News in its shortest

കണ്ണൂര്‍ സര്‍വകലാശാലയില്‍ പുതിയ 100 തസ്തികകള്‍ കൂടി സൃഷ്ടിക്കും


വളര്‍ത്തുനായ്ക്കളുടെ കടിയേറ്റ് മരിച്ച വൈത്തിരി അംബേദ്കര്‍ ചാരിറ്റി കോളനിയില്‍ രാജമ്മയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വയനാട് കളക്റ്റര്‍ അടിയന്തരസഹായമായി അനുവദിച്ച അയ്യായിരം രൂപയ്ക്ക് പുറമേയാണിത്.

കണ്ണൂര്‍ സര്‍വകലാശാലയില്‍ പുതിയതായി 100 അനധ്യാപകതസ്തികകള്‍ സൃഷ്ടിക്കും. വൈപ്പിന്‍ എളങ്കുന്നപ്പുഴയില്‍ പുതിയതായി പ്രവര്‍ത്തനമാരംഭിച്ച സര്‍ക്കാര്‍ ആര്‍ട്സ് & സയന്‍സ് കോളേജില്‍ കൊമേഴ്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളില്‍ രണ്ട് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തിക വീതം സൃഷ്ടിക്കും.

മോട്ടാര്‍ വാഹന വകുപ്പില്‍ ഇരിട്ടി, നന്മണ്ട, പേരാമ്പ്ര, തൃപ്രയാര്‍, കാട്ടാക്കട, വെളളരിക്കുണ്ട് എന്നീ പുതിയ സബ് ആര്‍.റ്റി. ഓഫീസുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി അറുപത് സ്ഥിരം തസ്തികകളും പന്ത്രണ്ട് താത്കാലിക തസ്തികകളും സൃഷ്ടിക്കും.

കേരള നിയമപരിഷ്‌കരണ കമ്മിഷന്‍ അംഗമായി റിട്ട. ജില്ല ജഡ്ജ് കെ. ജോര്‍ജ് ഉമ്മനെ നിയമിക്കാന്‍ തീരുമാനിച്ചു. കമ്മീഷന്‍ അംഗമായിരുന്ന മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം. കെ. ദാമോദരന്‍ നിര്യാതനായതു മൂലം വന്ന ഒഴിവിലേയ്ക്കാണ് നിയമനം.

പതിനൊന്നിനപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളില്‍ നഗരസഭകളിലും ഓണറേറിയം വ്യവസ്ഥയില്‍ നിയമിക്കുകയും പിന്നീട് പാര്‍ട്ട് ടൈം കണ്ടിജെന്റ് ജീവനക്കാരായി സ്ഥിരപ്പെടുത്തുകയും ചെയ്ത ലൈബ്രേറിയന്‍മാര്‍, ആയമാര്‍, നേഴ്സറി സ്‌കൂള്‍ റ്റീച്ചര്‍മാര്‍ എന്നിവരുടെ മുപ്പത്തിയഞ്ച് ശതമാനം തസ്തികകള്‍ ഫുള്‍റ്റൈം കണ്ടിജെന്റ് തസ്തികകളായി ഉയര്‍ത്തി നിലവിലുളള സ്ഥാപനങ്ങളില്‍ തന്നെ തുടരാന്‍ അനുവദിക്കാന്‍ തീരുമാനിച്ചു. ഇവര്‍ക്ക് മിനിമം പെന്‍ഷന്‍ ഉറപ്പുവരുത്താനും തീരുമാനിച്ചു.

പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആയി വിരമിച്ച കെ.ജെ. വര്‍ഗീസിനെ തിരുവനന്തപുരം ജില്ലയിലെ കോട്ടൂര്‍ ആന പുനഃരധിവാസകേന്ദ്രവും തൃശൂര്‍ ജില്ലയിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കും സ്ഥാപിക്കുന്നതിനുളള സ്‌പെഷ്യല്‍ ഓഫീസര്‍ ആയി നിയമിക്കാന്‍ തീരുമാനിച്ചു. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പദവിയിലാണ് നിയമനം.
എന്‍.ഐ.എ കൊച്ചി ബ്രാഞ്ചിന് ഓഫീസും പാര്‍പ്പിടവും ഉള്‍പ്പെടെയുളള സമുച്ചയം പണിയുന്നതിന് എച്ച്.എം.റ്റിയ്ക്ക് അനുവദിച്ച ഭൂമിയില്‍ നിന്ന് മൂന്ന് ഏക്കര്‍ അനുവദിക്കാന്‍ തീരുമാനിച്ചു.

കേരള കയര്‍ത്തൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ ദിവസവേതാനാടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന പത്തൊമ്പത് ജീവനക്കാരെ സ്ഥിരപ്പെടുത്തിയ ഉത്തരവ് റദ്ദാക്കിയ തീരുമാനം മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചു.
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷനില്‍ (കില) 1990 മുതല്‍ അഞ്ച് താത്കാലിക ഗാര്‍ഡനര്‍മാരെ സ്ഥിരപ്പെടുത്തിയ ഉത്തരവ് റദ്ദാക്കിയത് പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചു.

ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി. ശ്രീനിവാസിന് കശുവണ്ടി വകുപ്പിന്റെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു.

ബി. അബ്ദ്ദുള്‍ നാസറിനെ ഹൗസിംഗ് കമ്മീഷണറായി നിയമിക്കാന്‍ തീരുമാനിച്ചു. ഹൗസിംഗ് ബോര്‍ഡ് സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹത്തിന് ഉണ്ടാവും.

Comments are closed.