CBI 5-ലെ വിമാന മണ്ടത്തരങ്ങള്‍
സിബിഐ 5 കാണാൻ ശ്രമിച്ചു. സിനിമ എങ്ങിനെയുണ്ടെന്ന് പറയാനല്ല. എങ്ങിനെയുണ്ടാവുമെന്ന് ആദ്യമേ കിട്ടിയ ഒരു സൂചനയെപ്പറ്റിയാണ്.
മരണദിവസം മന്ത്രി ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് വിമാനം കയറിയ തീയതി പറയുന്നത് കേട്ടുകാണും – 2012 ഒക്ടോബർ 21.
ഏകദേശം ഒൻപതര വർഷം മുമ്പ്.
റൺവേയിലുടെ ടേക്കോഫിനായി നീങ്ങുന്ന വിമാനം കാണിക്കുന്നത് പിന്നീടാണ്. ചിറകിനും വാലിനുമിടയിൽ വലതുവശത്ത് വ്യക്തമായി കാണാം റജിസ്ട്രേഷൻ-
വിടി-എൻഎസി.
എയർ ഇന്ത്യയുടെ ഈ ബോയിങ് ഡ്രീംലൈനർ 787 വിമാനം (സീരിയൽ നമ്പർ 36299) നിർമിച്ചത് 2017 ലാണ്. ബോയിങ്ങിൽ നിന്ന് എയർ ഇന്ത്യ ഏറ്റുവാങ്ങുന്നത് 2017 ഒക്ടോബർ പത്തിനും.
ഉണ്ടാക്കുന്നതിന് അഞ്ചുകൊല്ലം മുമ്പേ, ഡൽഹി റൺവേയിൽ നിന്ന്, മരിക്കാൻ പോകുന്ന ഒരു മന്ത്രിയുമായി പറന്നുയർന്ന വിമാനത്തിന്റെ ഉള്ളിലേക്കു കയറിയാലോ-
കാബിന്റെ നിശ്ചല ചിത്രമാണ് ഒപ്പം. ഓരോ വശത്തും മുമ്മൂന്നു സീറ്റുവീതം. നടുക്ക് ഇടനാഴിയും.
ഇനി, എയർ ഇന്ത്യയുടെ പക്കലുള്ള ബോയിങ് 787 ഡ്രീംലൈനർ വിമാനങ്ങളുടെ സീറ്റ് വിന്യാസം താഴെക്കൊടുത്തിരിക്കുന്നത് നോക്കുക.
സിൽമേലെടുത്തത് ബോയിങ് 787 എന്ന ഡ്രീംലൈനറിന്റെ പുറവും ബോയിങ് 737 ന്റെ അകവുമാണ് എന്നർഥം.
ഇതൊക്കെ എന്താ അത്ര വലിയ കാര്യമാണോ, ഇങ്ങിനെ അരിച്ചുപെറുക്കി ഭൂതക്കണ്ണാടിയിലുടെ ആരെങ്കിലും സിനിമ കാണുമോ എന്നൊക്കെ ചോദിച്ചാൽ അതേ എന്നു തന്നെയാണ് ഉത്തരം.
പ്രേക്ഷകൻ ശ്രദ്ധിച്ചില്ലെങ്കിലും, കാണിക്കുന്ന കാര്യങ്ങളിൽ വസ്തുതാപരമായ പിഴവില്ലെന്ന് ഉറപ്പുവരുത്തുന്ന ഒരുപാടു പേർ സിനിമയെടുക്കുന്നുണ്ട്, ലോകമെമ്പാടും.
കാശുമുടക്കി ഇതുകാണാൻ വരുന്നവരോട് ഒരു മിനിമം പരിഗണനയൊക്കെ വേണമെന്നുള്ളവരാണ് അവരൊക്കെ.