വിജയനെ ‘ഗെറ്റൗട്ടടിച്ച ‘ ടീച്ചറെ ഒതുക്കിയ ചിത്രന് നമ്പൂതിരിപ്പാട്; ഓര്മ്മ പങ്കുവച്ച് മുഖ്യമന്ത്രി
തൃശൂര്: തിരക്കുകളിൽ നിന്നും ഒരാത്മബന്ധത്തിന്റെ കഥ പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ ചരിത്രകാരനും യാത്രികനുമായ പി ചിത്രൻ നമ്പൂതിരിപ്പാടിന്റെ തൃശൂരിലെ വസതിയിലെത്തി. പെരളശ്ശേരി സ്കൂളിൽ പിണറായി വിജയൻ പഠിക്കുന്ന കാലത്ത് പ്രധാനാധ്യാപിക ക്ലാസിൽ നിന്നും പുറത്താക്കിയതും അപ്പോൾ അന്നത്തെ ഡി ഒ (ഇന്നത്തെ ഡി ഡി ഇ) ആയിരുന്ന ചിത്രൻ നമ്പൂതിരിപ്പാട് തന്നെ ‘രക്ഷിച്ച’ കഥയും ചിത്രൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി ഓർത്തെടുത്തു.
അന്നത്തെ കെ എസ് എഫിന്റെ സജീവ പ്രവർത്തകനായ ഇന്നത്തെ കേരളത്തിന്റെ മുഖ്യമന്ത്രിയെ ന്യായമായ ആവശ്യത്തിനായിരുന്നില്ല, അന്ന് ടീച്ചർ പുറത്താക്കിയതത്രെ. തുടർന്ന് പിണറായിക്ക് ക്ലാസിൽ നിന്നും പുറത്തിറങ്ങി നിൽക്കേണ്ടിവന്നു.
ഈ സംഭവം ചിത്രൻ നമ്പൂതിരിപ്പാട് അറിയുകയും ചെയ്തു. പുറത്താക്കിയത് ന്യായമല്ലെന്നു മനസ്സിലായ ചിത്രൻ നമ്പൂതിരിപ്പാട് സ്കൂളിനു മുന്നിലുള്ള എ കെ ജി വായനശാലയിൽ പിണറായിയോട് ചെന്നിരിക്കാനും പറഞ്ഞുവത്രെ. ശേഷം സ്കൂളിലെത്തിയ അദ്ദേഹം പ്രധാനാധ്യാപികയെ നേരിൽ വിളിച്ച് ശകാരിക്കുകയും പിണറായിയോട് ക്ലാസിൽ ചെന്നിരിക്കാനും പറഞ്ഞു. ഇതാണ് ഇന്നലെ ചിത്രൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തി അദ്ദേഹത്തെ സന്ദർശിച്ച ശേഷം മുഖ്യമന്ത്രി കുടുംബാംഗങ്ങളോടും മറ്റും പറഞ്ഞ ആത്മബന്ധത്തിന്റെ കഥ.
അടുത്തിടെ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഇക്കഥ ചിത്രൻ നമ്പൂതിരിപ്പാട് പങ്കെടുത്ത ഒരു ചടങ്ങിൽ പറഞ്ഞിരുന്നു. എന്നാൽ അതിൽ പി ചിത്രൻ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയുടെ അധ്യാപകനായിരുന്നു എന്നാണ് അറിയിച്ചിരുന്നതെന്നും ചിത്രൻ നമ്പൂതിരിപ്പാട് തന്നെ പഠിപ്പിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി തിരുത്തി.
അഞ്ചുമിനിട്ടോളം ഇരുവരും വിശേഷങ്ങൾ പങ്കുവച്ചു. ആരോഗ്യപ്രശ്നങ്ങൾ തിരക്കിയപ്പോൾ മുഖ്യമന്ത്രിയോട് യാതൊരു കുഴപ്പമില്ലെന്നു പറഞ്ഞ ചിത്രൻ നമ്പൂതിരിപ്പാടിന്റെ മറുപടി എല്ലാവരിലും ഉന്മേഷം നിറയ്ക്കുന്നതായി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപയുടെ ചെക്ക് നൽകാനും ചിത്രൻ നമ്പൂതിരിപ്പാട് ഈ അവസരം വിനിയോഗിച്ചപ്പോൾ മുഖ്യമന്ത്രിക്കും സന്തോഷം.
ചെക്ക് കൈമാറിയതിനുശേഷം ഹിമാലയ യാത്രയെ കുറിച്ചെഴുതിയ പുണ്യഹിമാലയം എന്ന പുസ്തകവും ചിത്രൻ നമ്പൂതിരിപ്പാട് മുഖ്യമന്ത്രിക്കു കൈമാറി. എത്ര തവണ ഹിമാലയത്തിൽ പോയി എന്നുള്ള ചോദ്യത്തിന് 30 തവണ എന്ന് ചിത്രൻ നമ്പൂതിരിപ്പാട് മറുപടി പറഞ്ഞപ്പോൾ അടുത്ത തവണയും പോകുന്നുണ്ടോ എന്നായി മുഖ്യമന്ത്രി. അപ്പോൾ ‘നോക്കാം’ എന്ന് ചിത്രൻ നമ്പൂതിരിപ്പാടിന്റെ മറുപടി. ഇത് എല്ലാവരിലും ചിരി പരത്തി.
ജപ്പാൻ – കൊറിയ സന്ദർശനത്തെ കുറിച്ചും ഇരുവരും സംസാരിച്ചു. ഇനിയും കാണാമെന്നും വരാമെന്നും പറഞ്ഞാണ് മുഖ്യമന്ത്രി മടങ്ങിയത്. കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ, സി പി എം ജില്ലാ സെക്രട്ടറി എം എം വർഗീസ്, സി പി എം സംസ്ഥാന കമ്മറ്റിയംഗം എം കെ കണ്ണൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വൈകീട്ട് അഞ്ചോടെയാണ് മുഖ്യമന്ത്രി ചിത്രൻ നമ്പൂതിരിപ്പാടിന്റെ വീട്ടിലെത്തിയത്. മുഖ്യമന്ത്രിയുടെ സന്ദർശനം ഉണ്ടെന്നതിനാൽ മൂന്നുമണി മുതൽ തന്നെ വീട്ടിൽ ബന്ധുക്കളും അയൽക്കാരുമൊക്കെ നിറഞ്ഞു. മക്കളായ കൃഷ്ണൻ, അനുജൻ, ഉഷ, ഗൗരി, മരുമക്കളായ ഡോ. ഹരിദാസ്, അഷ്ടമൂർത്തി, പേരക്കുട്ടിയായ ചിത്രൻ, ചിത്രഭാനു, പ്രപൗത്രൻ അജൽ എന്നിവരും മറ്റ് കുടുംബാംഗങ്ങളും ചേർന്നാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. അജൽ റോസാപ്പൂ മുഖ്യമന്ത്രിക്ക് നൽകിയപ്പോൾ ‘റോസാപ്പൂ നല്ലതാണെന്നും എന്നാൽ അതിന്റെ മുള്ള് നല്ലതല്ലെന്നും ശ്രദ്ധിക്കണമെന്നും’ നർമത്തോടെയുള്ള മുഖ്യമന്ത്രി കമന്റും കേട്ടുനിന്നവരിൽ ചിരിനിറച്ചു.
Comments are closed.