കശുമാങ്ങയില് നിന്നും ജാമും മിഠായിയും വരെ 16 വിഭവങ്ങളുമായി ഗവേഷണ കേന്ദ്രം
കശുമാങ്ങയിൽ നിന്നും 16 രുചിയേറിയ വിഭവങ്ങളുമായി മടക്കത്തറയിലെ കശുമാവ് ഗവേഷണ കേന്ദ്രം. കശുമാങ്ങ സിറപ്പ്, ജാം, ചോക്ലേറ്റ്, മിഠായി, ടുട്ടി ഫ്രൂട്ടി, സ്ക്വാഷ്, ആർ ടി എസ് പാനീയം, വൈൻ, അച്ചാർ, കശുമാങ്ങ ചട്ണി, ഹൽവ, വിനാഗിരി, ബിസ്ക്കറ്റ്, പുളിശ്ശേരി, പച്ച കശുവണ്ടി മസാലക്കറി, കശുമാങ്ങ സോഡാ എന്നിവയാണ് രുചിയേറിയ കശുമാങ്ങ ഉത്പന്നങ്ങൾ.
പറങ്കികൾ അഥവാ പോർച്ചുഗീസുകാർ മലയാള കരയിലേക്ക് കൊണ്ടു വന്ന പറങ്കിമാവ് അധിക ചിലവില്ലാതെ പണസഞ്ചി നിറക്കാൻ സഹായിക്കുന്നു. ചേരുമാവ്, പറങ്കിമാവ് എന്നീ പേരുകളിലും കശുമാവ് അറിയപ്പെടുന്നു. 10 വർഷം പ്രായമായ കശുമാവിൽ നിന്നും 10 കിലോ കശുവണ്ടി ലഭിക്കുമ്പോൾ 50 കിലോ കശുമാങ്ങ ആരും ഉപയോഗിക്കാതെ പാഴായി പോകുന്നു.
100 ഗ്രാം കശുമാങ്ങയിൽ 180 മുതൽ 370 മില്ലി ഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ധാതുക്കൾ, ലവണങ്ങൾ എന്നിവയാൽ സമ്പുഷ്ടമായ ഇതിൽ നിർജ്ജലകരണ ഘടകങ്ങൾ ഉള്ളതിനാൽ കോശങ്ങളുടെ സംരക്ഷണത്തിനും യുവത്വം നിലനിർത്താനും പല ജീവിത ശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും കഴിയും.
പക്ഷെ കറയുള്ളത് കൊണ്ട് അധികമാരും ഇത് കഴിക്കാറില്ല. കശുമാങ്ങയുടെ കറ കളയാനും അതിൽ നിന്നും വ്യത്യസ്ത രുചികളുള്ള ഒട്ടേറെ വിഭവങ്ങൾ തയ്യാറാക്കാനുമുള്ള സാങ്കേതിക വിദ്യ കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്തു. മണ്ണുത്തിക്കടുത്ത് മാടക്കത്തറയിലുള്ള കശുമാവ് ഗവേഷണ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന കശുമാങ്ങ യൂണിറ്റിലാണ് ഈ 16 വ്യത്യസ്ത വിഭവങ്ങൾ ഉൽപ്പാദിപ്പിക്കുന്നത്. കശുമാങ്ങയ്ക്ക് ചവർപ്പ് നൽകുന്നത് ടാനിനാണ്.
പഴച്ചാറിൽ കഞ്ഞി വെള്ളം ഒഴിച്ചോ ചവ്വരി കുറുക്കി ചേർത്തോ ചവർപ്പ് മാറ്റിയതിന് ശേഷമാണ് ഇരട്ടി മധുരം ചേർത്ത് പൾപ്പ് ഉണ്ടാക്കുന്നത്. ഇതിൽ നിന്നുമാണ് ജാം, ഹൽവ, മിഠായി, ടുട്ടി ഫ്രൂട്ടി, ചട്ണി എന്നിവ ഉണ്ടാക്കുന്നത്. പച്ച കശുമാങ്ങയിൽ നിന്നുമാണ് അച്ചാറുകൾ ഉണ്ടാക്കുന്നത്. കശുമാങ്ങ നീരിൽ നിന്നുമാണ് സിറപ്പ്, സ്ക്വാഷ്, ആർ ടി എസ് ഡ്രിങ്ക്, സോഡാ, പുളിക്കാത്ത പഴച്ചാർ, വിനാഗിരി, വൈൻ, വീര്യം കുറഞ്ഞ മദ്യം എന്നിവ തയ്യാറാക്കുന്നത്.
Comments are closed.