ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പ്രഥമ പത്രാധിപര്‍ കമ്യൂണിസ്റ്റുകാരനായിരുന്നു
(ഒരു പുസ്തക വായന)
“ഇടതുപക്ഷ സഹയാത്രികനാണെന്ന് അറിഞ്ഞിട്ടും പുതുതായി ആരംഭിക്കുന്ന ചന്ദ്രിക വാരികയുടെ ചുക്കാന്‍ സി.എച്ച് പി.എയെ(പി.എ മുഹമ്മദ് കോയ) ആണ് ഏല്‍പ്പിച്ചത്.
1950 ജൂലായ് 15ന് ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ആദ്യലക്കം പുറത്തിറങ്ങുമെന്നും പി.എ മുഹമ്മദ്കോയ അതിന്റെ ചുമതലക്കാരനായിരിക്കുമെന്നും ശാന്തഭവന്‍’ ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ സി.എച്ച് പ്രഖ്യാപിച്ചു. സദസ്സ് കരഘോഷം മുഴക്കിയത് പി.എയെ മനസ്സിലാക്കിയതുകൊണ്ടായിരുന്നില്ല. സി.എച്ച് കണ്ടെത്തിയാല്‍ അത് മാണിക്യമാകുമെന്ന വിശ്വാസപ്രഖ്യാപനമായിരുന്നു അത്….”(page 24)
“പി.എ ഒരു കമ്യൂണിസ്റ്റ് ആശയക്കാരനോ സഹയാത്രികനോ ആയിരുന്നു. അങ്ങനെയൊരാള്‍ മുസ്ലിം ലീഗ് മുഖപത്രത്തിന്റെ ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായ കാര്യം ഇന്ന് ഓര്‍ക്കുമ്പോള്‍ അത്ഭുതം തോന്നാം. പക്ഷേ അന്നാര്‍ക്കും അതൊരു പ്രശ്നമായിരുന്നില്ല. പി.എയുടെ രാഷ്ട്രീയം ഒരിക്കലും ചന്ദ്രികയിലെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചില്ല. ആ വിധത്തിലുള്ളതായിരുന്നു പി.എയുടെ പ്രൊഫഷണലിസവും ചന്ദ്രിക സാരഥികളുടെ വിശാലമനസ്കതയും. മുഖ്യ പത്രാധിപര്‍ സി.എച്ച് മുഹമ്മദ് കോയ തൊട്ടുള്ള എല്ലാ സഹപ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തോട് വലിയ സ്നേഹവും ആദരവുമായിരുന്നു….”(page 85)
‘പി.എ മുഹമ്മദ് കോയ മായാത്ത അക്ഷരനിലാവ്’ എന്ന പേരിൽ മുഹമ്മദ്കോയ നടക്കാവ് എഴുതി ഗ്രേയ്സ് ബുക്സ് ഈയിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ചില ഭാഗങ്ങളാണ് മുകളിലത്തേത്.
ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പ്രഥമചുമതലക്കാരനായി സി.എച്ച് മുഹമ്മദ് കോയ എന്ന മുസ്ലിം ലീഗുകാരന് കണ്ടെത്തിയത് ഒരു കമ്യൂണിസ്റ്റുകാരനെയായിരുന്നു എന്നത് ഇന്ന് വലിയ കൗതുകമായിരിക്കും എന്നതിനാലാണ് ആ ഭാഗം ക്വാട്ട് ചെയ്തത്.

ഈ കമ്യൂണിസ്റ്റുകാരനാണ് ആഴ്ചപ്പതിപ്പിലേക്ക് എം.ടി വാസുദേവന്നായരെക്കൊണ്ട് എഴുതിപ്പിച്ചതും ആ മഹാ എഴുത്തുകാരന് ആദ്യ പ്രതിഫലം കൊടുത്തതും പിന്നീട് ലബ്ധപ്രതിഷ്ഠരായ പല എഴുത്തുകാരെയും ചന്ദ്രികയുമായി അടുപ്പിച്ചതുമെല്ലാം. 1967 വരെ ചന്ദ്രികയിൽ തുടര്‍ന്ന പി.എ പിന്നീട് ചില കാരണങ്ങളാൽ അവിടെനിന്ന് പിടിയിറങ്ങി നേരെ പോയത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപ്രസിദ്ധീകരണമായ ദേശാഭിമാനിയിലേക്കാണെന്ന് പുസ്തകം വിശദീകരിക്കുന്നു. അവിടെയും തീരുന്നില്ല കഥ. 1970 ആകുന്നതോടെ സി.എച്ചിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് പി.എ വീണ്ടും തിരിച്ചുവന്നത് ചന്ദ്രിക പത്രത്തിലേക്കാണ്. പത്രത്തിന്റെ ന്യൂസ് എഡിറ്ററും ലീഡര്‍ റൈറ്ററുമായാണ്(എഡിറ്റോറിയല്‍ എഴുത്ത്) പിന്നീട് ഏറെക്കാലം ഈ കമ്യൂണിസ്റ്റുകാരന് തിളങ്ങിയത്.
പുസ്തകത്തിന്റെ അവതാരിക എഴുതിയത് പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ തോമസ് ജേക്കബ് സാറാണ്. മലയാള മാധ്യമചരിത്രത്തില്‍ പലതുകൊണ്ടും പ്രതിഭ തെളിയിച്ച പി.എയ്ക്ക് മതിയായ അംഗീകാരം ലഭിക്കാതെ പോയതില്‍ ആകുലപ്പെടുന്ന ഈ കുറിപ്പില്‍ ആഴ്ചപ്പതിപ്പിനെക്കുറിച്ച് വേറിട്ടൊരു നിരീക്ഷണമുണ്ട്.
“പ്രചാരംകൊണ്ടോ പ്രബുദ്ധതകൊണ്ടോ സ്വന്തം പത്രത്തിന്റെ സ്വാധീനവലയത്തിനു മീതെ ഏതെങ്കിലും കാലത്ത് എത്തിയ ഏഴെട്ട് വാരികകളേയുള്ളൂ കേരളത്തില്‍ അതിലൊന്നാണ് ചന്ദ്രിക ആഴ്ചപ്പതിപ്പ്.(മറ്റുള്ളവ-മനോരമ, മാതൃഭൂമി, മംഗളം, കൗമുദി, ജനയുഗം, കലാകൗമുദി, ജനയുഗം, സമകാലികമലയാളം)”-(page 10)
“സകലമാനവിഷയങ്ങളിലും
സാമാന്യവിഷയങ്ങളിലും സാമാന്യത്തിലധികം അറിവുണ്ടായിരുന്ന പി.എയോട് സി.എച്ച് മതവിഷയങ്ങളില്പോലും സംശയങ്ങള്‍ക്ക് നിവാരണം വരുത്തുമായിരുന്നു. സംശയങ്ങള്‍ വന്നാല്‍ സി.എച്ച് പറയും.’ നമ്മുടെ പി.എ മൗലവി,’ വരട്ടെ. ആഴ്ചപ്പതിപ്പില്‍ മാറ്റര്‍ തികഞ്ഞില്ലെങ്കില്‍ കായികലേഖനവും സിനിമാ നിരൂപണവും സംഗീതാസ്വാദനവും ഒറ്റയിരിപ്പില്‍ എഴുതി നിറയ്ക്കാന്‍ പി.എക്ക് സാധിക്കുമായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുമായിരുന്നു…”-(page 27)
ഇക്കഴിഞ്ഞ ദിവസം കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സി.എച്ച് ചെയറിന്റെ പുതിയ കെട്ടിടോദ്ഘാടനത്തിന് സാക്ഷിയാകാന്‍ പോയപ്പോഴാണ് അവരുടെ പ്രസിദ്ധീകരണവിഭാഗമായ ഗ്രെയ്സ് ഇറക്കിയ ഈ പുസ്തകം ഞാന്‍ വാങ്ങിയത്.
കളിയെഴുത്തിന്റെ ആചാര്യനായ പി.എ (മുഷ്താഖ് ) യുടെ പ്രശസ്ത നോവലാണ് സുല്‍ത്താന്‍ വീട് . അത് ദേശാഭിമാനി വാരികയിലും ‘സുറുമയിട്ട കണ്ണുകള്‍’ എന്ന മറ്റൊരു കാമ്പുള്ള നോവൽ ചന്ദ്രിക ആഴ്ചപ്പതിപ്പിലുമായിരുന്നു പ്രസിദ്ധീകരിച്ചത്.
പി.എ. എന്ന പ്രതിഭാസത്തെക്കുറിച്ച് 2014 ൽ ആഴ്ചപ്പതിപ്പില്‍ എത്തിയതുമുതല്‍ ഒത്തിരി കേൾക്കാറുണ്ട്. അതിലുപരി ആഴ്ചപ്പതിപ്പിന്റെ പഴയ താളുകളിലൂടെ ഒന്നിലേറെത്തവണ കയറിയിറങ്ങിയ ആള് എന്ന നിലയില്‍ പരിമിത സങ്കേതിക സംവിധാനങ്ങള്‍ മാത്രമുള്ള അക്കാലങ്ങളിൽ ആ മനുഷ്യന് നിർവഹിച്ച ദൗത്യം എത്ര മഹത്തരമാണെന്ന് അറിഞ്ഞിട്ടുമുണ്ട്.
കോഴിക്കോട്ടെ അക്കാലത്തെ സാഹിത്യ കൂട്ടായ്മകളിലൊന്നും ഇടിച്ചു കയറി ആളാകാൻ കൂട്ടാക്കാത്ത നിസ്വാർത്ഥനും സകലകലാവല്ലഭനുമായ ആ മാധ്യമ പ്രവർത്തകൻ ആത്മകഥ എഴുതിയിരുന്നില്ല. ഇതുവരെ ആരും തന്നെ അദ്ദേഹത്തിന്റെ ജീവചരിത്രവും എഴുതിയില്ല. അങ്ങനെയിരിക്കെയാണ് 2021 ൽ ആ പ്രതിഭയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ഈ പുസ്തക മിറങ്ങുന്നത്.
എത്രയോ കാമ്പുള്ള എഴുത്തുകാരെ വളര്‍ത്തുകയും പ്രശസ്തര്‍ക്കുപോലും ആദ്യപ്രതിഫലം കൊടുത്തയാളായിട്ടും എന്തേ പി.എയ്ക്ക് മാധ്യമ , സാഹിത്യ ചരിത്രത്തിൽ പ്രാമുഖ്യം കിട്ടാതെപോയി എന്ന ചോദ്യം നിരന്തരം ഉയര്‍ത്തുന്ന ഈ പുസ്തകം എഴുതിയ ആളും ചില്ലറക്കാരനല്ല. ചന്ദ്രികയില്‍ 1971 മുതല്‍ സേവനമനുഷ്ഠിക്കുകയും പിഎയുടെ സഹപ്രവര്‍ത്തകനുമായിരുന്ന മുഹമ്മദ് കോയ നടക്കാവ് ആണ് ഗ്രന്ഥകർത്താവ്. ഇടയ്ക്കെല്ലാം ആഴ്ചപ്പതിപ്പിന്റെ കാബിനിലേക്ക് വന്നുകയറാറുള്ള ആ സ്നേഹനിധിയായ പത്രാധിപരുടെ പ്രയത്നം എന്തെന്നറിയാന്‍ ഈ പുസ്തകം വാങ്ങി വായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
( ഫോട്ടോ -ചന്ദ്രിക ആഴചപ്പതിപ്പിന്റെ 1950 ലെ ഒരു കവറിന് മീതെ പുസ്തകം)
വാൽക്കഷ്ണം:
മുസ്ലിം ലീഗ് സ്ഥാപനത്തിൽ മറ്റു രാഷ്ട്രീയ (കമ്യൂണിസ്റ്റുകാർ ) മത വിഭാഗത്തിലെ ആളുകൾ ജോലി ചെയ്തിരുന്നത് ഒറ്റപ്പെട്ടതല്ല. സി.പി.എം ബ്ലോക്ക് പഞ്ചായത്ത് അംഗവും സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനുമായ വ്യക്തി ഉൾപ്പെടെ എത്രയോ പേർ ജോലി ചെയ്തിട്ടുണ്ട്. ഇത്ര വിശാലമായ, സെക്യുലറായ ഉൾക്കൊള്ളൽ ശേഷി മറ്റൊരു രാഷ്ട്രീയ പാർട്ടിയുടെ പത്രത്തിനും അന്നുമിന്നും അവകാശപ്പെടാൻ പറ്റില്ല. അതാണ് സി.എച്ച് പടുത്തുയർത്തിയ ചന്ദ്രികയുടെ ചരിത്രം. ഈ ചരിത്രമൊന്നുമറിയാതെ ഉള്ളിലുള്ള അപര വെറിയും മാലിന്യവും വലിച്ചെറിയുന്ന അൽപജ്ഞാനികളെ ഓർത്താണ് ഈ പുസ്തകക്കുറിപ്പ് എഴുതേണ്ടിവന്നത്.
Comments are closed.