കൊറോണ വൈറസ് : സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ വിശ്വാസികള്‍ പാലിക്കണമെന്ന് കത്തോലിക്ക സഭ
തൃശൂര്‍: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കത്തോലിക്ക സഭ വിശ്വാസികള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിട്ടു. സര്‍ക്കാര്‍ നല്കുന്ന മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും എല്ലാവരും കൃത്യമായി പാലിക്കണമെന്ന് തൃശൂര്‍ അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. പള്ളികളില്‍ പാലിക്കേണ്ട മുന്‍കരുതലുകളും മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍ദ്ദേശിച്ചു.
ദൈവാലയ പ്രവേശനകവാടങ്ങളില്‍ ഹന്നാന്‍ വെള്ളം പൊതുവായി വയ്ക്കുന്നത് ഒഴിവാക്കുക, കുര്‍ബാന അപ്പം കൈകളില്‍ മാത്രം നല്‍കുക, കുര്‍ബാന കൊടുക്കുന്നവര്‍ മുമ്പും ശേഷവും കൈ ശുചീകരിക്കുക, സമാധാനാശംസ കൈകൂപ്പി മാത്രം നല്‍കുക, സ്പര്ശനങ്ങള് ഒഴിവാക്കുക, പൊതുവണക്കത്തിനായി വച്ചിട്ടുള്ള കുരിശ്, രൂപങ്ങള്‍, തിരുശേഷിപ്പുകള്‍ തുടങ്ങിയവ തൊട്ടു ചുംബിക്കുന്നത് ഒഴിവാക്കുക, പകരം കൈ കൂപ്പി വണങ്ങുക, അതുപോലെതന്നെ ഊറാറ ചുംബിക്കുന്നത് ഒഴിവാക്കുക, ജനങ്ങള്‍ പൊതുവായി കൂടു സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുക, കൂടുതല്‍ ജനങ്ങള്‍ ഒന്നിച്ചുചേരുന്ന കണ്‍വെന്‍ഷനുകള്‍, തിരുനാളുകള്‍, ഊട്ടുതിരുന്നാളുകള്‍, മറ്റു ആഘോഷങ്ങള്‍ എന്നിവ കേരള സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതുപോലെ ഒഴിവാക്കണം, എന്നാല്‍ കുര്‍ബ്ബാനയും മറ്റു തിരുകര്‍മ്മങ്ങളും നടത്താം, കൊറോണ രോഗബാധ പകരാന്‍ ഇടയുളള ഏതെങ്കിലും സാഹചര്യങ്ങളുമായി സമ്പര്‍ക്കം വന്നിട്ടുള്ളവരോ, രോഗലക്ഷണങ്ങള്‍ ഉണ്ടോ എന്ന് സംശയിക്കുന്നവരോ ദേവാലയം അടക്കം ഉളള പൊതു ഇടങ്ങളിലെ പരിപാടികള്‍ നിന്നും മാറി നില്‍ക്കേണ്ടതും വൈദ്യപരിശോധനക്ക് വിധേയരാക്കേണ്ടതുമാണെന്ന് അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.
Comments are closed.