ത്രിപുരയില്‍ കോണ്‍ഗ്രസ് ആയിരം കടന്നത് മൂന്നിടത്ത് മാത്രം, എട്ടിടത്ത് നോട്ടയ്ക്ക് പിന്നില്‍
ത്രിപുരയിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ആയിരം വോട്ടുകളിലധികം നേടിയത് കേവലം മൂന്ന് മണ്ഡലങ്ങളില്‍ മാത്രം. ഏറ്റവും കൂടുതല്‍ വോട്ടു പിടിച്ചത് കൈലാഷ്അഹര്‍ മണ്ഡലത്തില്‍. ഇവിടെ കോണ്‍ഗ്രസിന്റെ വീരജിത് സിന്‍ഹ 7787 വോട്ടുകള്‍ പിടിച്ചു. കൈലാഷ്അഹര്‍ കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ വോട്ടു കിട്ടിയത് ബോക്‌സാനഗറിലാണ്. ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ബില്ലാല്‍ മിയക്ക് കിട്ടിയത് 1866 വോട്ടുകള്‍. കഷ്ടിച്ച് ആയിരം കടന്ന ചാദിപ്പൂരില്‍ കോണ്‍ഗ്രസിന്റെ നിര്‍മലേന്ദു ദേബ് പിടിച്ചത് 1025 വോട്ടുകളാണ്.
മൂന്നിടത്തും വിജയിച്ചത് സിപിഐഎം സ്ഥാനാര്‍ത്ഥികളാണ്. രണ്ടിടത്ത് കോണ്‍ഗ്രസ് പിടിച്ച വോട്ടുകള്‍ സിപിഐഎമ്മിന്റെ വിജയത്തില്‍ നിര്‍ണായകമായി. കൈലാഷ്അഹറിലും ചാദിപ്പൂരിലും. മറ്റിടങ്ങളിലെ ദയനീയ പ്രകടനം കോണ്‍ഗ്രസ് കാഴ്ച വയ്ക്കാതിരുന്ന കൈലാഷ്അഹറില്‍ വിജയിച്ച മൊബാഷര്‍ അലി 18093 വോട്ടുകള്‍ നേടി. രണ്ടാമതെത്തിയ ബിജെപിയുടെ നിതീഷ് ദെ നേടിയത് 13,259 വോട്ടുകളും. സിപിഐഎമ്മിന് ലഭിച്ച ഭൂരിപക്ഷം 4834 വോട്ടുകള്‍.
ചാദിപ്പൂരിലാകട്ടെ സിപിഐഎമ്മിന് ലഭിച്ച ഭൂരിപക്ഷം 402 വോട്ടുകളാണ്. കോണ്‍ഗ്രസിന്റെ വോട്ടുകളില്‍ പകുതി മാറി ബിജെപിക്ക് ലഭിച്ചിരുന്നുവെങ്കില്‍ സിപിഐഎം പരാജയം നേരിടുമായിരുന്നു. എന്നാല്‍ ബോക്‌സാനഗറില്‍ കോണ്‍ഗ്രസ് വോട്ട് സിപിഐഎമ്മിന്റെ വിജയത്തെ സ്വാധീനിച്ചില്ല. വിജയിച്ച സിപിഐഎമ്മിന്റെ സാഹിദ് ചൗദരി 19,862 വോട്ടുകളും രണ്ടാമതെത്തിയ ബിജെപിയുടെ ബഹറുള്‍ ഇസ്ലാം മജൂംദാര്‍ 11,847 വോട്ടുകളും നേടി. ഭൂരിപക്ഷം 8013.
29 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് അഞ്ഞൂറു വോട്ടു പോലും തികയ്ക്കാന്‍ ആയില്ല. കൂടാതെ കോണ്‍ഗ്രസ് എട്ട് മണ്ഡലങ്ങളില്‍ നോട്ടയ്ക്ക് പിന്നില്‍ പോയി.
ബാഗ്മ മണ്ഡലത്തില്‍ നോട്ട 450 വോട്ടുകള്‍ പിടിച്ചപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 399 വോട്ടുകള്‍ മാത്രമാണ്. ഈ മണ്ഡലത്തില്‍ വോട്ടുനിലയില്‍ നോട്ട നാലാമതും കോണ്‍ഗ്രസ് അഞ്ചാമതുമാണ്. ബിജെപിയാണ് ഇവിടെ ജയിച്ചത്.
ഛവാമനുവില്‍ നോട്ട 449 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന് ലഭിച്ചത് 432 വോട്ടുകള്‍. വോട്ടുനിലയില്‍ അഞ്ചാമതാണ് ഇവിടെ കോണ്‍ഗ്രസ്. ബിജെപി വിജയിച്ച മണ്ഡലത്തില്‍ മൂന്നാം സ്ഥാനം നേടിയത് ഐഎന്‍പിടിയാണ്. 665 വോട്ടുകള്‍.
ഋഷ്യമുഖിലാകട്ടെ കോണ്‍ഗ്രസ് 462 വോട്ടുകള്‍ പിടിച്ചപ്പോള്‍ നോട്ട പത്ത് വോട്ടുകള്‍ അധികം പിടിച്ചു. സിപിഐഎമാണ് ഇവിടെ വിജയി.
സിപിഐഎം വിജയിച്ച ജോലൈബാരിയില്‍ നോട്ടയ്ക്ക് പിന്നിലായത് കോണ്‍ഗ്രസ് മാത്രമല്ല. തൃണമൂലുമുണ്ട്. നോട്ടയ്ക്ക് 479 വോട്ടുകള്‍ കിട്ടിയപ്പോള്‍ തൃണമൂലിന് 435 വോട്ടുകളും കോണ്‍ഗ്രസിന് 349 വോട്ടുകളുമാണ് ലഭിച്ചത്. കമലാസാഗറിലും സമാനമാണ് അവസ്ഥ. സിപിഐഎം വിജയിച്ച ഇവിടെ നോട്ട 433 വോട്ടുകളും തൃണമൂല്‍ 394 ഉം കോണ്‍ഗ്രസ് 358 വോട്ടുകളും പിടിച്ചു.
കക്ക്രബാനിലാകട്ടെ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയേ ഉണ്ടായിരുന്നില്ല. സിപിഐഎമ്മും ബിജെപിയും നേരിട്ട് ഏറ്റുമുട്ടിയപ്പോള്‍ വിജയം സിപിഐഎമ്മിന് ഒപ്പം നിന്നു. 762 വോട്ടുകള്‍ നേടി നോട്ട മൂന്നാമത് എത്തി.
കോണ്‍ഗ്രസിന് ഏറ്റവും കുറവ് വോട്ട് ലഭിച്ചത് ഖോവൈയിലാണ്. 209 വോട്ടുകള്‍. സിപിഐഎം വിജയിച്ച മണ്ഡലത്തില്‍ ബിജെപി രണ്ടാമതും അമ്ര ബംഗാളി പാര്‍ട്ടി മൂന്നാമതും എത്തി.
രാധാകിഷോര്‍പൂരില്‍ നോട്ട 899 വോട്ടുകള്‍ നേടി. കോണ്‍ഗ്രസിന് 843 വോട്ടുകളാണ് ലഭിച്ചത്. വിജയിച്ചത് ബിജെപിയും.
ഐപിഎഫ്ടി വിജയിച്ച റൈമാവാലിയില്‍ നോട്ട 584 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് 476 വോട്ടുകള്‍ പിടിച്ച് പിന്നില്‍ നിന്നും രണ്ടാംസ്ഥാനത്ത് എത്തി. ബിജെപി ജയിച്ച സന്തിര്‍ബാസാറില്‍ നോട്ടയ്ക്ക് 538 ഉം കോണ്‍ഗ്രസിന് 446 വോട്ടുകളും കിട്ടി.
വിശദമായ ഫലം വായിക്കാം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റ്
Comments are closed.