ആശാരിപ്പണി സുഷിത്തിന് ചോറ് മാത്രമല്ല, മെഡലും നല്‍കും
തൃശൂര്‍: തനിക്ക് ആശാരിപ്പണിയെന്ന് വിളിച്ചു പറയാന്‍ കരിയന്നൂരിലെ സുഷിത്തിന് തെല്ലും മടിയില്ല, അതില്‍ അളവറ്റ സന്തോഷവുമാണ്. കെഎസ് സുഷിത്ത് ഇഷ്ടപ്പെട്ട പണി തുടങ്ങിയിട്ടേയുള്ളു; ഇപ്പോള്‍ ചാലക്കുടി ഐടിഐയില്‍ കാര്‍പെന്ററി വിദ്യാര്‍ത്ഥി. പതിനാലാം വയസ്സ് മുതല്‍ അഛന്റെ വഴി പിന്തുടര്ന്ന് ആശാരിപ്പണി ചെയ്യുന്നു.
കേരള അക്കാദമി ഓഫ് സ്കില്‍സ് എക്സലിന്സ് (കെയ്സ്) നടത്തുന്ന നൈപുണ്യ മേളയുടെ ജില്ലാ, മേഖലാ, സംസ്ഥാന, ദക്ഷിണേന്ത്യാ, ദേശീയ തലങ്ങളില്‍ ജേതാവും അതുവഴി നാടിന്റ അഭിമാനവുമാകാന്‍ കഴിഞ്ഞത് ആ പണി ചെയ്തു കാണിച്ചിട്ടാണ്. അതിലൂടെ കുറെയധികം ചെറുപ്പക്കാര്‍ക്ക് പ്രചോദനമായി മാറിയിരിക്കുന്നു ഈ ഇരുപത്തിരണ്ടുകാരന്.
ആശാരിപ്പണി ഞങ്ങളുടെ ചോറുതന്നെയാണ് എന്ന് പറയാന്‍ മടിയില്ല. ഈ പണി ചെയ്തു വലിയ മെഡലുകളൊക്കെ നേടാന്‍ പറ്റും അല്ലേയെന്ന് ആളുകള്‍ അത്ഭുതത്തോടെയാണ് ചോദിക്കുന്നത്. അതു കേള്‍ക്കുമ്പോള്‍ വലിയ അഭിമാനമാണ്” സുഷിത്തിന്റെ വാക്കുകള്‍.
അനിയനാണ് കെയ്സിന്റെ അറിയിപ്പ് പത്രത്തില്‍ കണ്ട് അപേക്ഷിക്കാന്‍ പറഞ്ഞത്. അപേക്ഷിച്ചു, കിട്ടി. ആദ്യം തൃശൂര്‍ ജില്ലാ തലത്തില്‍ വിജയിയായി. പിന്നെ ജില്ലാ സോണല്‍. അതിലും വിജയിച്ചതോടെ സംസ്ഥാന തലത്തിലേക്ക് എത്തി. അവിടെ വെള്ളി മെഡല്‍. വിജയങ്ങള്‍ ആവര്‍ത്തിക്കുകയും ദക്ഷിണേന്ത്യന്‍ മല്‍സരത്തില്‍ സ്വര്‍ണ മെഡലും ദേശീയ തലത്തില്‍ വെള്ളി മെഡലും നേടിയതോടെ നാട്ടില്‍ സ്വീകരണങ്ങള്‍, തേടിയെത്തി അനുഭവങ്ങള്‍ ചോദിച്ചെത്തുന്നവര്‍ ധാരാളം. കൂടെ അഭിനന്ദനങ്ങളും ആശംസകളും. പിന്നെ ആശാരിപ്പണിക്കാരാകാന് താല്പര്യപ്പെട്ട് എത്തുന്ന സമപ്രായക്കാരുടെ ആവേശം ഇതെല്ലാം ചേര്‍ന്ന് സുഷിത്തിനെയൊരു കൊച്ചു സെലിബ്രിറ്റി തന്നെയാക്കി.
മികച്ച ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പഠിച്ചെത്തിയവരെ പിന്നിലാക്കാന്‍ കരുത്തു പകര്‍ന്നത് നേരനുഭവങ്ങളുടെ കളരി തന്നെ. ഐടിഐയില്‍ ചേര്‍ന്നത് പിന്നീടാണ്. സംസ്ഥാനതലത്തില്‍ എത്തുന്നതുവരെ മല്‍സരങ്ങളുടെ ചട്ടങ്ങള്‍ പോലും കൃത്യമായി അറിയില്ലായിരുന്നു. നാട്ടില്‍ ചെയ്യുന്നതു പോലെയങ്ങു ചെയ്തു. ആത്മാര്‍ത്ഥതയും സൂക്ഷ്മതയും ചെയ്യുന്ന തൊഴിലിനോടുള്ള സമര്‍പ്പണവും ഒട്ടും കുറച്ചില്ല. അതിനു ഫലവുമുണ്ടായി. ഇപ്പോള്‍ കൂടുതല്‍ അറിവും പുതിയ പല വിവരങ്ങളും കൂടിയാണ് ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുന്നത്. നാട്ടിലെപ്പോലെ ഇരുന്നല്ല മല്‍സരങ്ങളില്‍ ആശാരിണിപ്പണി ചെയ്യേണ്ടത്. സുരക്ഷാ ഷൂവും മറ്റു ധരിക്കണം; അങ്ങനെ പലതും. വിജയത്തിന്റെ ഓരോ ഘട്ടം കടക്കുമ്പോഴും കെയ്സ് പരിശീലനം നല്കിക്കൊണ്ടിരുന്നു.
ദേശീയതല വിജയിയായതോടെ ഇന്ത്യയെ പ്രതിനിധീകരിച്ച് 2018 ഒക്ടോബറില്‍ അന്തര്‍ദേശീയ മല്‍സരത്തില്‍ പങ്കെടുത്തതും മറക്കാനാകാത്ത അനുഭവം. യൂറോപ്പിലെ ഹംഗറിയിലായിരുന്നു മല്‍സരം. ലഭിച്ചത് ആറാം സ്ഥാനമാണ്. പക്ഷേ, ആ ആറാം സ്ഥാനത്തിന് ഇന്ത്യ ഒന്നാം സ്ഥാനത്തിന്റെ വിലയാണ് കല്‍പ്പിച്ചത്. കാരണം, ഈ വിഭാഗത്തില്‍ ഇന്ത്യ ആദ്യമായാണ് അന്തര്‍ദേശീയ മല്‍സരത്തില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്ന് ഒമ്പത് ട്രേഡുകള്‍ ഉണ്ടായിരുന്നു. രാജ്യത്തിന്റേതായി പരിശീലകരുമുണ്ടായിരുന്നു.
കൂട്ടായ പ്രവര്‍ത്തനത്തിന്റെയും പ്രയത്നത്തിന്റെയും വിജയം കൂടിയാണ് തന്റേത് എന്ന് സുഷിത്ത് പറയുന്നു. മൂന്ന് അനിയډാരുടെ ജ്യേഷ്ഠനാണ് സുശീത്. കെ ആര് സോമന്റെയും പി വി ശൈലജയുടെയും നാല് മക്കളില്‍ മൂത്തയാള്‍.
ഈ രംഗത്തു തന്നെ തുടരാനാണ് തീരുമാനം. ഇതു വിട്ട് വേറൊരു വഴി തല്‍ക്കാലത്തേക്കെങ്കിലും സുഷിത്തിന്റെ മനസ്സിലില്ല. തനിക്കു കിട്ടിയ ആശംസകള്‍ തന്റെ പിന്നാലെ ഇന്ത്യ സ്കില്‍സ് മേളയിലെ വരാന്‍ പോകുന്ന മത്സരാര്‍ഥികള്‍ക്കു നല്‍കാനും ആ യൂവാവിനു മടിയില്ല.
Comments are closed.