വിവരത്തിനേ പരിധിയുള്ളൂ, വിവരക്കേടിനില്ല; കോൺഗ്രസിൻ്റെ പുക കണ്ടേ ഇവരടങ്ങൂ
കോൺഗ്രസിന് പടവലങ്ങ പോലെ വളർച്ച കീഴ്പോട്ടായതിൻ്റെ അടിസ്ഥാനകാരണം ജനനേതാക്കളെ ത്യജിച്ച് ന്യൂജെൻ താരങ്ങളെ നേതാക്കളാക്കിയതാണ് എന്നാണെൻ്റെ ഉറച്ച ബോധ്യം.
കോൺഗ്രസിൻ്റെ അഴിമതിയോ മൃദുഹിന്ദുത്വമോ അനാർജ്ജവമോ മുതലാളിയടിമത്തമോ ഒന്നും ഇന്നുമിന്നലെയും തുടങ്ങിയതല്ല. ഇതെല്ലാമുള്ളപ്പോഴും ജനങ്ങൾ കോൺഗ്രസിനെ ജയിപ്പിച്ചിട്ടുണ്ട്. ഒറ്റക്കാരണമേയുള്ളൂ, നേതാക്കൾ ജനനേതാക്കളായിരുന്നു. കരുണാകരനോട് അടിമുടി വിയോജിപ്പാണ്. പക്ഷേ കരുണാകരൻ ജനനേതാവായിരുന്നു.
അത്തരം നേതാക്കൾ ഓരോ സംസ്ഥാനത്തിലും കോൺഗ്രസിനുണ്ടായിരുന്നു. ജനങ്ങളിൽ നിന്നു വളർന്നുയർന്ന, ജനങ്ങളെ മനസ്സിലാവുന്ന നേതാക്കൾ. രാഹുൽഗാന്ധിയും കൂട്ടരും കരുതിയത് അവർക്ക് വിദ്യാഭ്യാസമില്ലാത്തതിനാൽ വിവരവുമില്ല എന്നാണ്. വിദ്യാഭ്യാസവും വിവരവും വേറെ കാര്യമാണ് എന്ന് തിരിച്ചറിയാനുള്ള വിവേകം ഏതോ ഗതികെട്ട സമയത്ത് അറിയാതെ രാഷ്ട്രീയത്തിലെത്തിയ രാഹുൽ ഗാന്ധിക്കുമുണ്ടായിരുന്നില്ല.
ബഹുമാനിക്കുന്നതായി അഭിനയിക്കും, എന്നിട്ട് ചവിട്ടിത്താഴ്ത്തും. ദേശീയ തലത്തിൽ ഉള്ളതിൽ വെച്ചേറ്റവും അടിയിലേക്ക് വേരുള്ള ഓരോ നേതാക്കളെയായി ചിറകരിഞ്ഞാണ് രാഹുൽ ബ്രിഗേഡ് വളർന്നത്. പ്രണബ് മുഖർജി മുതൽ സിദ്ധരാമയ്യ വരെ, വയലാർ രവി മുതൽ ഉമ്മൻചാണ്ടി വരെ സകലതിനേയും മൂലക്കിരുത്തി ന്യൂജെൻ കോൺഗ്രസ് എന്ന് ചവിട്ടുനാടകം തുടങ്ങിയോ, അന്ന് കോൺഗ്രസിൻ്റെ അന്ത്യകൂദാശയും ആരംഭിച്ചു.
കേരളത്തിലെ ഈ ന്യൂജെൻ കോൺഐസ്ക്രീമുകളെ നോക്കൂ, ഒന്നിനും മഞ്ഞളും മത്തിക്കറിയും കണ്ടാലറിയുന്ന വിവേകമില്ല എന്നു മനസ്സിലാവും. ഫേസ്ബുക്കിൽ സ്വന്തം കുട്ടിപ്പട്ടാളത്തെ വെച്ച് കൂക്കിവിളിക്കുക, ഫ്രീക്ക് ഫോട്ടോകളിട്ട് കമൻ്റുകൾ നോക്കി രോമാഞ്ചം കൊള്ളുക, ഒരു വശത്ത് നെഹ്റുവിയൻ സോഷ്യലിസവും മറുവശത്ത് നുണപ്രചരണവുമായി നടക്കുക എന്നിവയല്ലാതെ നാട്ടിലെ മനുഷ്യരുമായി അവർക്ക് ബന്ധമൊന്നുമില്ല.
അവരെപ്പറഞ്ഞിട്ടും കാര്യമില്ല. ക്ലാസിൻ്റെ പ്രശ്നങ്ങൾ സ്കൂളിലെ ക്ലാസിലിരുന്നാൽ മാത്രം മനസ്സിലാവില്ലല്ലോ. അങ്ങനെയങ്ങനെ ഇവർ കൂളിങ്ങ് ഗ്ലാസും മരുഭൂമിയെ ഗ്ലാസും ഒക്കെയായി എൻജോയ് ചെയ്തുചെയ്ത് കോൺഗ്രസിനെ ഏതാണ്ടിപ്പോൾ കുളിപ്പിച്ചു വെള്ളയും പുതപ്പിച്ചു കടത്തി.
ഈ യോയോ ബ്രിഗേഡിലെ ബുദ്ധി വെച്ചാണ് ശബരീനാഥ് വിമാനത്തിലെ സമരത്തിന് പദ്ധതിയിട്ടത്. മുഖ്യമന്ത്രിയെ വിമാനത്തിൽ കയറി പ്രതിഷേധിച്ചാൽ എന്തു സംഭവിക്കുമെന്നോ അതിൻ്റെ രാഷ്ട്രീയവും നിയമപരവുമായ പ്രത്യാഘാതമെന്താവുമെന്നോ ആദ്യമേ തിരിച്ചറിയാനുള്ള വിവേകം ശബരീനാഥിനില്ലാത്തതിൽ അത്ഭുതപ്പെടാനൊന്നുമില്ല. അന്തമില്ലായ്മ ആഭരണമാക്കുന്ന ടീമായതു കൊണ്ട് ഇതിലൊന്നും പഠിക്കാനും പോണില്ല. വിവരത്തിനേ പരിധിയുള്ളൂ, വിവരക്കേടിനില്ല. കോൺഗ്രസിൻ്റെ പുക കണ്ടേ ഇവരടങ്ങൂ.
വിവരത്തിനേ പരിധിയുള്ളൂ, വിവരക്കേടിനില്ല; കോൺഗ്രസിൻ്റെ പുക കണ്ടേ ഇവരടങ്ങൂ
- Design