്‍ ജില്ലയിലാണ്. 211 പേര്. ഇതില്‍ 172 പേര് വീടുകളിലും 39 പേര് ആശുപത്രികളിലുമാണ്. രണ്ടാം സ്ഥാനത്ത് എറണാകുളമാണ്. 177 പേര്. 171 പേര് വീട്ടിലും ആറുപേര്‍ ആശുപത്രിയിലും നിരീക്ഷണത്തില്‍.
ഇപ്പോള്‍ വാര്‍ത്തകള്‍ നിറഞ്ഞു നില്ക്കുന്ന പത്തനംതിട്ടയില്‍ 53 പേരാണ് നിരീക്ഷണത്തിലുള്ളത്. 41 പേര് വീട്ടിലും 12 പേര് ആശുപത്രിയിലുമാണുള്ളത്. ഏറ്റവും കുറവ് ആളുകള്‍ നിരീക്ഷണത്തിലുള്ളത് വയനാട്ടിലാണ്. 14 പേര് വീടുകളിലും ഒരാള്‍ ആശുപത്രിയിലും കഴിയുന്നു.
Comments are closed.