കോണ്‍ഗ്രസുകാര്‍ വിമാനം റാഞ്ചിയിട്ടുണ്ട്; ആവശ്യം പ്രിയ നേതാവിന്റെ ജയില്‍മോചനം
മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂര്‍-തിരുവനന്തപുരം വ്യോമയാത്രയ്ക്കിടയില് വിമാനത്തില്‍വച്ച് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയതിനെ പിന്നാലെ സംസ്ഥാനത്ത് കോണ്‍ഗ്രസുകാരും സിപിഐഎമ്മുകാരും തമ്മിലെ വാക്പോരും സംഘര്‍ഷവും പുതിയൊരു വഴിത്തിരിവില്‍ എത്തിയിരിക്കുന്നു.
ഇതുമായിബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങള്‍ നടക്കുന്നു. എന്നാല്‍, ഈ സമയം കോണ്‍ഗ്രസുമായി ബന്ധപ്പെട്ട ഒരു വിമാന റാഞ്ചല്‍ സംഭവത്തെ കുറിച്ചുള്ള ഓര്‍മ്മകളും ഉയര്‍ന്നു വരുന്നു.
1978 ലാണ് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം റാഞ്ചിയത്. കൊല്‍ക്കത്തയില്‍ നിന്നും ലഖ്നൗവിലേക്ക് പോകുകയായിരുന്ന ആഭ്യന്തര വിമാന സര്‍വീസിനെ കോണ്‍ഗ്രസുകാര്‍ റാഞ്ചി വാരണാസിയില്‍ ഇറക്കുകയായിരുന്നു.
അടിയന്തരാവസ്ഥയ്ക്കുശേഷം അറസ്റ്റിലായ ഇന്ദിരാ ഗാന്ധിയെ വിട്ടയയ്ക്കണം എന്നാവശ്യപ്പെട്ടാണ് ഭോലാനാഥ് പാണ്ഡേ, ദേവേന്ദ്ര പാണ്ഡേ എന്നീ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനം റാഞ്ചിയത്. ഇന്ദിരയുടെ മകന് സഞ്ജയ് ഗാന്ധിക്ക് എതിരായ കേസുകളും പിന്‍വലിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇരുവരും കളിതോക്കുകളും കൈവശം വച്ചിരുന്നു.
യാത്രക്കാരും വിമാനജീവനക്കാരും അടക്കം 130 പേരാണ് ബന്ദികള്‍ ആക്കപ്പെട്ടത്. ബോയിങ്ങിന്റെ 737-200 വിമാനമാണ് ഇരുവരും റാഞ്ചിയത്. മണിക്കൂറുകള്‍ക്കുശേഷം അവര്‍ മാധ്യമങ്ങളുടെ സാന്നിദ്ധ്യത്തില്‍ കീഴടങ്ങുകയും ചെയ്തു.
ഇന്ദിരാഗാന്ധിയോടുള്ള പാണ്ഡേമാരുടെ കൂറിനുംസ്നേഹത്തിനും പ്രതിഫലവും ലഭിച്ചു. 1980-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടുപേര്‍ക്കും സീറ്റ് ലഭിച്ചു. ഭോല 1980 മുതല്‍ 1985 വരെയും 1989 മുതല്‍ 1991 വരെയും ബല്ലിയ മണ്ഡലത്തെ പ്രതിനിധീകരിച്ചു. ദേവേന്ദ്ര രണ്ട് തവണ എംഎല്‍എയായി.
ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയുമായിരുന്നു ദേവേന്ദ്ര. ഭോലയാകട്ടെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയും കോണ്‍ഗ്രസിന്റെ സെക്രട്ടറിയുമായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി 1991 മുതല്‍ 2014 വരെ നടന്ന ലോകസഭാ തിരഞ്ഞെടുപ്പുകളില്‍ സേലംപൂരില് നിന്നും കോണ്‍ഗ്രസിനുവേണ്ടി മത്സരിച്ചുവെങ്കിലും ഭോലയ്ക്ക് വിജയിക്കാനായില്ല.
മുഖ്യമന്ത്രിയുടെ യാത്രാമദ്ധ്യേ വിമാനത്തില്‍ വച്ച് അദ്ദേഹത്തെ ആക്രമിക്കാന്‍ ശ്രമിച്ചത് ഭീകരപ്രവര്‍ത്തനം എന്നാണ് സിപിഐഎം നേതാക്കള്‍ വിശേഷിപ്പിച്ചത്.